ടർക്കിഷ് ഹൊറർ ത്രില്ലർ ആയ സിജ്ജീൻ രണ്ടാം ഭാഗം വളരെ ദാരുണമായ രണ്ടു സീനുകളിലൂടെയാണ് തുടങ്ങുന്നത്. ഒരാൾ ആത്മഹത്യ ചെയ്യുന്ന ഭയപ്പെടുത്തുന്ന ഒരു രംഗത്തിനു പുറമെ, ഒരു വലിയ അലമാര രണ്ടു വയസ്സുള്ള ഒരു കുട്ടിയുടെ മേലെ വീഴുന്ന ഹൃദയം തകരുന്ന കാഴ്ചയാണ് ആദ്യത്തെ പത്തു മിനുട്ടിൽ നമുക്ക് നൽകുന്നത്. അലമാര ഉയർത്തി മാറ്റാൻ കഴിയാതെ കുട്ടിയുടെ ഉമ്മ കരയുന്നതും പരന്നൊഴുകുന്ന ചോരയും സിനിമയുടെ മൊത്തത്തിലുള്ള മൂഡ് വിളിച്ചു പറയുന്നു.

സിജ്ജീൻ സീരീസ് കൈകാര്യം ചെയ്യുന്നത് ആഭിചാരദുർമന്ത്രവാദങ്ങൾ അഥവാ കൂടോത്രം ആണ്. തുർക്കിയിൽ ആയിരക്കണക്കിന് ആളുകൾ ഈ ക്രിയകളിൽ ഏർപ്പെടുന്നു എന്ന് സിനിമ പറയുന്നു. തന്റെ രണ്ടു വയസ്സുള്ള മകനെ നഷ്ടപ്പെടുന്ന ഹിജ്റാൻ ആരാണ് തലമുറകൾ കടന്നു പോകുന്ന ഈ ആഭിചാരം തന്റെ മേൽ ചെയ്തത് എന്നറിയുവാനുള്ള യാത്രയാണ് ഈ ചിത്രം.

ആദ്യസിനിമയേക്കാൾ കുറച്ചു പതിഞ്ഞ താളത്തിൽ ആണ് ഈ സിനിമയുടെ ആഖ്യാനം. വലിയ സംഭവവികാസങ്ങൾ ഒന്നും ആദ്യത്തെ പകുതിയിൽ നടക്കുന്നില്ല. പിന്നീട് പതുക്കെ പതുക്കെ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നു. മനസ്സിനെ അസ്വസ്ഥമാക്കുന്ന വയലൻസ് സീനുകൾ ആവോളമുള്ള ഈ സിനിമ ഒരു സസ്പെൻസോടു കൂടി അവസാനിക്കുന്നു.

ഒന്നര മണിക്കൂറിൽ താഴെ മാത്രം നീളമുള്ള ഈ സിനിമ ഹൊറർ പ്രേമികൾക്കും ത്രില്ലർ പ്രേമികൾക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ആഖ്യാനരീതി പിന്തുടരുന്ന സിനിമയാണ്.