ഒരു സിനിമ.. അതിൽ സൂപ്പർ നാച്ചുറൽ എലെമെന്റ്സ്, ഹോം ഇൻവേഷൻ, സൈക്കോളജിക്കൽ ത്രില്ലർ, സർവൈവൽ, എന്നിവയൊക്കെ പരീക്ഷിച്ചു അതിൽ വിജയം കണ്ടെത്തുന്നതാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഒന്നേമുക്കാൽ മണിക്കൂറിൽ ഈ സിനിമ അവസാനിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അനാവശ്യ സീനുകൾ ഒന്നും തന്നെയില്ലാതെ ഗെയിം ഓവർ നമ്മെ പിടിച്ചിരുത്തുകയാണ്.

Be Frank…ഒന്ന് രണ്ടു ഇംഗ്ലീഷ് സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമയാണ് ഗെയിം ഓവർ. അത് സിനിമ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും. പക്ഷെ പ്രൊഡക്ഷൻ ക്വളിറ്റി എന്നൊരു സംഗതിയിൽ നമ്മൾ ആ കുറവ് മറക്കും. എന്നിരുന്നാലും സംവിധായകന് ഇൻസ്പിരേഷൻ നൽകിയ ആ രണ്ടു സിനിമകളുടെ പേരുകൾ നൽകാമായിരുന്നു. അവസാന എൻഡ് വരെ കണ്ടിട്ടും ക്രെഡിറ്റ്‌ ഒന്നും കൊടുത്തു കണ്ടില്ല.

പ്രേക്ഷകർക്കായി എല്ലാം വിളമ്പുന്ന ഒരു സംവിധായകന്റെ സിനിമയല്ല ഇത്. ഇരുന്നു ഉദാഹരണം പറഞ്ഞാൽ Duel സിനിമയിൽ ട്രക്ക് ഡ്രൈവർ എന്തിനു ഇങ്ങനെ പെരുമാറുന്നു എന്നതിന് ഒരു കാരണം വിശദമായി കൊടുക്കാൻ അവർ മിനക്കെട്ടിട്ടില്ല. പക്ഷെ ആ സിനിമ ഇന്ത്യയിൽ അഡാപ്റ്റ് ചെയ്തപ്പോൾ സൈക്കോ ആകാനുള്ള കാരണം തുടങ്ങി പലതും സ്പൂൺ ഫീഡ് ചെയ്തിട്ടുണ്ട്. ഇവിടെ ആദ്യം പറഞ്ഞ പാറ്റേൺ ആണ് പിന്തുടരുന്നത്. ഒരു മോട്ടീവ്,റീസൺ ഇവിടെ മിസ്സിംഗ്‌ ആണ്.അതിനാൽ തന്നെ സിനിമ അപൂർണ്ണം ആണെന്ന് കരുതുന്നവർ ഏറെയുണ്ടാകും.

ഒരു നല്ല തിയേറ്റർ എക്സ്പീരിയൻസ് നൽകിയാൽ ആ സിനിമ എന്നെ ഒരുപാട് തൃപ്തിപ്പെടുത്തും. ഈ സിനിമയുടെ ആദ്യ സീനിൽ വരുന്ന ക്രൂരമായ ഒരു കൊലപാതകം ചിത്രീകരിച്ചിരിക്കുന്ന ക്യാമറ ആംഗിൾ, മാസ്ക് വച്ച ഒരാളുടെ ശ്വാസത്തിന്റെ ശബ്ദം, ഫൗണ്ട് ഫൂട്ടേജ് പോലുള്ള ക്യാമറ ഒക്കെ ശരിക്കും ഒരു ത്രിൽ ഫീൽ നൽകുന്നുണ്ട്. വാൾ വെച്ചു തലയറുക്കുന്ന ശബ്ദം കൊണ്ട് മാത്രം പ്രേക്ഷകനെ ഞെട്ടിക്കാൻ കഴിയുന്നുണ്ട് ഈ സീനിൽ. നായികയുടെ VR സെക്ഷനിൽ വെളിച്ചം കുറയുന്നത് മൂലം സിനിമ കാണുന്ന നമുക്ക് ഭയം അനുഭവപ്പെടുന്നതും മൊബൈൽ വൈബ്രേറ്റ് ചെയ്യുമ്പോൾ സ്ക്രീൻ കൂടെ വിറയ്ക്കുന്നതും നിശബ്ദത പോലും പേടിപ്പിക്കുന്ന അനുഭവം എല്ലാം തിയേറ്ററിൽ കണ്ടാൽ മാത്രം ആസ്വദിക്കാൻ പറ്റുന്ന ഒന്നാണെന്നു വിശ്വസിക്കുന്നു.

