തുടർച്ചയായി രണ്ടു ഹിറ്റ്‌ സിനിമകൾ നൽകിയ ശേഷം കാർത്തി ഒരു റൊമാന്റിക് സിനിമയിൽ അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ കാട്രൂ വെളിയിടയ് പോലുള്ള ഒരു പാതി വെന്ത പ്രണയകഥ ആകല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. ഒരു ഹാട്രിക് മിസ്സ്‌ ആകരുതല്ലോ…പക്ഷെ അതിനേക്കാൾ വലിയൊരു നിരാശയാണ് ദേവ് സമ്മാനിച്ചത്.

🔥The Good – ഒരുപാട് വിദേശരാജ്യങ്ങളിൽ ചിത്രീകരിച്ച മനോഹരമായ ഫ്രെയിമുകൾ കാണാം. കാർത്തിയെ സുന്ദരനായി സ്‌ക്രീനിൽ കാണാം. കള്ളചിരിപ്പിലൂടെ ഹൃദയം കീഴടക്കിയ അമുത ശ്രീനിവാസനെ വലിയ സ്ക്രീൻ സ്‌പേസിൽ സിനിമയിൽ കാണാം. കാർത്തിയുടെ കൂടെ മുമ്പുള്ള സിനിമയിൽ ഒരു മന്ദബുദ്ധി കഥാപാത്രവുമായി വന്ന രകുൽ പ്രീത് ഇത്തവണ കുറച്ചു ബോൾഡ് ആയ ഒരു കഥാപാത്രവുമായി എത്തി. ഇത്രയും നല്ലത് കണ്ടെത്തിയത് തന്നെ കുറേ ആലോചിച്ചിട്ടാണ്.

🔥The Bad – അനാവശ്യമായി ഒരുപാട് വലിച്ചിഴച്ച രംഗങ്ങളാണ് സിനിമയുടെ പ്രശ്നം. നായികയും നായകനും തമ്മിലുള്ള പ്രണയമാണ് കഥ. നായികയുടെ കഥാപാത്രത്തിന്റെ എക്‌സ്‌പോസിഷൻ പറഞ്ഞു കഴിയുമ്പോൾ അവർ തമ്മിലുള്ള പ്രണയം സക്സസ് ആകുമോ എന്നൊരു ആകാംക്ഷ ഉണ്ടാകുന്നു. അത് ഇടവേളയ്ക്കു മുൻപ് തന്നെ തീരുന്നുമുണ്ട്. പിന്നീടുള്ള ക്ലൈമാക്സ് വരെയുള്ള രംഗങ്ങൾ നല്ല ഇഴച്ചിൽ ഫീൽ ചെയ്യിക്കുന്നുണ്ട്.

നായകനും നായികയും പിരിയാനുള്ള കാരണവും പിന്നീട് നായകന്റെ ലൈഫിൽ വരുന്ന ഡയമെൻഷനും ഒന്നും അത്ര കൺവിൻസിംഗ് ആയി തോന്നിയില്ല. നായികയുടെ കഥാപാത്രം കുറച്ചു ഡെപ്ത് ഉള്ളതാണ് എന്നൊക്കെ തോന്നിപ്പിക്കും എങ്കിലും പിന്നീടുള്ള സീനുകളിലൂടെ ഒരു സാധാ കഥാപാത്രം ആക്കി മാറ്റുന്നു. ഹിലാരി സ്റ്റെപ്‌സിൽ ഓക്സിജൻ മാസ്ക് ഇല്ലാതെ പോകുന്നതൊക്കെ വൻ കോമഡി ആയി തോന്നി.

ഹാരിസ് ജയരാജ് ഈണമിട്ട പാട്ടുകൾ ഒന്നും തന്നെ മനസ്സിൽ തങ്ങി നിൽക്കുന്നവ അല്ലായിരുന്നു. പാട്ടുകളുടെ പ്ളേസ്മെന്റ് വല്യ പ്രശ്നമായി തോന്നിയില്ല.

🔥Engaging Factor – അനാവശ്യമായി വലിച്ചു നീട്ടുന്നു എന്നൊരു തോന്നൽ തീർച്ചയായും ഉണ്ടാകും. കാരണം അത്തരത്തിൽ ആണ് സിനിമയുടെ മേക്കിങ്. അതിനാൽ പലയിടങ്ങളിലായ് ബോറടി അനുഭവപ്പെടും.

🔥Last Word – കാർത്തിക്ക് ഒരു ഹാട്രിക് മിസ്സ്‌ ആയതിൽ സങ്കടമുണ്ട്. അതിലും സങ്കടം രണ്ടര മണിക്കൂർ നഷ്ടമായതിൽ ആണ്. നല്ല വിദേശ ലൊക്കേഷനുകളും സ്റ്റൈലിഷ് ആയ നായകനെയും നായികയെയും കാണാം എന്നുള്ളതല്ലാതെ വേറേ ഒന്നും തന്നെയില്ല.

🔥Verdict – Average