അഭിഷേക് ചൗബേയുടെ സിനിമാറ്റിക് ലാംഗ്വേജ് അറിയാവുന്നവർക്ക് അദ്ദേഹത്തിൽ നിന്നും എന്നും ക്വാളിറ്റിയുള്ള സിനിമ പ്രതീക്ഷിക്കാം. ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല, ചമ്പൽകാടുകളിലെ കൊള്ളക്കാരുടെ കഥ പറയുന്ന സോൺചിരയ്യ എത്രത്തോളം ആത്മാർത്ഥമായി പ്രേക്ഷകർക്ക് റിയാലിറ്റി ഫീൽ നൽകാൻ പറ്റുമോ അത്രയും ഭംഗിയായി നൽകിയിട്ടുണ്ട്. അതിനാൽ തന്നെ സിനിമയുടെ ഭാഷ Bundelkhandi ആണ്.

🔥The Good – ഒരു മൃഗത്തിന്റെ ശവത്തിനു ചുറ്റും പറക്കുന്ന ഈച്ചകളിൽ നിന്നും തുടങ്ങുന്ന സിനിമയുടെ പശ്ചാത്തലം ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടം ആണ്. സിനിമയുടെ പോളിറ്റിക്സ് എന്താണെന്ന് കൃത്യമായി ബോധ്യമുള്ള ചൗബേ അന്നത്തെ കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥ പച്ചയായി തുറന്നു പറയുന്നുണ്ട്.

തന്റെ സിനിമയിൽ അഭിനേതാക്കൾ പെർഫെക്ട് ആയി കാസ്റ്റിംഗ് നടക്കണം എന്നുള്ള നിർബന്ധമുള്ള ഒരു സംവിധായകന് മാത്രമേ ഇത്രയും കഴിവുള്ള അഭിനേതാക്കളെ പെർഫെക്റ്റ് ആയി തിരഞ്ഞെടുക്കുവാൻ കഴിയൂ.. മനോജ്‌ ബാജ്പേയ്, സുശാന്ത് സിംഗ്, രൺവീർ ഷോറെ, ഭൂമി, അശുതോഷ് റാണ മുതൽ സിനിമയിൽ ഒന്ന് രണ്ടു സീനുകളിൽ വരുന്നവർ വരെ ജീവിച്ചു എന്ന് പറയാം.

ഠാക്കൂർ വംശത്തിൽ പിറന്ന കൊള്ളക്കാരുടെ കഥ പറയുമ്പോൾ ജാതി ഇതിൽ പ്രധാനഘടകം ആണ്. ഒരു ഭാഗിയുടെ കടമ എന്താണ് എന്ന് പറയുന്നതു മുതൽ സിനിമയിൽ ഓരോ കഥാപാത്രങ്ങൾക്കും ജാതീയത എത്രത്തോളം പ്രധാനമാണ് എന്ന് പ്രേക്ഷകന് കൃത്യമായി ഒരു ഐഡിയ നൽകുന്നുണ്ട്. ജാതു വ്യവസ്ഥ പുരുഷന്മാരെ വേർതിരിക്കാൻ ഉള്ളതാണ് എന്നും സ്ത്രീകൾ എന്നും താഴെയാണ് എന്ന് പറയുന്ന സംഭാഷണങ്ങളും സ്ത്രീകളുടെ അവസ്ഥയും ഞെട്ടിക്കുന്നവ തന്നെ ആയിരുന്നു.

മാൻ സിംഗ് എന്ന തലവന്റെ നേതൃത്വത്തിൽ ഉള്ള കൊള്ളസംഘത്തിൽ തന്നെ ഈ ജീവിതം തുടരാൻ ആഗ്രഹിക്കാത്തവരും തങ്ങളുടെ കറുത്ത ഭൂതകാലം ഒരു പ്രേതത്തെപോലെ വേട്ടയാടുന്നവരും ഉണ്ട്. ഒരു സമൂഹം തന്നെ തങ്ങളെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് മാൻ സിങ്ങിനും സംഘത്തിനും അറിയാം, പിന്തുടരുന്ന പോലീസിനും ചില ലക്ഷ്യങ്ങൾ ഉണ്ട്, ഒരു ഘട്ടത്തിൽ സാഹചര്യങ്ങളാൽ ഒരു സ്ത്രീയും 12 വയസ്സുള്ള ഒരു പെൺകുട്ടിയും ഇവരുടെ കൂടെ പ്രയാണം ചെയ്യുന്നു. അതേ തുടർന്നുള്ള മാറ്റങ്ങൾ സിനിമ പറയുമ്പോൾ കഥാപാത്രങ്ങൾ എല്ലാം തന്നെ മനസ്സിൽ മായാതെ നിൽക്കുന്നു.

