ഫഹദിന്റെ സിനിമകളുടെ Genre നോക്കിയാൽ തന്നെ കഴിഞ്ഞ 5 സിനിമകൾ ആയി ഒരു വ്യത്യസ്തത കാണാം. അതിരൻ ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ്. ഹോളിവുഡിൽ നമ്മൾ കണ്ടു ശീലിച്ച ചില സിനിമകളെ ഓർമപ്പെടുത്തും പോലെയാണ് കഥാപശ്ചാത്തലം എങ്കിലും സിനിമ കണ്ടിറങ്ങുമ്പോൾ ഒരു തൃപ്തി നൽകാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

🔥The Good – ജിബ്രാന്റെ പശ്ചാത്തല സംഗീതം ആണ് സിനിമയുടെ നായകൻ എന്ന് പറയാം. കഥ ഡിമാൻഡ് ചെയ്യുന്ന മൂഡ് നിലനിർത്താൻ BGM വഹിക്കുന്ന പങ്കു ചെറുതല്ല. ഛായാഗ്രഹണവും വളരെ നന്നായിരുന്നു. പലപ്പോഴും അത്തരം ഒരിടത്തു ചെന്ന് താമസിക്കണം എന്നൊരു ആഗ്രഹം ഉണർത്തുന്ന തരത്തിൽ ഭംഗിയുള്ള ഫ്രെയിം കൊണ്ട് സമ്പന്നം ആയിരുന്നു സിനിമ. സിനിമയുടെ സൗണ്ട് ഡിസൈൻ കിടു ആയിരുന്നു.

സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള സസ്പെൻസ് നിലനിർത്തിയുള്ള ആഖ്യാനം ആയിരുന്നു പ്രധാന പ്ലസ് പോയിന്റ്. കഥയിൽ ഉടനീളമുള്ള നിഗൂഢത അവസാനം വരെ നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകളിൽ twist ending ആരും പ്രതീക്ഷിക്കുമെന്നത് തീർച്ച. ഇതേ ഴോണറിൽ സിനിമകൾ കണ്ടു ശീലിച്ചവർക്ക് ഒരുപക്ഷെ സസ്പെൻസ് എന്താണെന്ന് മുൻകൂട്ടി ആലോചിച്ചു കണ്ടെത്താൻ സാധിക്കും എന്നിരുന്നാലും ആ മിസ്റ്ററി റിവീലേഷൻ സീൻ ഒരു കോരിത്തരിപ്പ് ഉണ്ടാക്കുന്നു എന്നതാണ് വിജയം.

ആക്ഷൻ സീനുകൾ കയ്യടി ലഭിക്കുന്ന തരത്തിൽ കിടു ആയി കൊറിയോഗ്രാഫി ചെയ്തിരുന്നു. കളരിപ്പയറ്റും മർമവിദ്യയും ഒക്കെയായി ആക്ഷൻ സീനുകൾ മികച്ചു നിന്നു. അവസാനത്തെ 15 മിനുട്ട് ഒരുപാട് കയ്യടി അർഹിക്കുന്ന സീനുകളാൽ സമ്പന്നമാണ്.

ഫഹദിന്റെയും സായ് പല്ലവിയുടെയും പ്രകടനം വളരെ നന്നായിരുന്നു. തുടക്കം മുതൽ സംവിധായകൻ നമ്മുടെ മുന്നിലേക്ക് ഇട്ടുതരുന്ന ഫോർഷാഡോവിങ് ശ്രദ്ധിച്ചാൽ എത്രമാത്രം ശ്രദ്ധ കഥാപാത്രങ്ങൾക്കായി ഇവർ നൽകിയിട്ടുണ്ട് എന്നത് വ്യക്തം.

🔥The Bad – അതുൽ കുൽക്കർണിയുടെ നിഗൂഢതയുള്ള കഥാപാത്രത്തിന് കൂടുതൽ എക്‌സ്‌പോസിഷൻ കൊടുത്താൽ നന്നായിരുന്നു. രണ്ടാം പകുതിയിലെ പല രംഗങ്ങളും കുറച്ചൂടെ ട്രിം ചെയ്തു ഒന്നൂടെ ചുരുക്കി എങ്കിൽ വളരെ നല്ലൊരു അനുഭവം സമ്മാനിച്ചേനെ എന്നൊരു തോന്നൽ ഉണ്ടാക്കി. ഒരു ഘട്ടം കഴിയുമ്പോൾ വിരസത തോന്നിപ്പിക്കുന്നുണ്ട് രണ്ടാം പകുതിയിൽ.

🔥Engaging Factor – നിഗൂഢത കലർന്ന ഒരു താഴ്വരയും ഒരു മിസ്റ്ററി മൂഡുമായി പോകുന്ന ഒട്ടും ബോറടിക്കാത്ത ആദ്യപകുതിയും ചെറുതായി…വളരെ ചെറുതായി പേസിങ് നഷ്ടപ്പെടുന്ന രണ്ടാം പകുതിയും നല്ലൊരു ക്ലൈമാക്‌സും ആണ് അതിരൻ നമുക്കായി നൽകുന്നത്.

🔥Last Word – മലയാളസിനിമ അധികം കൈവയ്ക്കാത്ത മേഖലയാണ് സൈക്കോളജിക്കൽ ത്രില്ലർ. ഇതുപോലുള്ള സിനിമകൾ വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രേക്ഷകർ ക്രിയേറ്റീവ് ആയ പലതും അർഹിക്കുന്നു. വളരെ സന്തോഷത്തോടെ തിയേറ്റർ വിട്ടിറങ്ങുമ്പോൾ മനസ്സ് നിറയെ സംതൃപ്തി ആയിരുന്നു.

🔥Verdict – Good