ഒരു സിനിമ കണ്ടിട്ട് അടുത്ത ഷോയ്ക്കുള്ള ടിക്കറ്റ് കൂടി കിട്ടുമോ എന്ന് നോക്കുന്ന അവസ്ഥ എന്നെ സംബന്ധിച്ച് ഇതേവരെ ഉണ്ടായിട്ടില്ല. പക്ഷെ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ… വീണ്ടും ഒന്നുകൂടി കണ്ടാലോ എന്ന് തോന്നിപ്പോയി…അത്രമേൽ മനോഹരമാണ് ഈ സിനിമ. സ്വാഭാവികമായും ഈ പോസ്റ്റ് വായിക്കുന്നവർക്ക് വലിയൊരു പ്രതീക്ഷയൊക്കെ ഉണ്ടാകും. ഒരുപക്ഷെ നിങ്ങളുടെ പ്രതീക്ഷയെ ഈ സിനിമ തൃപ്തിപ്പെടുത്താതെ ഇരിക്കാം..ഞാൻ പറയുന്നത് എന്റെ കാര്യമാണ്.കുമ്പളങ്ങി ഭാഗത്തു ഒരുപാട് സുഹൃത്തുക്കൾ ഉള്ള, അവിടെ പോയിട്ടുള്ള എന്നെ സംബന്ധിച്ച് ഈ സിനിമയിലെ പല കാര്യങ്ങളും എന്നോട് കണക്റ്റ് ചെയ്യുന്നവ ആയിരുന്നു.

ഇതിപ്പോ എന്താ പറയുക… സാധാരണ ഫോർമാറ്റിൽ പറയേണ്ട ആവശ്യം ഒന്നുല്ല. കാരണം ഞാൻ ഈ സിനിമയിൽ നല്ലതല്ലാത്തതായി ഒന്നും തന്നെ കണ്ടില്ല. പടം തുടങ്ങിയപ്പോൾ മുതൽ അവസാനം വരെ ഒരു ചെറു പുഞ്ചിരിയോടെ കണ്ടിരിക്കാം. മനസ്സ് നിറഞ്ഞു തന്നെ തിയേറ്ററിൽ നിന്നും ഇറങ്ങാം.

🔥The Good – ഒറ്റകാഴ്ചയിൽ തന്നെ ഒരുപാട് ഇഷ്ടപ്പെട്ട ഈ സിനിമയുടെ ഒരു ഫാൻ എന്ന നിലയിൽ പറയട്ടെ..ഇതിൽ പോസിറ്റീവ്സ് മാത്രമേ ഉള്ളൂ..ഡയലോഗുകൾ ആണ് ഹൈലൈറ്റ്. ഒരുപാട് ചിരിപ്പിക്കുന്ന കൗണ്ടറുകൾക്കു പുറമെ മാനുഷിക വികാരങ്ങൾ കൃത്രിമത്വം ഇല്ലാതെ ചുരുങ്ങിയ വാക്കുകളിൽ നമുക്ക് കേൾക്കാം.

ഷൈൻ നിഗത്തിന്റെ കൂടെയുള്ള കൂട്ടുകാരൻ തന്റെ കാമുകിയെ കല്യാണം കഴിക്കാൻ തീരുമാനിച്ച വിവരം ഒരു ബാറിൽ നിന്നും പറയുമ്പോൾ അവർ തമ്മിലുള്ള സംഭാഷണം, സഹോദരങ്ങൾ അവരുടെ അമ്മയെ പറ്റി പറയുന്നത്, തന്നെ ആശുപത്രിയിൽ കൊണ്ട് പോകാൻ സൗബിൻ പറയുന്നത്, ഷൈനും നായികയും തമ്മിലുള്ള സംഭാഷണങ്ങൾ തുടങ്ങി തുടക്കം മുതൽ ഒടുക്കം വരെ നല്ല നല്ല സംഭാഷണങ്ങൾ മൂലം സിനിമ ജ്വലിച്ചു നിൽക്കുന്നു.

അടുത്തതായി എക്‌സ്‌പോസിഷൻ.. സിനിമയിൽ വരുന്ന ഓരോ കഥാപാത്രങ്ങളും എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമായി ധാരണയുള്ള ഒരു തിരക്കഥ. ചെറിയ വേഷം ആണെങ്കിൽ പോലും ഓരോരുത്തരും തിളങ്ങി നിൽക്കുന്നു. എല്ലാവരും മത്സരിച്ചു അഭിനയിച്ചു കയ്യടി നേടുന്നതു കണ്ടിട്ടുണ്ടോ? കണ്ടേ പറ്റൂ..കണ്ടില്ലെങ്കിൽ…. ഞാനൊന്നും പറയുന്നില്ല!

