മലയാളസിനിമയിൽ ഇറങ്ങുന്ന ഫീൽ ഗുഡ് സിനിമകളുടെ ശ്രേണിയിലേക്ക് ഒരു സിനിമ കൂടി എന്ന് പറഞ്ഞു ചെറുതാക്കാവുന്ന ഒന്നല്ല ജൂൺ. കമിങ് ഒഫ് ഏജ് സിനിമകൾ അധികം കണ്ടു ശീലിച്ചിട്ടില്ലാത്ത മലയാസിനിമയ്ക്ക് ഒരു മുതൽകൂട്ടാകുന്നു ജൂൺ. സിനിമയിൽ വന്നു ചേരുന്ന നൊസ്റ്റാൾജിയ പ്രേക്ഷകനെ കൈയിലെടുക്കാനുള്ള തന്ത്രമായി തോന്നിപ്പിക്കാതെ ആത്മാർത്ഥമായി പ്രേക്ഷകർക്ക് പങ്കു വയ്ക്കുമ്പോൾ നിലയ്ക്കാത്ത കയ്യടികളോടെ സിനിമ കണ്ടു പ്രേക്ഷകർ ഇറങ്ങുന്ന കാഴ്ച നമുക്ക് കാണാം.

🔥The Good – ഒരു കമിങ് ഒഫ് ഏജ് സ്റ്റോറി നല്ല വൃത്തിയായി പറഞ്ഞ വിധം. അഭിനയിച്ച എല്ലാവരും തന്നെ തങ്ങളുടെ റോൾ ഭംഗിയാക്കുമ്പോൾ ചിരിക്കാനും, നൊമ്പരപ്പെടാനും മനസ്സറിഞ്ഞു ഒന്ന് സന്തോഷിക്കാനുമൊക്കെ പ്രേക്ഷകനും സാധിക്കുന്നു. ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന പ്രേക്ഷകന് പരമാവധി അവളെ അടുത്തറിയാൻ കഴിഞ്ഞത് തന്നെയാണ് സിനിമയുടെ വിജയം.

രജീഷ തന്റെ കഥാപാത്രത്തോട് പരമാവധി നീതി പുലർത്തിയിട്ടുണ്ട്. പല ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ജൂൺ എന്ന കഥാപാത്രത്തെ ഇത്രമേൽ മനോഹരമാക്കി മാറ്റിയതിനു റജീഷയ്ക്കു അഭിനന്ദനങ്ങൾ. ജൂണിന്റെ സഹപാഠികളുടെ വേഷങ്ങൾ ചെയ്ത എല്ലാ അഭിനേതാക്കളും മികച്ചു നിന്നു. ജോജു, അർജുൻ അശോകൻ, തുടങ്ങിയ സിനിമയിലെ സപ്പോർട്ടിങ് കാസ്റ്റ്കളും നന്നായിരുന്നു.

നല്ല ഫ്ലോയിൽ ഒരേ പേസിങ്ങിൽ പോകുന്ന കഥയിൽ ഒരിടത്ത് പോലും നമുക്ക് മുഷിപ്പ് തോന്നുന്നില്ല. നർമ രംഗങ്ങളും മറ്റുമായി മുന്നേറുന്ന ആദ്യപകുതിയും ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ മാറി മാറി വരുന്ന ആളുകളും ക്ലിഷേ ഒഴിവാക്കിയ നല്ലൊരു ക്ലൈമാക്‌സും ഒക്കെയായി ജൂൺ നല്ലൊരു സിനിമ അനുഭവം ആകുന്നുണ്ട്.

🔥The Bad – ഒരുപാട് പാട്ടുകൾ സിനിമയിലുണ്ട്. പല പ്രധാന സംഭവങ്ങളും പ്രേക്ഷകരോട് സംവദിക്കുന്നത് പാട്ടുകളിലൂടെയാണ്. ഈ പാട്ടുകൾ രണ്ടാം പകുതിയിൽ ഒരുപാട് വന്നു ചേരുമ്പോൾ ചെറിയൊരു മുഷിച്ചിൽ ഉണ്ടാക്കുന്നുണ്ട്. സംവിധായകൻ പാട്ടുകളെ ഒരുപാട് ആശ്രയിക്കുന്നുവോ എന്നൊരു തോന്നൽ ഉണ്ടാക്കുന്നു.

🔥Engaging Factor – നേരത്തെ പറഞ്ഞത് പോലെ നല്ല ഫ്ലോയിൽ മുന്നോട്ടു പോകുന്ന കഥയാണ് സിനിമയുടേത്. യാതൊരു മടുപ്പിമില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു കൊച്ചു സിനിമ.

🔥Last Word – “ഫീൽ ഗുഡ്” സിനിമകളെ പുച്ഛിക്കുന്ന പുതിയ ട്രെൻഡ് തുടക്കമിട്ട കാര്യമൊക്കെ അറിഞ്ഞു. ഫീൽ “ഗുഡ്”അല്ലേ? ബാഡ് അല്ലല്ലോ… ഈ സിനിമ കണ്ടു നിങ്ങൾക്ക് നല്ലത് അല്ലാതെ മോശമായി ഒന്നും തോന്നില്ല. അതുറപ്പ്!

🔥Verdict – Good