Badla കാണാൻ ആഗ്രഹിക്കുന്നവർ ഈ റിവ്യൂ വായിക്കാതെ ഇരിക്കുക. സ്പാനിഷ് ത്രില്ലർ Invisible Guest കണ്ടിട്ടുള്ള, Badla കാണാൻ ആഗ്രഹിക്കാത്തവർ തുടർന്ന് വായിക്കുക.

🔥The Good – പിങ്ക് കണ്ട ശേഷം അമിതാഭ് വക്കീൽ ആയി എത്തുന്ന, തപ്‌സി കുറ്റാരോപിതയായി എത്തുന്ന അടുത്ത സിനിമ എന്ന നിലയിൽ ഈ സിനിമ കാണുമ്പോൾ ക്ലൈമാക്സിലെ സസ്പെൻസിനു ആക്കം കൂടുന്നുണ്ട്. സ്പാനിഷ് ചിത്രം കണ്ടു ഏകദേശം മുക്കാൽ ഭാഗം ആയപ്പോൾ തന്നെ സിനിമയിലെ ട്വിസ്റ്റ്‌ ഊഹിക്കാൻ പറ്റിയിരുന്നു. അതിനാൽ Invisible Guest ഒരു മഹത്തായ ട്വിസ്റ്റ്‌ ഉള്ള സിനിമ എന്നൊന്നും അഭിപ്രായമില്ല. പക്ഷെ Badla യിലേക്ക് പറിച്ചു നടുമ്പോൾ അമിതാഭ്-തപ്‌സി-പിങ്ക് ഫാക്ടർ ഒരു നല്ല എഫക്ട് നൽകുന്നുണ്ട്. കൂടാതെ Gender Reversal നൽകിയ വിധവും അമൃത സിംഗിന്റെ പ്രകടനവും ആ കഥാപാത്രത്തിന് നൽകിയ ഡയമെൻഷനും കൂടി ആകുമ്പോൾ സ്പാനിഷ് സിനിമ കാണാത്തവർക്ക് ക്ലൈമാക്സ് ഒരു ഉഗ്രൻ ട്വിസ്റ്റ്‌ ആയി മാറുന്നുണ്ട്.

Badla ഇന്ത്യൻ കൽച്ചറിലേക്ക് പറിച്ചു നട്ട ഒരു സിനിമയല്ല. ബ്രിട്ടൻ ആണ് കഥാപശ്ചാത്തലം. ഒരേ സമയം തന്നെ Whodunnit, Howdunnit എന്നീ ചോദ്യങ്ങൾക്കു ഉത്തരം തേടുന്ന ഒരു കുറ്റാരോപിതയും വക്കീലും തമ്മിലുള്ള സംഭാഷണങ്ങളും ഫ്‌ളാഷ്ബാക്കും നമുക്ക് കാണാം. ഒരു സ്ട്രൈറ്റ് റീമേയ്ക്ക് തന്നെയാണ് ബദ്‌ല. സിനിമയുടെ പേരിൽ തന്നെ സ്പോയ്ലർ ഉണ്ടെന്നൊക്കെ ചിലർ പറയുന്നത് കണ്ടു. അങ്ങനെ ഒന്നുമില്ല. ഇടവേളയോട് കൂടി തന്നെ തപ്‌സി-അമൃത സിംഗ് കോൺഫ്ലിക്റ്റ് തുടങ്ങുന്നു എന്നും ഇത് അമൃതയുടെ പ്രതികാരം എന്ന നിലയിൽ പ്രേക്ഷകനെ കൺവിൻസിംഗ് ആക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

പ്രകടനപരമായി അമൃത സിംഗ് ആണ് മനസ്സിൽ ആദ്യം പതിയുന്ന മുഖം. അവർ കടന്നു പോകുന്ന സാഹചര്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഒക്കെ ഭംഗിയായി സ്‌ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട്. തപ്‌സിയുടെ പല ഡയമെൻഷൻ ഉള്ള കഥാപാത്രം പല സീനുകളിലും ഒരു ദുരൂഹത ഉണ്ടാക്കുന്നുണ്ട്. അതെല്ലാം കൺവിൻസിംഗ് ആയി തന്നെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

തന്റെ ശബ്ദം വളരെ നന്നായി ഉപയോഗിച്ച അമിതാഭിന്റെ മറ്റൊരു സിനിമ. സ്പാനിഷ് സിനിമ കണ്ടവർക്ക് മനസ്സിൽ വരുന്ന ഒരു ചോദ്യമുണ്ട്, ഇതിൽ അമിതാഭിന്റെ റോൾ എങ്ങനെ കൃത്യമായി ഉപയോഗിക്കും എന്നത്. ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്.

