യഷ് ജോഹറിന്റെ ഒരു ആഗ്രഹം ആയിരുന്നു Kalank ഒരു സിനിമയായി കാണണം എന്നത്. ആ ആഗ്രഹം ബാക്കി നിർത്തി അദ്ദേഹം മരണപ്പെട്ടു.മകനായ കരൺ ജോഹർ ഇന്ന് ആ ആഗ്രഹം നടത്തികൊടുത്തിരിക്കുകയാണ്. ഒരു ലാർജ് സ്കെയിലിൽ തന്നെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. Koffee With Karan ഷോയിൽ കരൺ പറഞ്ഞത് പോലെ ബാഹുബലി നേടിയ വിജയം Kalank പോലുള്ള ബിഗ് ബജറ്റ് പീരിയോഡിക്കൽ സിനിമയ്ക്ക് ഊർജം നൽകുന്നു.

🔥The Good – ഓരോ ഫ്രെയിമും സ്ക്രീൻ ഷോട്ട് എടുത്തു വെയ്ക്കാം,അത്ര മേലെ മനോഹരം. ആർട്ട് വർക്കും സെറ്റ് ഡിസൈനും അഭിനേതാക്കൾ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും ഉടയാടകളും അടക്കം എല്ലാം ടോപ് നോച് എന്ന് പറയാം. സീൻ ബൈ സീൻ ബ്രഹ്‌മാണ്ഡ ഫ്രെയിമുകൾ വരുന്നതിനാൽ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ സാധിക്കില്ല.

ഛായാഗ്രഹണം കയ്യടി അർഹിക്കുന്ന ഒന്നാണ്. ഓരോ ഫ്രെയിമും ആസ്വദിച്ചു വർക്കു ചെയ്തിരിക്കുന്നു എന്ന് വ്യക്തം. സിനിമയിലെ പാട്ടുകൾ വളരെ മനോഹരം ആയിരുന്നു. തിയേറ്ററിൽ Ghar More Pardesiya വന്നപ്പോൾ കിട്ടിയ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല. ശ്രേയ ഘോഷാലും വൈശാലിയും മത്സരിച്ചു പാടിയ ആ പാട്ടിന്റെ ചിത്രീകരണവും ഗംഭീരം ആയിരുന്നു. അത് പോലെ Tabah Ho Gaye എന്ന ഗാനത്തിലെ മാധുരിയുടെ ചുവടുകൾ അതിഗംഭീരം ആയിരുന്നു. മുൻചിത്രങ്ങളെ ഓർമപ്പെടുത്തിയാലും ആ പാട്ട് നല്ലൊരു അനുഭവം ആയിരുന്നു. അരിജിത്‌ സിംഗ് പാടിയ ടൈറ്റിൽ ട്രാക്ക് ഇപ്പോഴേ വലിയ ഹിറ്റ്‌ ആണല്ലോ…കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ!

വലിയ താരനിരയിൽ വരുൺ ധവാൻ ചെറിയ ഗ്രേയ്‌ ഷേഡിൽ വരുന്ന കഥാപാത്രമായി മുന്നിലെത്തി പിന്നീട് ആ കഥാപാത്രത്തിന് വരുന്ന മാറ്റങ്ങളൊക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ആലിയ ആയുള്ള കെമിസ്ട്രി നന്നായിരുന്നു. ആലിയ ഇമോഷണലി ലൗഡ് ആയ കഥാപാത്രത്തെ മിതത്വത്തോടെ ഗംഭീരമാക്കി എന്ന് പറയാം. ആദിത്യ റോയ് കപൂർ,സോനാക്ഷി എന്നിവർ തങ്ങളുടെ വേഷത്തോട് നീതി പുലർത്തി.

കുനാൽ ഖേമുവിന്റെ പ്രകടഭം വളരെ നന്നായിരുന്നു. സഞ്ജയ്‌ -മാധുരി എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാതെ വരുമ്പോൾ കുനാലിന്റെ പ്രകടനം സർപ്രൈസ് ആയിരുന്നു.

