മലയാള സിനിമ ഇപ്പോഴും ഫീൽ ഗുഡ് സിനിമകളുടെ പിറകെ തന്നെയാണ് എന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം കൂടി..അതാണ്‌ ലോനപ്പന്റെ മാമോദീസ. ഫീൽ ഗൂഡിന്റെ കൂടെ ഇത്തിരി മോട്ടിവേഷനും ദാരിദ്രവും കഷ്ടപ്പാടും കൂടി ആയാൽ ഉഷാറായില്ലേ….അതൊക്കെ പ്രേക്ഷകന്റെ കണ്ണു നിറയുന്ന രീതിയിൽ അഭിനയിക്കാൻ കഴിവുള്ള ജയറാമേട്ടൻ കൂടി ആകുമ്പോൾ….

🔥The Good – ടോൾസ്റ്റോയ് ലോനപ്പൻ എന്നറിയപ്പെടുന്ന നമ്മുടെ പ്രധാനകഥാപാത്രം പറയുന്ന കഥകൾക്ക് ഒരു ആത്മാവുണ്ട്. സിനിമയിൽ ജയറാമേട്ടന്റെ ശബ്ദം അതിനു ഒത്തിരി സാഹായകരം ആയിട്ടുണ്ട്. മനുഷ്യമനസ്സ് കഥകളിലൂടെ പ്രതിഫലിപ്പിക്കുന്ന ഒന്നുരണ്ട് സീനുകൾ സിനിമയുടെ ഹൈലൈറ്റ് ആണ്. മടുപ്പിക്കുന്ന രംഗങ്ങൾക്കിടയിലാണ് ഇവ വരുന്നത് എങ്കിൽ പോലും ഹൃദയസ്പർശി ആയിരുന്നു.

🔥The Bad – എന്തിനും നെഗറ്റീവ് പറയുന്ന, ഒരുപാട് പ്രായമായിട്ടും കെട്ടിച്ചു വിടാൻ കഴിയാത്ത 3 സഹോദരിമാരുള്ള, കഴിവുണ്ടായിട്ടും വീട്ടിലെ കഷ്ടപ്പാട് കാരണം ഉപരിപഠനം പൂർത്തിയാക്കാൻ കഴിയാത്ത ടിപ്പിക്കൽ മലയാളസിനിമ കഷ്ടപ്പാട് നായകൻ ഫോർമാറ്റിൽ കഥ പറയുമ്പോൾ പലപ്പോഴും ഒരു അന്തിപരമ്പരയുടെ ഫീലോക്കെ കടന്നു വരുന്നുണ്ട്. നായികയായ അന്ന എന്തുകൊണ്ട് നായകനെ ഇഷ്ടപ്പെടുന്നു എന്നതൊക്കെ ഒരു സസ്പെൻസ് പടത്തിനുള്ള ത്രെഡ് ആയി പിന്നീട് മാറ്റി വെച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.

നായകന്റെ ജീവിതത്തിൽ വരുന്ന വലിയൊരു കോൺഫ്ലിക്റ്റ് നമുക്ക് മുന്നിലേക്ക് കാണിച്ചു ഒന്നിനു പിറകെ ഒന്നായി തിരിച്ചടികൾ മാത്രം കാണിക്കുമ്പോൾ പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപ്പലക കാണുന്നുണ്ട്. എന്നിട്ട് അവസാനം തന്നിലെ സർഗാത്മകതയെ നായകൻ തിരിച്ചറിഞ്ഞു അതിലൂടെ വിജയം കണ്ടെത്തുമ്പോൾ എവിടെയോ എന്തൊക്കെയോ കുറവുള്ളത് പോലെ പ്രേക്ഷകന് തോന്നുന്നു. ഒരു വ്യക്തതയുള്ള ക്ലൈമാക്സ് പ്രേക്ഷകർ അർഹിക്കുന്നു.

🔥Engaging Factor – ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ കണ്ടുപഴകിയ കഥയും കഥാസന്ദർഭങ്ങളും തന്നെയാണ് ഈ സിനിമയും. കഥയിൽ ചെറുതെങ്കിലും ഒരു കോൺഫ്ലിക്റ്റ് വരുന്നത് ഇടവേളയോട് കൂടിയാണ്. അതുവരെ വലിച്ചിലും രണ്ടാം പകുതിയിൽ ഓവറായ മെലോഡ്രാമയും കൂടി ആകുമ്പോൾ അത്രയ്ക്ക് സുഖകരമല്ല തിയേറ്ററിലെ അവസ്ഥ.

🔥Last Word – ട്രെൻഡുകൾ മാറുന്നത് മനസ്സിലാക്കാത്ത സംവിധായകനും നടനും ഒന്ന് ചേരുമ്പോൾ പഴയ ഫോർമാറ്റിൽ ഒരു കഥയും പഴയ സിനിമയും ലഭിക്കും. ഞാൻ പ്രകാശൻ പോലെ പഴയ കഥയിൽ നിന്നും നല്ലൊരു എന്റർടൈനർ ഉണ്ടാക്കുക എന്നത് ശ്രമകരമാണ് എന്ന് ഈ സിനിമ കണ്ടപ്പോൾ മനസ്സിലായി. ലോനപ്പന്റെ മാമോദീസ ഇടയ്ക്കിടെ മാത്രം വെളിച്ചം നൽകുന്ന ഒരു വിളക്കായി മാറുന്നു.

🔥Verdict – Mediocre