ബി ഉണ്ണികൃഷ്ണന്റെ സിനിമകളിൽ ഇന്നേ വരെ ഹാസ്യത്തിനു പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമകൾ ഉണ്ടായിട്ടില്ല. ജനപ്രിയനായനെ നായകൻ ആക്കുമ്പോൾ ഹാസ്യത്തിന് പ്രാധാന്യം കൂടുക സ്വാഭാവികം തന്നെ. എന്നാൽ സിനിമയിലെ സീരിയസ് കാര്യങ്ങളുടെ ഇടയിലും ഈ ഹാസ്യം ഒരു വിനയാകുന്നതാണ് ഈ സിനിമയിൽ നാം കാണേണ്ടി വരുന്നത്. ബാലൻ വക്കീലിന്റെ കേസന്വേഷണത്തെ ഒരു പടി പിറകിലേക്ക് പോകാൻ നിർബന്ധിക്കുകയാണ് ഈ സിനിമയിലെ ഹാസ്യരംഗങ്ങൾ.

🔥The Good – അതിബുദ്ധിമാനായ ഒരു വക്കീൽ കഥാപാത്രവും അയാൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും നല്ല രീതിയിൽ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ പ്രകടനം തൃപ്തികരം. ഒരു അന്വേഷണ സിനിമ എന്ന് പറയുമ്പോൾ ഉണ്ടാകുന്ന വഴിത്തിരിവുകളും നന്നായിരുന്നു.

🔥The Bad – ബാലൻ വക്കീലിനോട് അളിയനായ പോലീസുകാരൻ ഒരു ഡിവോഴ്സ് കേസ് ഏൽക്കാൻ പറയുന്നിടത്തു നിന്നാണ് സിനിമയുടെ യഥാർത്ഥ കഥ തുടങ്ങുന്നത്. ക്യാരക്ടർ എക്‌സ്‌പോസിഷൻ എന്ന പേരിൽ അത് വരെ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ എല്ലാം അസഹനീയം ആയിരുന്നു. ഭീമൻ രഘു അവതരിപ്പിച്ച കഥാപാത്രത്തേക്കാൾ അരോചകം ആയിരുന്നു അയാളുടെ അഭിനയം. അജു വർഗീസും ദിലീപും ചേർന്നുള്ള കോമ്പിനേഷൻ ഏറ്റവും മോശവും ആകുന്നത് ഈ സിനിമയിൽ ആണ്.

ആവശ്യത്തിനും അനാവശ്യത്തിനും ചളികൾ കുത്തിക്കേറ്റി നിറയ്ക്കുന്നതിനാൽ സീരിയസ് ആയ പല കാര്യങ്ങളും വരെ കോമഡി ആകുന്നുണ്ട്. ഇടവേളയോട് കൂടി നായകന്റെ ട്രാൻസ്ഫോർമേഷൻ സീനോട് കൂടി കഥ സീരിയസ് ആകുമെന്ന് വെച്ചാൽ അതുമില്ല. വീണ്ടും ചളികൾ നമ്മെ സ്വാഗതം ചെയ്യുന്നുണ്ട്.

നായകന്റെ ഹീറോയിസം കാണിച്ച ശേഷം അയാളുടെ ഭൂതകാലം ചെറുതായി കാണിക്കുന്നു. ആളൊരു കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആയിരുന്നു. അപ്പോൾ പിന്നെ കൊല്ലാനും കൊല്ലിക്കാനും അനുഭവം കാണുമല്ലോ.. എല്ലാ കമ്യൂണിസ്റ്റും അത്തരക്കാർ ആണോയെന്ന ക്ലിഷേ ചോദ്യം ആരും ആവർത്തിക്കരുത്. അക്രമ രാഷ്ട്രീയം എന്നതിനോടപ്പം ചേർത്തു വായിക്കാൻ പറ്റുന്ന ഒരേ ഒരു പ്രസ്ഥാനമേ ഇന്നുള്ളൂ. മലയാളസിനിമയിലെ നായകന്മാരിൽ മാത്രം കണ്ടു വരുന്ന കമ്മി ഹീറോയിസം ഇതിലെ നായകന് ചാർത്തി കൊടുത്തതിൽ കഥയിൽ കാര്യമായ പ്രസക്തി ഒന്നുമില്ല. കമ്മി സിനിമാറ്റിക് യൂണിവേഴ്സിന്റെ ഒരു സ്പിൻ ഓഫ് അത്ര മാത്രം.

കേസന്വേഷണത്തെ കുറിച്ച് പറയുമ്പോൾ ഒരുപാട് ലോജിക്കൽ ലൂപ് ഹോളുകൾ നമുക്ക് കാണാം. ഒരുപാട് സിനിമാറ്റിക് ലിബർട്ടി എടുത്താണ് ഈ സിനിമയുടെ ക്ലൈമാക്സ് അടക്കം ചിത്രീകരിച്ചിരിക്കുന്നത്.

🔥Engaging Factor – കുറച്ചൊക്കെ കട്ട ചളികൾ സഹിക്കാം എങ്കിൽ രണ്ടര മണിക്കൂർ തരക്കേടില്ലാതെ മുന്നോട്ടു പോകാം. കാര്യമായ ബോറടിയൊന്നും സിനിമ നൽകുന്നില്ല.

🔥Last Word – വികടകുമാരൻ എന്ന സിനിമയേ അനുസ്മരിപ്പിക്കുന്ന പോലെ പലയിടങ്ങളിലും തോന്നിയാലും ഒരു ദിലീപ് ബ്രാൻഡ് സിനിമ നൽകുന്ന ആസ്വാദനം ഈ ബാലൻ വക്കീലും നൽകുന്നുണ്ട്. രാമലീലയും കമ്മാരനും ഒക്കെ ഒരുപാട് തൃപ്തി നൽകിയപ്പോൾ ബാലൻ വക്കീൽ ഒന്ന് രണ്ടു പടി താഴ്ന്നു ആവറേജിൽ ഒതുങ്ങി. അമിത പ്രതീക്ഷ ഇല്ലാതെ വികടകുമാരൻ ലെവൽ പടം എന്നൊക്കെ പ്രതീക്ഷിച്ചു കണ്ടാൽ ഇഷ്ടപ്പെടാം.

🔥Verdict – Watchable