🔥The Bad – വളരെ വളരെ ഔട്ട്‌ ഡേറ്റഡ് ആയ ഒരു തിരക്കഥയാണ് ഈ സിനിമ. ഇമോഷണൽ സീനുകളൊക്കെ ബാലെയെ ഓർമിപ്പിക്കും വിധം ആയിരുന്നു. ചില സംഭാഷണങ്ങൾ ഒക്കെ കേൾക്കുമ്പോൾ തന്നെ അരോചകം തോന്നിയിരുന്നു. സിനിമയുടെ വലിയ നീളം പ്രേക്ഷകനെ ഒരുപാട് മുഷിപ്പിക്കുന്നുണ്ട്.

ഓൾഡ് സ്കൂൾ ലെവലിൽ വരുന്ന കഥ ആയതിനാൽ തന്നെ അടുത്തത് എന്താകും എന്ന് ആർക്കും ഊഹിക്കാൻ പറ്റുന്നുണ്ട്. നായകന്റെ ശരീരപ്രദർശനവും കായികബലവും കാണിക്കാനുള്ള കാളപ്പോരു ഉൾപ്പടെ പല സീനുകളും അനാവശ്യം ആയിരുന്നു.

സോനാക്ഷിയുടെ കഥാപാത്രത്തിന് കൂടുതൽ ഡെപ്ത് ഉണ്ടായില്ല എന്നതാണ് പ്രധാന നെഗറ്റീവ്. ഈ കഥ മുന്നോട്ടു പോകാനുള്ള കീ ഫാക്ടർ സോനാക്ഷി ആകുമ്പോൾ ആ കഥാപാത്രത്തിന്റെ എക്‌സ്‌പോസിഷൻ കുറഞ്ഞത് തിരക്കഥയുടെ അടിത്തറ തന്നെ ഇളകുന്നു. നായിക ഒരുവന്റെ രണ്ടാം ഭാര്യ ആകാനുള്ള വിവാഹത്തിന് സമ്മതിക്കുന്ന ഡ്രാമ പോർഷൻ ഒക്കെ ബോളിവുഡ് സ്ഥിരം പറഞ്ഞു പറഞ്ഞു നമ്മെ ബോറടിപ്പിച്ച ഐറ്റംസ് തന്നെയാണ്.

പ്രധാന കഥയിലേക്ക് പലപല സബ്പ്ലോട്ടുകൾ വന്നു ചേരുന്നതിനാൽ ഇടയ്ക്കിടെ നല്ല കട്ട ലാഗിംഗ് ഫീൽ ചെയ്യിക്കുന്നുണ്ട്. സഞ്ജയ്‌ ദത്തിന്റെ കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല എന്നതും, മാധുരിയുടെ ക്ലിഷേ കഥാപാത്രനിർമിതിയും സിനിമയെ അരോചകമാക്കുന്നുണ്ട്.

തിരക്കഥയുടെ പേസിങ് മൂലം ഒരു പരിധി കഴിയുമ്പോൾ എത്രയും വേഗം സിനിമ തീർന്നുകിട്ടിയാൽ മതിയെന്ന അവസ്ഥയിൽ നാം എത്തിച്ചേരുന്നു.

🔥Engaging Factor – സിനിമയുടെ ബ്രഹ്‌മാണ്ഡ ഫ്രെയിമുകൾ നമ്മെ ആകർഷിക്കുന്നുണ്ട്. അതും നോക്കി കുന്തം വിഴുങ്ങിയ പോലെ ഇരുന്നാൽ ഏകദേശം മൂന്ന് മണിക്കൂറിനടുത്ത് പെട്ടെന്ന് പോയിക്കിട്ടും. പാട്ടുകൾ വരുന്ന സീനുകൾ ഒരു ആശ്വാസമാണ്.

🔥Last Word – ബ്രഹ്മാണ്ഡ സെറ്റും ആർട്ട് വർക്കും വിഷ്വൽ ട്രീറ്റ്‌ എന്ന് തന്നെ പറയാവുന്ന ഛായാഗ്രഹണവും നല്ല പാട്ടുകളും മികച്ച നടീനടന്മാരും അണിയറപ്രവർത്തകരും ഉണ്ടായിട്ടും സിനിമയുടെ കഥ മോശമായാൽ എല്ലാം പോയി എന്നതിന്റെ ഉദാഹരണം. അന്തിപ്പരമ്പരകൾ ഇഷ്ടപ്പെടുന്നവർക്ക് മുൻഗണന.

🔥Verdict – Below Average