സന്താനം നായകനായ ദില്ലുക്കു ദുട്ട് നല്ലൊരു ഹൊറർ സ്പൂഫ് ആയിരുന്നു. മുനി കാഞ്ചന ഡാർലിംഗ് തുടങ്ങിയ സിനിമകൾ തുടങ്ങി വെച്ച ട്രെൻഡിന്റെ കുത്തൊഴുക്കിൽ പെട്ടു വന്ന കുറേ ഹൊറർ സിനിമകളെ കണക്കിന് കലായ്ച്ച ആ സിനിമ നല്ലൊരു ഹിറ്റും ആയിരുന്നു. അതിന്റെ രണ്ടാം ഭാഗം എന്ന് പറയുമ്പോൾ പതിവുപോലെ എല്ലാ സിനിമകളുടെ രണ്ടാം ഭാഗവും പോലെ നല്ല അസ്സലായി പ്രേക്ഷകനെ നിരാശപ്പെടുത്തുന്നുണ്ട്.

🔥The Good – പ്ലോട്ട് ലൈൻ രസകരമാണ്. അയൽവാസികൾക്ക് ശല്യമായ ഒരു നായകൻ. അയാളുടെ ചെയ്തികൾക്ക് പകരമായി നല്ലൊരു പണി കൊടുക്കാൻ നാട്ടുകാർ തീരുമാനിക്കുന്നു. അപ്പോഴാണ് നായികയെ പറ്റി അറിയുന്നത്. നായികയുടെ അച്ഛൻ ഒരു ദുർമന്ത്രവാദി ആയതിനാൽ ആര് അവളോട്‌ I Love You പറഞ്ഞാലും പ്രേതം അവനെ തീർക്കും. നായകൻ നായികയെ പ്രേമിക്കുമ്പോൾ പണി കിട്ടുമെന്ന് കരുതി നാട്ടുകാർ ഒത്താശ ചെയ്യുന്നു. കഥ വികസിക്കുന്നു.

സന്താനം ചെയ്യുന്ന Insulting Jokes ചിലതൊക്കെ കിടു ആയിരുന്നു. എന്നാൽ നല്ല നല്ല ജോക്സ് എല്ലാം ടീസറിലും ട്രൈലറിലും കാണിക്കുന്നതിനാൽ സിനിമയിൽ കാര്യമായി ഒന്നുമില്ല.

🔥The Bad – ഈ സിനിമയിൽ സ്പൂഫ് എലമെൻറ്റ് തീരെ കുറവാണ്. അതുപോലെ കഴിഞ്ഞ ഭാഗത്തിലെ പോലുള്ള ക്രിയേറ്റീവ് ആയുള്ള കോമഡികൾ ഒന്നും ഇല്ലാതെ ഫ്‌ളാറ്റ് ആണ്.

ഹൊറർ കോമഡികളെ കളിയാക്കുന്ന ഒരു സിനിമയുടെ രണ്ടാം ഭാഗം അവർ കളിയാക്കിയ സിനിമയുടെ അതേ പാറ്റേണിൽ പോകുക എന്നതാണ് വലിയ പ്രശ്നം. മൊട്ട രാജേന്ദ്രന്റെ പല കൗണ്ടറുകളും കോമഡിയാകാതെ വൻ ട്രാജഡിയുമായി തീരുന്നു.

ചോറ്റാനിക്കരയൊക്കെ വൻ ദുർമന്ത്രവാദം നടക്കുന്ന സ്ഥലമാണ് എന്നൊക്കെ പറഞ്ഞു തന്നെ സിനിമയ്ക്ക് നന്ദി. എറണാകുളത്തു ജനിച്ചു വളർന്നിട്ടും ഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ ഭഗവതീ..

🔥The Ugly – കൊമേഡിയൻ ആയിരുന്നപ്പോൾ നായകന്മാരുടെ ഓവർ ഹീറോയിസം പലപ്പോഴും കളിയാക്കിയ ആളാണ്‌ സന്താനം. എന്നാൽ സ്വയം ഹീറോ ആയപ്പോൾ അതേ മാങ്ങാ ഹീറോയിസം സ്വയം അഭിനയിക്കുന്നത് എന്തൊരു ദ്രാവിഡാണ്. എന്തായാലും ഹീറോ ആയത്തോടു കൂടി ആര്യക്കും ഉദയനിധിയ്ക്കും ജീവയ്ക്കും മാത്രമല്ല, സന്താനത്തിനും കൂടി പണി കിട്ടിയിട്ടുണ്ട്.

🔥Engaging Factor – ചുമ്മാ രസത്തിനു കണ്ടിരിക്കാം. സമയം പോകുന്നത് അറിയില്ല. പക്ഷെ തീയേറ്ററിൽ വേണമെന്ന് നിർബന്ധം ഇല്ല.

🔥Last Word – വീണ്ടുമൊരു രണ്ടാം കൂടി തൃപ്തിപ്പെടുത്താതെ കടന്നു പോകുന്നു. സന്താനം പഴയ പോലെ കൊമേഡിയൻ ആയി തിരികെ വരണം എന്ന് ആഗ്രഹിക്കുന്നു.

🔥Verdict – Below Average