പ്രകടനത്തെ പറ്റി പറയുമ്പോൾ സൗബിൻ ഷാഹിർ മനസ്സിൽ നിറഞ്ഞു നിൽക്കും. അയാളുടെ ജീവിതശൈലി, അനുജന്മാരോടുള്ള സ്നേഹം, തുടങ്ങി ആ കഥാപത്രത്തോടു ഒരുപാട് ഇഷ്ടം തോന്നും. ഷൈൻ നന്നായി ചിരിച്ചു നിറഞ്ഞു നിൽക്കുന്ന സിനിമയാണ്. പക്ഷെ ബോബ്ബിയുടെ കഥാപാത്രത്തിനും ഒരുപാട് ലയറുകൾ ഉണ്ട്. മിതത്വത്തോട് കൂടി ഷൈൻ കൈകാര്യം ചെയ്ത നല്ലൊരു കഥാപാത്രം.

ശ്രീനാഥ്‌ ഭാസിയെ പറ്റി തിരക്കഥ നൽകുന്ന ഒരു ചിന്ന ട്വിസ്റ്റ്‌ ഉണ്ട്. കഥയുടെ ഒഴുക്കിൽ മാത്രം വെളിപ്പെടുന്ന ഒന്ന്. ബോണി എന്ന കഥാപാത്രം കിടു ആണ്. ശ്രീനാഥ്‌ നല്ല തകർപ്പൻ ആയി സബ്‌ടൈൽ ആയി അവതരിപ്പിച്ച ഒന്ന്. നായികയുടെ പേര് അറിയില്ല. പക്ഷെ ഒന്നറിയാം… നല്ല കഴിവുള്ള, ഡയലോഗ് മോഡുലേഷൻ ഉള്ള ഒരു കലാകാരിയാണ്. മലയാളസിനിമയിൽ ഇനിയും നിറഞ്ഞു നിൽക്കണം.

ഷമ്മിയെ അവതരിപ്പിച്ച ഫഹദിനെ പ്രകടനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ടോപ് ലീഗിൽ ഉള്ള ഒരു നടൻ ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതും ഫഹദ് ഉണ്ടായിട്ടും ഒരു ഫഹദ് ചിത്രം എന്ന നിലയിൽ ഈ സിനിമയേ പ്രൊമോട്ട് ചെയ്യാതെ, ഇരുന്നതും ഒക്കെ ഏറെ ബഹുമബം അർഹിക്കുന്നു.

പിന്നെ സിനിമയിലെ ബാക്കിയുള്ള കഥാപാത്രങ്ങൾ… ഏവരും അവരവരുടേതായ നിലയിൽ കയ്യടി നേടുന്നുണ്ട്. ഫുട്ബോൾ കളിക്കുന്ന കുട്ടികൾ പോലും…

ഷൈജു ഖാലിദിന്റെ മികച്ച ഛായാഗ്രഹണവും, സുഷിൻ ശ്യാമിന്റെ പാട്ടുകളും ഈ രാത്രികൾക്ക് ഭംഗിയേകാൻ സഹായിക്കുന്നു. ശ്യാം പുഷ്ക്കരൻ ഇനി രണ്ടു വരി കഥ എഴുതിയാലും ഞാൻ അതിനു ഫാൻ ആയിപ്പോകും..അതാ അവസ്ഥ!

🔥The Bad – 404

🔥Engaging Factor – ഹഹ… ഇടവേള വരുന്നത് പോലും ആരോചകം ആയി തോന്നും. അത്രമേൽ അടിമപ്പെടുത്തുന്നുണ്ട് ഈ രാത്രികൾ!

🔥Repeat Value – ഞാൻ നാളെ കാലത്തുള്ള ഷോ ആൾറെഡി ബുക്ക്‌ ചെയ്തു കഴിഞ്ഞു. രണ്ടു തവണയിൽ ഒതുങ്ങും എന്നും തോന്നുന്നില്ല.

🔥Last Word – 2018 മുതൽ 2019 ന്റെ ഇന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ച മലയാളസിനിമ. മാത്രമല്ല… ഞാൻ കണ്ട സിനിമകളുടെ മൊത്തം ലിസ്റ്റ് എടുത്താൽ എല്ലാ ഭാഷയിലും കൂടി നോക്കിയാൽ അതിന്റെ ടോപ് ടെൻ ലിസ്റ്റിൽ ഈ സിനിമ വരും. അത്രമേൽ ഇഷ്ടപ്പെട്ടു.

🔥Verdict – Excellent