താപ്സിയുടെ കഥാപാത്രത്തിന്റെ പേര് സ്വപ്ന എന്നാണ്. ആ പേരും സിനിമയുടെ സ്വഭാവവും ആയി കണക്റ്റ് ചെയ്യുന്ന വിധം വളരെ നന്നായിരുന്നു. സ്വപ്നയുടെ കയ്യിലുള്ള ടാറ്റൂ ആണ് കഥ മറ്റൊരു തലത്തിൽ എത്തിക്കുന്നത്. ആ ടാറ്റൂവിന്റെ പിന്നിലുള്ള കഥയാണ് സിനിമയിൽ ആകർഷിച്ച മറ്റൊരു സംഭവം. സൂപ്പർ നാച്ചുറൽ പവർ പ്രത്യക്ഷമായി എവിടെയും ഈ സിനിമയിൽ കാണിക്കുന്നില്ല. സസ്‌പെൻഷൻ ഓഫ് ഡിസ്‌ബിലീഫ് എന്നത് വളരെയേറെ സ്വാധീനിക്കുന്നത് ഇവിടെയാണ്‌. വേണേൽ ഒരു ഇല്ല്യൂഷൻ ആയി കാണാം. കാരണം സ്വപ്നയുടെ ജീവിതത്തിൽ അതിനുള്ള ട്രോമയുണ്ട്. അവിടെയിവിടെയായി ചിതറിക്കിടക്കുന്ന സീനുകളിലൂടെ എന്തുകൊണ്ട് സ്വപ്ന ഇരുട്ടിനെ ഭയപ്പെടുന്നു എന്ന് മോണോലോഗുകളിലൂടെ കാണിക്കുന്നുണ്ട്.

തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദുരന്തത്തിന്റെ ഷോക്കിൽ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത ഒരാൾക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ ആദ്യപകുതിയിൽ പറയുമ്പോൾ സിനിമയുടെ ജോണർ ഒരു ഡ്രാമ ആകുന്നതും പിന്നീട് ഒരു സൂപ്പർ നാച്ചുറൽ ഫീലിൽ എത്തി, സൈക്കോളജിക്കൽ ത്രില്ലർ + ഹോം ഇൻവേഷൻ ആയി മാറുകയും ചെയ്യുന്നു. സർവൈവൽ എന്നത് മാത്രം മുൻ നിർത്തി അവസാനത്തെ അര മണിക്കൂറിൽ മാസ്സ് ആയ ആക്ഷൻ സീനുകളും വരുന്നു.

🚫🚫🚫🚫Spoilers Ahead… സിനിമ കണ്ടവർ മാത്രം വായിക്കുക.🚫🚫🚫🚫

Immortal Inks എന്നാണ് സ്വപ്ന ടാറ്റൂ ചെയ്ത സ്ഥലത്തിന്റെ പേര്. മരിച്ചവരുടെ ചാരം ടാറ്റൂ ഇങ്കിൽ കലർത്തുന്ന പുതിയ ട്രെൻഡ് സിനിമ വിശദീകരിക്കുന്നത് പുതിയ അനുഭവം ആയിരുന്നു. ഒരു പുതിയ കൺസെപ്റ്റ്. അതേ പോലെ 3 എന്ന നമ്പറിന് സിനിമ കൊടുത്ത പ്രാധാന്യവും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. 3 തവണയാണ് സ്വപ്നയ്ക്ക് തന്റെ വിധി മാറ്റി മറിക്കാൻ അവസരം ലഭിക്കുന്നത്, അതുപോലെ 3 തവണ കാൻസറിൽ നിന്നും രക്ഷപ്പെട്ട മറ്റൊരു കഥാപാത്രവും, 3 തവണ ആത്മഹത്യശ്രമം നടത്തി പരാജയപ്പെടുന്നതും, സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ 3 പേരും, അവസാനം വീട്ടിൽ അതിക്രമിച്ചു കയറുന്ന 3 ആളുകളും, രണ്ടു കാലും കൂടെ ഒരു കയ്യും കൂടി ഒടിഞ്ഞ അവസ്ഥയിൽ തന്റെ ശരീരത്തിലെ 3 ഭാഗങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥയിൽ ആണ് സ്വപ്ന രക്ഷപ്പെടുന്നത് എന്നത് അടക്കം എല്ലാം ഡയരക്ടർ ടച് എന്ന് കരുതാം.

സിനിമയിലെ foreshadowing ഡിജിറ്റൽ റിലീസിന് ശേഷം വാഴ്ത്തപ്പെടുന്ന സംഗതിയാകും എന്നുറപ്പ്. സ്വപ്നയുടെ ഫോട്ടോ കയ്യിലെടുത്തു നിൽക്കുന്ന Intruder ന്റെ ആ ഫ്രെയിമിൽ നിന്നും 10 എന്ന നമ്പറും Immortal Inks ന്റെ ബാഗ്രൗണ്ടിൽ നിൽക്കുന്ന ഫോട്ടോയും ഒക്കെ കാണുമ്പോൾ പ്രേക്ഷകന് ഫിൽ ചെയ്യാവുന്ന പസിലുകളും സിനിമ നൽകുന്നു.

താപ്സിയുടെ ഗംഭീരപ്രകടനം സിനിമയേ പിടിച്ചു നിർത്തുന്നത് നമുക്ക് കാണാം. ഓരോ സീനും അത്രമേൽ ഭംഗിയായാണ് ഇമോട്ട് ചെയ്യുന്നത്. വിനോദിനിയുടെ കഥാപാത്രം ആർക്കും ഇഷ്ടം ജനിപ്പിക്കുന്ന ഒന്നാണ്. മൂന്നാമതായി അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന നടരാജനും മനസ്സിൽ തങ്ങിനിൽക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്.

മൊത്തത്തിൽ Game Over എന്നെ സംബന്ധിച്ച് ഒരു മാസ്റ്റർ പീസ് ആണ്. തിയേറ്ററിൽ കണ്ടപ്പോൾ ഒരുപാട് തൃപ്തി നൽകിയ ഒരു സിനിമ. തിയേറ്ററിൽ തന്നെ കണ്ടു അനുഭവിച്ചു അറിയേണ്ട സിനിമ.