ഭൂരിപക്ഷമാണ് ശരി എങ്കിൽ നരേന്ദ്ര മോഡിയുടെ വിജയം ശരി തന്നെയാണ്. ഇന്ത്യൻ ജനതയുടെ ബഹുഭൂരിപക്ഷം ആളുകളും തിരഞ്ഞെടുത്ത ഇന്ത്യയിലേ ഏറ്റവും വലിയ ബ്രാൻഡായി ഉയർന്ന നരേന്ദ്ര മോഡിയുടെ ആത്മകഥ സിനിമയായി നമ്മുടെ മുന്നിൽ എത്തിയിരിക്കുകയാണ്. നരേന്ദ്രമോദിയുടേത് സംഭവബഹുലമായ ജീവിതമാണ്. കഴിഞ്ഞ ഇലക്ഷൻ റിസൽറ്റോടു കൂടി അത് ഉറപ്പിക്കുകയുമാണ്. എങ്ങനെ മോദി എന്ന ബ്രാൻഡിന് ഇതൊക്കെ സാധിക്കുന്നു എന്നത് പലപ്പോഴും അത്ഭുതമായി തോന്നിയ ഒരാളാണ് നിങ്ങൾ എങ്കിൽ ഈ സിനിമ കണ്ടു അതിലെ സംഭവങ്ങൾ മുഴുവനായി വിശ്വസിക്കുക. ബ്രഹ്‌മാവ്‌ ഓവർ ടൈം എടുത്തു അസെമ്പിൽ ചെയ്ത നന്മയുടെ,ആദർശത്തിന്റെ,വികസനത്തിന്റെ,മതമൈത്രിയുടെ,മനുഷ്യസ്‌നേഹത്തിന്റെ,ദേശസ്നേഹത്തിന്റെ പര്യായമായ മോഡിയുടെ ജീവിത കഥ.

🔥The Good – മോഡിയുടെ ജീവിതത്തിന്റെ പടി പടിയായുള്ള വളർച്ച സ്‌ക്രീനിൽ കാണുമ്പോൾ പശ്ചാത്തല സംഗീതം വളരെ നന്നായി തോന്നി. ആഖ്യാനം ഒരു ഡോക്യൂമെന്ററി ഫീൽ ആണേലും ഒരു സിനിമ ആണെന്ന് ഓർമിപ്പിച്ചത് BGM ആയിരുന്നു.

🔥The Bad – നരേന്ദ്ര മോഡിയ്ക്ക് മുൻപ് BJP യ്ക്ക് ശക്തരായ നേതാക്കൾ ഉണ്ടായിരുന്നു. അവരുടെ സംഭാവനകളും ഇന്ത്യയ്ക്ക് ഉപകാരപ്രദമായിട്ടുണ്ട്. റാം രഥ യാത്രയ്ക്കൊന്നും വലിയ പ്രാധാന്യം നൽകിയിട്ടില്ല. അധ്വാനി,ബാജ്പേയ് അടക്കമുള്ള നേതാക്കൾ ശീതീകരിച്ച മുറിയിൽ ഇരുന്നു സമയം കളയുന്നവർ ആയും മോദി തെരുവിൽ ഇറങ്ങി സാമൂഹ്യ സേവനം നടത്തുന്നതുമായ സീനുകൾ വരുമ്പോൾ ഒന്നോർക്കുക, BJP എന്ന പാർട്ടിയല്ല, ഇവിടെ ബ്രാൻഡ് ചെയ്യപ്പെടുന്നത് മോദി മാത്രമാണ്.

ദേശസ്നേഹത്തിനായി ത്രിവർണ്ണ പതാക പിടിച്ചു കാശ്മീരിൽ നിൽക്കുന്ന സീനുകൾ കൾട്ടുകളുടെ കൾട്ട് ആയി തോന്നി. വെടി വെയ്ക്കാൻ വരുന്ന ഭീകരരെ ഭയന്ന് ഒളിച്ചിരിക്കുന്ന ആളുകളുടെ നടുക്ക് പതാക കൃത്യമായി പൊക്കി പിടിച്ചു”ഞങ്ങൾ ഇവിടുണ്ടേ” എന്ന് പറയുന്ന സീനിനു കിട്ടിയ കയ്യടി(കേരളത്തിലെ PVR തിയേറ്ററിൽ വരെ കയ്യടി ഉണ്ടായിരുന്നു) ഈ സിനിമയ്ക്ക് കിട്ടിയ വലിയ അംഗീകാരം ആണ്. ഇതിലും വലുത് വന്നാലും സഹിക്കുക എന്നതിന്റെ സൈറൺ ആയി കൂട്ടാം അതിനെ.

