ത്യാഗരാജൻ കുമാരരാജയുടെ ആരണ്യകാണ്ഡം തമിഴ് സിനിമയുടെ നാഴികക്കല്ലുകളിൽ ഒന്നാണ്.ഒരൊറ്റ ദിവസത്തെ കഥ പറയുന്ന ഈ സിനിമ ഏകദേശം ഒന്നര വർഷം എടുത്താണ് പൂർത്തിയാക്കിയത്. പൂർത്തിയാക്കിയ ശേഷം തന്റെ സർഗാത്മകത അപ്രകാരം തന്നെ ചിത്രീകരിച്ച ത്യാഗരാജനു സിനിമയിൽ ഏകദേശം 52 കട്ട് വേണമെന്ന സെൻസർ ബോർഡിന്റെ ആവശ്യം നേരിടേണ്ടി വന്നു.

ചെന്നൈയിലെ ഗുണ്ടകളും അവരുടെ ജീവിതരീതിയും കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന മാനദണ്ഡവും ആൺആധിപത്യം നിറഞ്ഞ ഭൂമിയിലെ സ്ത്രീകളുടെ അവസ്ഥയും കഥ പറയുമ്പോൾ ലൈംഗികതയും മോശം വാക്കുകളും അടക്കമുള്ള പല സീനുകൾക്കു മേലെയും സെൻസർ കത്രിക വീഴുന്നു. തന്റെ പ്രേക്ഷകർക്ക് നീതി നൽകി സിനിമ കട്ട് ഇല്ലാതെ നൽകണം എന്നുള്ള സംവിധായന്റെ നിയമ പോരാട്ടത്തെ തുടർന്ന് വിജയം കൈവരിക്കുന്നു.

തമിഴിലെ ആദ്യത്തെ Neo Noir സിനിമ എന്ന ലേബലിൽ പുറത്തിറങ്ങിയ സിനിമയിലെ ഒരൊറ്റ ഫ്രെയിം പോലും മോശം എന്ന് പറയാനൊക്കില്ല. അതുപോലേയാണ് കഥാപാത്രങ്ങളും ഓരോ കഥാപാത്രങ്ങളും അത്രമേൽ മനസ്സിൽ പതിയുന്നു. അവർ പറയുന്ന സംഭാഷണങ്ങൾ സിനിമ കണ്ടു വർഷങ്ങൾ കഴിഞ്ഞാലും ഓർമയിൽ ഉണ്ടാകും. അതാണ്‌ ആ സിനിമ നൽകുന്ന സിഗ്നേച്ചർ.

ജാക്കി ഷ്‌റോഫ്, സമ്പത്, യാസ്മിൻ, രവികൃഷ്ണ, ഗുരു സോമസുന്ദരം തുടങ്ങിയ താരനിര മത്സരിച്ചു അഭിനയിച്ചിരിക്കുന്ന ചിത്രം. അവരുടെ മുൻചിത്രങ്ങളിലെ യാതൊരു മാനറിസവും കാണാൻ പറ്റില്ല എന്നു മാത്രമല്ല, നമ്മുടെ കണ്മുന്നിൽ ആ കഥാപാത്രങ്ങളെ കാണാം.

തമിഴ് സിനിമയിൽ വന്ന മാറ്റങ്ങൾ സീരിയസ് ആയി ഫോളോ ചെയ്യുന്ന സിനിമാപ്രേമി തീർച്ചയായും കണ്ടിട്ടുണ്ടാകുന്ന സിനിമയാണ് ആരണ്യകാണ്ഡം. ഒരു നിയോ നോയർ ക്രൈം ത്രില്ലർ എന്ന രീതിയിൽ മാത്രമല്ല, ഒരു റിയൽ ക്ലാസിക് ആയും കണക്കാക്കാം ഈ സിനിമയേ. ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.