അലവലാതി ഷാജി തുടങ്ങുന്നത് തന്നെ സീരിയൽ നിലവാരത്തിലേ ഒരു സീനിൽ നിന്നാണ്. തങ്ങളുടെ പുരയിടത്തിന്റെ ആധാരം ഒരു പണക്കാരൻ മുതലാളിയുടെ കൈവശം ആണെന്നും അത് വേണം എങ്കിൽ കൊച്ചുമകളെ മുതലാളിയുടെ ഗസ്റ്റ് ഹൗസിൽ എത്തിക്കേണ്ടി വരും എന്ന് കരഞ്ഞു പറയുന്ന ഒരു വൃദ്ധ അടുത്ത സീനിൽ കൊച്ചുമകളെയും കൊണ്ട് മുതലാളിയുടെ വീട്ടിലേക്കു പോവുകയാണ്. എന്നിട്ട് മുതലാളിയുടെ ഗസ്റ്റ് ഹൗസിന്റെ തിണ്ണയിൽ ഇരുന്നു കരയുകയാണ്. സ്വാഭാവികമായും നായകന്റെ എൻട്രിയും മറ്റും പിന്നീട് വരും എങ്കിലും ആദ്യത്തെ 15 മിനുട്ട് കണ്ടവർ എഴുന്നേറ്റു ഓടിയില്ലെങ്കിൽ അവരെ അടിച്ചൊടിക്കണം മിസ്റ്റർ നാദിർഷ!

ഷാജി എന്ന് പേരുള്ള മൂന്ന് പേർ പരസ്പരം കണ്ടുമുട്ടുന്ന രസകരമായ ഒരു കഥാതന്തു ഒരുവട്ടം കണ്ടിരിക്കാൻ പറ്റുന്ന തരത്തിൽ പോലും എടുക്കാൻ കഴിയാത്ത സംവിധായകനെ നമുക്ക് കാണാം. ഒരു കോമഡി സിനിമ എന്ന പേരിൽ ഇറങ്ങിയ ഈ സിനിമ കണ്ടു ചിരിച്ചവരെ ഒന്ന് കണ്ടാൽ പൊട്ടിച്ചിരിക്കാമായിരുന്നു. ധര്മജന്റെ ചില കോപ്രായങ്ങ രസമായി തോന്നി എന്നതല്ലാതെ യാതൊന്നും തന്നെയില്ല.

ആസിഫ് – നിഖില ലവ് ട്രാക്ക് സിനിമയിൽ വരുമ്പോൾ ആണ് ഒരു കഥ എന്ന നിലയിൽ എന്തേലും ഫീൽ ചെയ്യുന്നത്. എന്നാൽ അതും ടിപ്പിക്കൽ രക്ഷകൻ ഫോർമാറ്റിൽ തന്നെ എത്തുമ്പോൾ നിരാശയാണ് ഫലം. ബൈജുവിന്റെ പ്രകടനം ആശ്വാസകരം ആയിരുന്നു.

രഞ്ജിനിയുടെ കഥാപാത്രത്തോട് എന്ന വ്യാജേന പറയുന്ന ഡയലോഗുകൾ ഒക്കെ കേട്ടപ്പോൾ…സത്യത്തിൽ ഇതൊക്കെ കേട്ടു ചിരിക്കുന്നവരോട് സഹതാപം തോന്നിപ്പോയി. സ്ത്രീയെ പുകഴ്ത്തി കാണിക്കണം എന്നൊന്നും പറയുന്നില്ല..പക്ഷെ ഇത്രയും താഴ്ത്തികെട്ടരുത്.

പിന്നെ കുടിച്ചു കളഞ്ഞ കാശ് ഉണ്ടേൽ ബെൻസ് വാങ്ങാമായിരുന്നു എന്നതും കുടിക്കാത്തവനോട് നിന്റെ ബെൻസ് എവിടെ എന്നൊക്കെ ചോദിക്കുന്നതുമായ വാട്സാപ്പ് കോമഡികളുടെ കമനീയ ശേഖരം സിനിമയിൽ ഉള്ളതിനാൽ തിയേറ്ററിൽ ഇരുന്നു വാട്സ്ആപ് നോക്കിയവരും കുറവല്ല.

മൊത്തത്തിൽ ഷാജി ഒരു നിരാശ നൽകിയ സിനിമയാണ്. സമയനഷ്ടം,ധനനഷ്ടം എന്നിവ സമ്മാനിക്കുന്ന ഒരു അലവലാതി ഷാജി.