Ondu Motteya Kathe എന്ന കന്നഡ സിനിമ അതേപടി പറിച്ചു നടുകയല്ല തമാശ ചെയ്തിട്ടുള്ളത്. രസകരമായ മാറ്റങ്ങൾ സിനിമയിൽ ഉണ്ട്. രണ്ടാം പകുതിയിൽ വളരെയേറെ മാറ്റങ്ങൾ ഉള്ളതായി അനുഭവപ്പെടും. കന്നടയിൽ കഷണ്ടിയുള്ള നായകനു തന്റെ സൗന്ദര്യത്തോട് തന്നെ അപകർഷതാബോധമാണ്. ഇവിടെ വിനയ് കഷണ്ടി ആണേലും സുന്ദരൻ ആണ്. ഇതൊക്കെ ഒറിജിനൽ വേർഷൻ ആയി തട്ടിച്ചു നോക്കിയാൽ ഉള്ള കാര്യമാണ്.തമാശ എന്ന സിനിമ ഒരു കൊച്ചു ഫീൽ ഗുഡ് ഫിലിം ആണ്.കണ്ടിറങ്ങുമ്പോൾ മനസ്സ് നിറയുന്ന… സമയധന നഷ്ടം തോന്നാത്ത നല്ലൊരു ചിത്രം ആയി ഫീൽ ചെയ്യും.

🔥The Good – ആഖ്യാനരീതിയാണ് ഹൈലൈറ്റ്. ഇടവേള വരുന്നത് തന്നെ അറിയില്ല. കന്നഡ വേർഷൻ കണ്ടവർക്ക് പോലും ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാൻ സാധിക്കും. ഒട്ടും മുഷിപ്പിക്കാതെ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുവാൻ സാധിച്ചിട്ടുണ്ട്.

കഥയോട് ചേർന്ന് നിൽക്കുന്ന നർമരംഗങ്ങൾ മറ്റൊരു പോസിറ്റീവ് ആണ്. സിനിമയിലെ ഒരുവിധം എല്ലാ ഫ്രെയിമിലും വിനയ് ഉണ്ട്. തന്റെ കഥാപാത്രത്തെ മനസ്സിലാക്കി മുഖഭാവങ്ങളിൽ നിന്നു പോലും കയ്യടി വാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇമോഷണൽ സീനുകളിലും മികച്ചു നിന്നു.

ചുരുക്കം സിനിമകളാണ് അഭിനയിച്ച ചെറിയ ആളുകൾ വരെ ഗംഭീര പ്രകടനം നടത്തി എന്ന് അവകാശപ്പെടാൻ പറ്റുന്നത്. ഇതിൽ അഭിനയിച്ച എല്ലാവരും, ഒന്ന് രണ്ടു സീനിൽ വരുന്നവർ വരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്. ആക്സിഡന്റ് ആയ ആളുടെ കൂടെ ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന സീനടക്കം പല മനോഹരമായ സീനുകളും സിനിമ നല്കുന്നുണ്ട്.

വിനയ് യെ കൂടാതെ ഗ്രേസ് അടക്കമുള്ള മൂന്ന് നായികമാരുടേയും പ്രകടനം വളരെ നന്നായിരുന്നു. റഹീം എന്ന കഥാപാത്രത്തെ അവതരിപ്പച്ച ആളുടെ പ്രകടനം ഓർമയിൽ നിൽക്കും. സിനിമയിലെ പാട്ടുകളും മൂഡിനോട് ചേർന്ന് നിൽക്കുന്ന ഛായാഗ്രഹണവും ലളിതമായ ആഖ്യാനവും ഒക്കെയായി നല്ലൊരു ഫീൽ സിനിമ നൽകുന്നുണ്ട്.

🔥The Bad – ഒറിജിനൽ വേർഷനും ഇതും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം പ്രധാന നായികയുടെ കാര്യത്തിലാണ്. രണ്ടാം പകുതിയിൽ വരുന്ന ചിന്നു എന്ന കഥാപാത്രത്തിന് കുറച്ചൂടെ വെയിറ്റേജ് കൊടുത്തിരുന്നു എന്ന് തോന്നിപോയി. ഒന്ന് രണ്ടു സംഭാഷണങ്ങളിലൂടെ മാത്രം ഒതുക്കി നിർത്തുന്ന ആ ക്യാരക്ടർ എക്‌സ്‌പോസിഷൻ കുറച്ചു കൂടി റിവീൽ ചെയ്തെങ്കിൽ നല്ലൊരു സ്ത്രീകഥാപാത്രത്തെ കൂടി ലഭിച്ചേനെ.

🔥Engaging Factor – തമാശ ഒട്ടും ബോറടിപ്പിക്കാത്ത നല്ലൊരു സിനിമയാണ്. നമുക്ക് വരുന്ന ഫോൺ കോളുകൾ നമ്മൾ തന്നെ കട്ട് ചെയ്യും. അത്രമേൽ രസകരമായ ആഖ്യാനം.

🔥Last Word – സൗന്ദര്യസങ്കല്പങ്ങളെ അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമകളിൽ തമാശയെ വേറിട്ടു നിർത്തുന്നത് അതിന്റെ സത്യസന്ധതയാണ്. കുറച്ചൊക്കെ സിനിമാറ്റിക് ലിബർട്ടി ഉണ്ടായാലും തമാശ തൃപ്തി നൽകുന്ന ഒന്നാണ്.

🔥Verdict – Good