“ഞാൻ ഒരു ആണാണ്” ഈയൊരു ഡയലോഗിനെ പറ്റി കൂടുതൽ ചിന്തിച്ചിട്ടുണ്ടോ?എന്ത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത് എന്ന്?ഈ ആൺ എന്നത് ഒരു പ്രിവിലേജ് അല്ലെങ്കിൽ അഹംഭാവത്തോടെ മനസ്സിൽ വന്നിട്ടുള്ള മുഹൂർത്തങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ? അങ്ങനെയുള്ളവർക്കുള്ള സിനിമയാണ് ഇഷ്ഖ്.

🔥The Good – സിനിമയുടെ പൊളിറ്റിക്സ് തന്നെ. ക്ലൈമാക്സ് സീനുകളിലൂടെ നമുക്ക് നൽകുന്നത് ശക്തമായ ഒരു ആശയമാണ്. ഒരു സന്ദേശം ആണ്. അതും കത്താതെ തെറി പറഞ്ഞു തിയേറ്റർ വിടുന്നവരെ കണ്ടപ്പോൾ ഒന്നുറപ്പായി…വ്യക്തിത്വമുള്ള, സ്വന്തം ആദർശത്തിൽ, നിലപാടിൽ ഉറച്ചു നിൽക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ചൊറിച്ചിൽ വരുന്നവനെയൊന്നും മനുഷ്യൻ എന്ന ഗണത്തിൽ പോലും പെടുത്തുവാൻ ആകില്ല.

സദാചാരത്തിന്റെ നിർവചനം സിംപിൾ ആയി പറഞ്ഞാൽ അവനവനു കിട്ടാത്തതിന്റെ ചൊറിച്ചിൽ. അതാണ്‌ സിനിമയുടെ തീം. ഒരാണും പെണ്ണും ഒരുമിച്ചു ഇരുന്നാൽ എന്തോ സുഖക്കേടാണ് ചിലർക്ക്. This is my entertainment എന്ന് വിചാരിച്ചു വീഡിയോ എടുക്കലും തെറിവിളിയും ഒക്കെ വേറേ. ചില പ്രമുഖ പാർട്ടി ചൂരലുമായി ഇറങ്ങിയതൊക്കെ മറക്കാൻ പറ്റുമോ? അത്തരത്തിൽ ഉള്ളവർക്കുള്ള ഒരു താക്കീത് മാത്രമായി സിനിമയേ നിറുത്താതെ,അവസാന സീനിലേ നിലപാടിന്റെ പേരിൽ ഇഷ്ഖ് എന്റെ പ്രിയസിനിമകളിൽ ഒന്നാകുന്നു.

തന്റെ ആണത്വത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയിൽ “ഞാനൊരു ആണാണ്” എന്നുള്ള ചിന്തയിൽ ഉരുത്തിരിയുന്ന പ്രതികാരവും അത് നടപ്പിലാക്കുന്ന രീതിയും തിയർട്ടറിൽ കയ്യടിയും വിസിലും ഒക്കെയായി മുന്നേറുമ്പോൾ ആ ഒരു ഹീറോയിസത്തിനു മുന്നിൽ ഷട്ടറിട്ടു സിനിമ നിറുത്താതെ നൽകിയ ക്ലൈമാക്സ് എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ഷൈൻ ടോം ചാക്കോയുടെ കിടിലൻ പ്രകടനം ആണ് സിനിമയിൽ ആദ്യം ഓർമ വരുന്നത്. ഫസ്റ്റ് ആക്ടിൽ എത്രത്തോളം പ്രേക്ഷകരുടെ വെറുപ്പ് പിടിച്ചു പറ്റുന്നു എന്നതിന് കണക്കില്ല. സിനിമയുടെ സെക്കൻഡ് ആക്ടിലും അഭിനയത്തിന്റെ കാര്യത്തിൽ സ്‌കോർ ചെയ്യുന്നതും ടോം ചാക്കോ തന്നെയാണ്.കഴിവുള്ള നടനാണ്. മലയാളസിനിമ നല്ല രീതിയിൽ ഉപയോഗിക്കട്ടെ!

നേഹയും സിഡ് ശ്രീറാമും പാടിയ 2 പാട്ടുകൾ മനോഹരം ആയിരുന്നു. ജെക്സ് ബിജോയിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഒഴുക്കിനെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. ഷൈൻ നിഗം തന്റെ ടിപ്പിക്കൽ മാനറിസം തന്നെയാണ് സിനിമയിൽ വാരി വിതറിയത്. നായികയായി അഭിനയിച്ച അഭിനേത്രി കൊള്ളാം. മിനിമൽ ആയുള്ള ചില ഭാവങ്ങൾ ബോറാക്കാതെ ഭംഗിയായി ചെയ്തിട്ടുണ്ട്.

സിനിമയിലെ സംഭാഷണങ്ങൾ റിയലിസ്റ്റിക് ആയിരുന്നു. തുടക്കത്തിൽ ലേറ്റ് ആയാൽ നാളെ വന്നാൽ പോരെ അമ്മേ എന്ന് തുടങ്ങി പല മോണോലോഗുകളും നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തുവാൻ പറ്റുന്നവ ആയിരുന്നു.

🔥The Bad – ആദ്യപകുതിയിൽ കേന്ദ്രകഥാപാത്രങ്ങൾക്ക് നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ പ്രേക്ഷകർക്ക് പോലും കാണാൻ ആഗ്രഹിക്കുന്നവ അല്ല. സ്ട്രെച്ച് ചെയ്തു നീളം കൂടുതലുള്ള ആ രംഗങ്ങൾ ഒരു പരിധി കഴിയുമ്പോൾ ഇതൊന്നു തീർന്നു കിട്ടിയാൽ മതി എന്ന നിലയിൽ എത്തുന്നുണ്ട്. ആ ഒരു കുറവ് മാറ്റിനിർത്തിയാൽ ഒന്നും തന്നെയില്ല.

🔥Engaging Factor – ഒരു എന്റർടൈനർ ആണ് ഇഷ്ഖ് എന്ന് പറയുന്നില്ല. മനസ്സിന് ഭാരം തോന്നുന്ന പല സീനുകളും സ്‌ക്രീനിൽ വന്നു പോകുന്നുണ്ട്. ഇതിലെ നായകൻ അടക്കം എല്ലാവരിലും ഒരു ഗ്രേ ഷെയ്ഡ് ഉണ്ട്. ക്യാരക്ടർ എക്‌സ്‌പോസിഷൻ കൃത്യമാണ്. അതിനാൽ തന്നെ കഥയോട് ഒത്തു നമ്മൾ എൻഗേജ് ആയി മാറും. രണ്ടാം പകുതിയിൽ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാനേ തോന്നില്ല.

🔥Last Word – കോംപ്ലെക്സ് ക്യാരക്ടറുകളും കാലിക പ്രസക്തിയുള്ള വിഷയവും ഒരു ടെൻസ്ഡ് ആയ സിറ്റുവേഷനിൽ ബ്ലെൻഡ് ചെയ്തു അതിൽ നിന്നും ശക്തമായ നിലപാടിന്റെ രാഷ്ട്രീയം പറഞ്ഞ പുതുമുഖ സംവിധാകന് ഒരു ബിഗ് സല്യൂട്ട്. ഇഷ്ഖ് ഈ വർഷം ഇറങ്ങിയ നല്ല സിനിമകളിൽ ഒന്നാകുന്നു.

🔥Verdict – Good