ഭൂമി പഠനേക്കരുടെ കഥാപാത്രമാണ് മനസ്സിൽ ആദ്യം എത്തുന്നത്. വളരെ ഡാർക് ആയുള്ള ഒരു ബാക്സ്റ്റോറിയാണ് ആ കഥാപാത്രത്തിന് ഉള്ളത്. ഭൂമിയുടെ പ്രകടനം കൊണ്ട് ജീവൻ വെയ്ക്കുന്ന ഒരു കഥാപാത്രം, മനോജ്‌ ബാജ്പേയ് എന്ന നടനെ ഇനിയും ഇഷ്ടപ്പെടാത്തവർ ഉണ്ടെങ്കിൽ ഈ സിനിമ കണ്ടു കഴിയുമ്പോൾ നിങ്ങളുടെ ഫേവ് ആകും. തീർച്ച! ഒരുപാട് ലയറുകൾ ഉള്ള കഥാപാത്രം. കൊള്ളയടിക്കാൻ വരുന്ന വീട്ടുകാരോടുള്ള സമീപനം മുതൽ റിഡെംപ്ഷൻ തേടുന്ന യാത്ര വരെ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന ഒരാൾ.

സുശാന്ത് സിംഗ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. സുശാന്ത് എന്ന താരത്തെ ഒരിക്കലും നമുക്ക് കാണാൻ കഴിയില്ല. അത്രത്തോളം അർപ്പണം തന്റെ കഥാപാത്രത്തിന് നൽകിയിട്ടുണ്ട്. രൺവീർ ഷോറെയെ ഇനിയും ബോളിവുഡ് ഉപയോഗിക്കണം എന്നാഗ്രഹിക്കുന്നു. ഇത്രയും റേഞ്ച് ഉള്ള നടന്മാർ കുറവാണ്. വകീൽ സിംഗ് ആയി ജീവിച്ചു എന്ന് പറയാം. അശുതോഷ് റാണ പതിവ് പോലെ വെറുപ്പ് പിടിച്ചു പറ്റുന്നു എങ്കിലും തിരക്കഥ അദ്ദേഹത്തെയും ഒരു ഘട്ടത്തിൽ ഹീറോ ആക്കുന്നു. ഗംഭീര പ്രകടനം ആയിരുന്നു.

പ്രധാനമായും ഊഹിക്കാൻ പറ്റാത്ത നിലയിൽ കഥ നീങ്ങുന്നതാണ് ഹൈലൈറ്റ്. കണ്ടു മടുത്ത ക്ലിഷേ സീനുകൾ വരുന്നില്ല, നമ്മൾ ഊഹിക്കുന്ന പോലെയും കഥ നീങ്ങുന്നില്ല. ഡാർക് ആയ, ആഴത്തിൽ പതിയുന്ന കഥകളും ട്വിസ്റ്റുകളും കുറച്ചൊന്നുമല്ല ഇമ്പ്രെസ്സ് ചെയ്യിക്കുന്നത്.

Out Of The Box ആയുള്ള ചില സീനുകൾ ഗംഭീരം ആണ്. തന്റെ ഭർത്താവിന്റെ പിതാവ് താഴ്ന്ന ജാതിയിലേ 12 വയസ്സുള്ള ഒരു കുട്ടിയെ റേപ് ചെയ്യുന്നത് കാണുന്ന നായിക അയാളെ വധിക്കുന്നു. പക്ഷെ സമൂഹത്തിലേ ജാതിവ്യവസ്ഥയും ദുരഭിമാനവും എത്രത്തോളം മനുഷ്യനെ അസുരനാക്കുന്നു എന്ന് പിന്നീടുള്ള സീനുകൾ നമുക്ക് കാണാം. റേപ്പ് ചെയ്തവനെ കൊന്നു എന്ന കുറ്റത്തിന് നായികയുടെ മകൻ തന്നെ അമ്മയുടെ കരണത്തടിക്കുകയും കൊല്ലാൻ പോകുന്നതുമൊക്കെ എത്രത്തോളം ഭീകരമാണ് ജാതിചിന്ത എന്ന് നമ്മെ ഓർമപ്പെടുത്തുന്നു.

🔥The Bad – ചൗബേയുടെ സിനിമാ ഭാഷ മനസ്സിലാകാത്തവർക്ക് ഒന്ന് സെറ്റിൽ ആകാൻ സമയം എടുക്കും. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഭാഷയും ഒരു ഘടകം ആകും അതിൽ. പക്ഷെ മൂഡിലേക്ക് വീണു കിട്ടിയാൽ… കിടു എക്സ്പീരിയൻസ് കാത്തിരിക്കും.

🔥Engaging Factor – നീഷേ ഓഡിയൻസിനുള്ള സിനിമയാണ്. സാമ്പത്തികലാഭം ഒന്ന് മനസ്സിൽ കാണാത്ത ആളുകൾ നിർമിച്ച കച്ചവടചേരുവകൾ ഇല്ലാത്ത സിനിമ. ആ മനസ്സോടെ കണ്ടാൽ തിരക്കഥ ആവശ്യപ്പെടുന്ന വേഗതയിൽ നല്ലൊരു അനുഭവം ലഭിക്കും.

🔥Last Word- പൊടി പറക്കുന്ന അത്യുഷ്ണമുള്ള ചമ്പൽ കാടുകളുടെ ഫ്രെയിമുകളും ആകാംക്ഷയുണർത്തുന്ന പശ്ചാത്തല സംഗീതവും ശക്തമായ തിരക്കഥയോടൊപ്പം ഗംഭീര പ്രകടനത്താൽ പൊതിഞ്ഞു നമുക്ക് ലഭിക്കുമ്പോൾ… Masterpiece!!

🔥Verdict – Excellent