നഗ്നപാദനായി മഞ്ഞു വീഴുന്ന ഹിമാലയത്തിൽ സന്യാസത്തിനു പോകുന്ന മോഡിയുടെ സീനുകൾ മാർവൽ ഇനിയിറക്കാൻ പോകുന്ന സൂപ്പർ ഹീറോ സിനിമകൾക്ക് പ്രചോദനം ആകട്ടെ. നെഹ്‌റു കുടുംബത്തിനെ പറ്റി സിനിമയിൽ കാണിച്ചിരിക്കുന്നത് സത്യം ആണെങ്കിൽ ഇന്ദിരാ ഗാന്ധി ആണ് ലോകം കണ്ട ഏറ്റവും വലിയ ജ്യോത്സൻ. മോഡിയെ അവർ അന്നേ ഭയപ്പെട്ടിരുന്നു എന്ന സത്യം വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്.

മതത്തിന്റെ പേരിൽ ഇന്ത്യ വിഭജിക്കരുത് എന്നും മതമൈത്രി നിലനിർത്തപ്പെടേണ്ട ഒന്നാണെന്നും സ്ത്രീശാക്തീകരണം വേണമെന്നും പറയുന്ന നരേന്ദ്ര, എന്തിനു കുടുംബം ഉപേക്ഷിച്ചു മഞ്ഞു കൊള്ളാൻ പോയി എന്നതിന് കൃത്യമായ ഉത്തരമില്ല. ഭൂകമ്പ സമയത്തു മുസ്ലിങ്ങൾക്ക് രക്തം നൽകുന്ന,ഗുജറാത്ത് കലാപം നടക്കുമ്പോൾ നിസാഹായാനയി നിൽക്കുന്ന കാരുണ്യത്തിന്റെ നിറകുടമായ മോഡിയെ കാണുമ്പോൾ ഒരിറ്റു കണ്ണ്നീർ വരുമെന്നതിൽ സംശയമില്ല. RSS രാജ്യത്തിന് എത്രത്തോളം ആവശ്യമുണ്ടെന്നും രാജ്യത്തിനായി പോരാടുന്ന അവരുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ആവശ്യമാണെന്നും സിനിമ പറയുന്നുണ്ട്.

As a movie, പേസിങ് വളരെ സ്ലോ ആണ്.ഒന്ന് തീർന്നു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കാത്ത നിമിഷം ഉണ്ടാകില്ല. വിവേക് ഒബറോയിയുടെ അഭിനയം ശരാശരി ആയി അനുഭവപ്പെട്ടു. അമിത് ഷായുടെ പേര് മ്യൂട്ട് ചെയ്യപ്പെടുക ആയിരുന്നു. എന്തിനാണാവോ..

🔥Engaging Factor – സിനിമ എന്ന നിലയിൽ നല്ല ബോറടി ആയിരുന്നു. Manipulated Story Telling ഇഷ്ടമുള്ള ആൾ ആണെങ്കിൽ ടിക്കറ്റ് എടുക്കാം, സോറി..കൊച്ചിയിൽ രണ്ടു ദിവസത്തേക്ക് സിനിമ ഫുൾ ആണ്( Not A Joke)

🔥Last Word – നന്മയുടെ പ്രതീകം ആയ, പ്രവർത്തിയിൽ തിന്മയുടെ ഒരംശം പോലും ഇല്ലാത്ത ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. ഇന്നത്തെ ലോകത്തു ഇങ്ങനെയുള്ള ഒരാളുണ്ടോ എന്ന് അതിശയിച്ചു പോകുന്ന പല രംഗങ്ങളും സിനിമയിൽ വന്നുപോകുമ്പോൾ യഥാർത്ഥ സസ്പെൻസ് ആദ്യമേ തന്നെ ജനങ്ങൾ അറിഞ്ഞിരുന്നു എന്നത് വിഷമകരമാണ്. ഇത് മോഡിയുടെ ആത്മകഥ ആണെന്ന്. ഭാവിയിൽ ഒരു ക്ഷേത്രം മോഡിയുടെ പേരിൽ ഉയരാനുള്ള സാഹചര്യം കൂടി മുൻകൂട്ടി കാണുന്നു.

🔥Verdict – Chowkidar Winner Hai!