2019 ൽ റിലീസായ തെലുങ്ക് സിനിമകളിൽ ഏറ്റവും വലിയ ലാഭം നേടിയ സിനിമകളിൽ ഒന്നാണ് F2. വെങ്കിടേഷ്,വരുൺ തേജ്, തമന്ന, മെഹ്‌റീൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ നേടിയ ഗംഭീരവിജയം കണ്ടു രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങൾ കൂടി തുടങ്ങിയിരിക്കുന്നു.

തന്റെ ഭാര്യയുടെ ശല്യം സഹിക്കാൻ പറ്റാത്ത ഒരു ഭർത്താവും, താൻ കല്യാണം കഴിക്കാൻ പോകുന്ന കാമുകിയുടെ ശല്യം സഹിക്കാൻ പറ്റാത്ത ഒരു കാമുകന്റെയും കഥയാണ് F2. വിവാഹത്തിന് മുമ്പുള്ള വെങ്കിയുടെ ജീവിതവും വിവാഹശേഷമുള്ള വെങ്കിയുടെ ജീവിതവും കുറച്ചൊന്നുമല്ല ചിരിപ്പിക്കുന്നത്. അതേ സമയം ഹണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേഹ്‌റീൻ എല്ലാവരെയും പിന്തള്ളി ശ്രദ്ധ പിടിച്ചു പറ്റുന്നു.

രണ്ടാം പകുതി ഒരു വലിയ വീടും കുറേ കഥാപാത്രങ്ങളും ആൾമാറാട്ടവും ഒക്കെയായി ക്രേസി മോഹൻ സിനിമകളുടെ ഒരു ഫീൽ നൽകുന്നു. രാജേന്ദ്രപ്രസാദിന്റെ പോർഷൻ ഞാൻ നന്നായി എൻജോയ് ചെയ്ത ഒന്നാണ്. മൊത്തത്തിൽ രണ്ടര മണിക്കൂർ ആസ്വദിച്ചു കണ്ടിരിക്കാവുന്ന നല്ലൊരു കോമഡി എന്റർടൈനർ.