Mr&Ms റൗഡി കാലം തെറ്റി ഇറങ്ങിയ ഒരു സിനിമയാണ്. പണ്ട്…തൊണ്ണൂറുകളിൽ ജഗദീഷ് സിദ്ധിക്ക് മുകേഷ് കൂട്ടുകെട്ടുകളിൽ ഇറങ്ങുന്ന സിനിമകൾ ഫോളോ ചെയ്യുന്ന പാറ്റേണിൽ ഉള്ള ഈ സിനിമയ്ക്ക് ആകെയുള്ള വ്യത്യസ്തത അന്നത്തെ സിനിമകൾ പോലെ ചിരിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ്. ഇന്നും പുതുമയുള്ള നർമരംഗങ്ങൾ അന്നത്തെ സിനിമകൾക്ക് അവകാശപ്പെടാൻ ആകുമ്പോൾ ഈയിടെയായി ഇറങ്ങുന്ന മലയാളത്തിലെ കോമഡി സിനിമകൾ എന്ന് കേൾക്കുമ്പോൾ സത്യത്തിൽ നല്ല പേടി ആകുന്നുണ്ട്.

🔥The Good – പ്രത്യക്ഷത്തിൽ നല്ലത് എന്ന് പറയത്തക്ക ഒന്നുമില്ല. പിന്നെ ചുമ്മാ കണ്ടിരിക്കാം. സമയം കളയാൻ നല്ലതാ…എവിടെയെങ്കിലും കട്ട പോസ്റ്റായി ഇരിക്കുക ആണെങ്കിൽ..കുമ്പളങ്ങി നാലിൽ കൂടുതൽ കണ്ടു കഴിഞ്ഞെങ്കിൽ…ഒന്ന് കേറാം.

അപർണ ഈയിടെയായി ചെയ്തു വരുന്ന സ്ഥിരം റോളുകളിൽ ഒന്ന് തന്നെ ആണെങ്കിലും അപർണ്ണ-കാളിദാസ് കോംബോ സീനുകൾ നന്നായിരുന്നു. ഇരുവരുടെയും കെമിസ്ട്രി നന്നായി വർക്ഔട്ട് ആയിട്ടുണ്ട്.

🔥The Bad – യാതൊരു പുതുമയും ഇല്ലാത്ത പഴഞ്ചൻ കഥ അതേ പഴകിയ സ്റ്റൈലിൽ തന്നെ നമ്മോട് പറഞ്ഞ വിധം അറുബോർ ആയിരുന്നു. ആത്മാർത്ഥമായി ചിരിക്കാൻ പറ്റുന്ന കോമഡി സീനുകൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് വേണം പറയാൻ.

ഒരു റോം കോം ആയി മുന്നേറുന്ന കഥയിൽ രണ്ടാം പകുതിയിൽ ത്രില്ലർ എലമെന്റ് കൊണ്ട് വരാൻ നോക്കിയ വിധമൊക്കെ ശോകം ആയിരുന്നു. ക്ലൈമാക്സ് ഒക്കെ മലയാസിനിമയെ പഴയ തൊണ്ണൂറുകളിലേക്ക് ടെക്ക്നിക്കലി കൊണ്ടുപോകുന്നത് പോലെ ആയിരുന്നു.

ജിത്തു സിനിമകളിൽ സ്ഥിരം കണ്ടു വരുന്ന പ്ലാസ്റ്റിക് ഡയലോഗുകൾ ഇവിടെയും രസം കൊല്ലി ആകുന്നുണ്ട്.ഇത്രയും ആർട്ടിഫിഷ്യൽ സംഭാഷങ്ങൾ ഇക്കാലത്തും എഴുതുന്നതൊക്കെ എന്തിനെന്നു ഇനിയും മനസ്സിലാകുന്നില്ല. സായ്കുമാർ ചെയ്ത പോലുള്ള ക്ലിഷേ കഥാപാത്രങ്ങൾക്ക് ഇനിയും അന്ത്യം ആയിട്ടില്ല എന്ന് സിനിമ തെളിയിക്കുന്നു.

🔥Engaging Factor – രണ്ടര മണിക്കൂർ ആയി വലിച്ചു നീട്ടിയ കഥ ഇടയ്ക്കിടെ ബോറൻ സീനുകളാൽ നല്ല ലാഗിംഗ് ഉണ്ടാക്കുന്നുണ്ട്. എന്നാലും ചുമ്മാ കണ്ടിരിക്കാം. അസഹനീയം അല്ല.

🔥Last Word – തന്റെ സിനിമകളിൽ ചെറിയ സീനുകളിൽ പ്രത്യക്ഷപ്പെടുന്ന ജീത്തു ഇത്തവണയും വരുന്നുണ്ട്. ടിയാന്റെ സംഭാഷണം ഇപ്രകാരം ആണ്. “അപ്പോൾ ഇത് ഓടില്ലേ?”…

ഈ ഡയലോഗ് ക്ലൈമാക്സിൽ ആയിരുന്നേൽ ഞാൻ ആത്മാർത്ഥമായി ഉത്തരം പറഞ്ഞേനെ…

🔥Verdict – Below Average