സിനിമയുടെ പശ്ചാത്തല സംഗീതം മറ്റൊരു നായകൻ എന്ന് തന്നെ പറയാം. നിശബ്ദത പോലും ചിലയിടങ്ങളിൽ ത്രില്ലടിപ്പിക്കുന്ന അനുഭവം ആണ്.

രാജ്യം കണ്ട മികച്ച നടന്മാരാണ് മോഹൻലാലും കമലഹാസനും അമിതാഭ് ബച്ചനും. ഇവരുടെ ഫിലിമോഗ്രഫി എടുത്താൽ ഒരുപാട് വിദേശ സിനിമകൾ ഒഫിഷ്യൽ ആയും അൺഒഫിഷ്യൽ ആയും റീമേയ്ക്ക് ചെയ്തത് കാണാം. റീമേയ്ക്ക് ഒരിക്കലും ഒരു മോശം സംഭവമായി കരുതുന്നില്ല. ഒറിജിനൽ സിനിമ ഒറിജിനൽ തന്നെയാണ്. പക്ഷെ ടെക്‌നോളജി വളർന്നപ്പോൾ ഒറിജിനൽ കണ്ടു അത് മാത്രമേ അംഗീകരിക്കൂ എന്നൊക്കെ ബാലിശമായി സിനിമ കാണാതെ ജഡ്ജ് ചെയ്യുന്ന ആളുകൾക്ക് പറ്റിയ ഒരു സിനിമയല്ല ഇത്. റീമെയ്ക്കുകൾ ചുമ്മാ തലവെട്ടി ഒട്ടിച്ചു ഉണ്ടാക്കുന്നവയല്ല, ഒരു സിനിമയുടെ പരിശ്രമം തന്നെ ഇവിടെയുമുണ്ട്. എത്രയൊക്കെ ശ്രമിച്ചാലും താരതമ്യം ഒഴിവാക്കാൻ ചിലപ്പോൾ സാധിച്ചെന്നു വരില്ല. പക്ഷെ ഒന്നുണ്ട്, ഈ സിനിമയിലും പോസിറ്റീവുകൾ ഉണ്ട്.

🔥The Bad – സിനിമയിൽ കുറവുകൾ ഒന്നും കാണുന്നില്ല. പക്ഷെ ഒറിജിനലിനേക്കാൾ മികച്ച ഒരു റീമേയ്ക്ക് എന്ന ടാഗ് സ്വന്തമാക്കിയ ഈ സിനിമയെ പലരും അംഗീകരിക്കാൻ മടിക്കും എന്നതാണ് ഞാൻ കാണുന്ന ഒരു കുറവ്. Yes! ചില സിനിമകൾ ഒറിജിനലിനെ വെല്ലും.. അത്തരത്തിൽ ഒന്ന്!

🔥Engaging Factor – Invisible Guest നല്ല പേസിൽ ബോറടിപ്പിക്കാത്ത ഒരു സിനിമ ആയിരുന്നു. Badla ചില മാറ്റങ്ങളൊക്കെ വരുത്തിയപ്പോൾ കുറച്ചുകൂടി ഗ്രിപ്പിങ് ആയി എന്ന് വേണം പറയാൻ. രണ്ടു മണിക്കൂർ ആകാംക്ഷയുടെ പിടിച്ചിരുത്തുവാൻ കഴിയുന്നുണ്ട്.

🔥Last Word – വളരെ നല്ലൊരു ത്രില്ലർ. ഒരേ ഒരു പ്രശ്നം എന്തെന്നാൽ ഒറിജിനൽ കണ്ടവർക്ക് സസ്പെൻസ് ആസ്വദിക്കാൻ പറ്റില്ല എന്നതാണ്. അതിനാൽ തന്നെ സ്പാനിഷ് ചിത്രം കാണാത്തവരോട് അസൂയ തോന്നുന്നു.

🔥Verdict – Very Good