എന്റെ സിനിമാ ആസ്വാദനം സ്വയം പരിശോധിക്കുമ്പോൾ എനിക്ക് തന്നെ ഒരു ഓക്വേഡ് ഫീൽ തോന്നും. ഈ സിനിമയൊക്കെ ഇഷ്ടപ്പെട്ടോ എന്ന ചോദ്യം ആരേലും ചോദിക്കുമ്പോൾ ആണ് എന്റെ ആസ്വാദനം ഞാൻ സ്വയം പരിശോധിക്കാറുള്ളത്. ഇന്നേവരെ അതിൽ മറിച്ചൊന്നും തോന്നിയിട്ടില്ല. ഈയിടെ ഫേസ്ബുക്കിൽ ഒരു സുഹൃത്ത്‌ പറഞ്ഞു സിദ്ധിഖിന് സഖാവ് ഒക്കെ ഇഷ്ടപ്പെട്ടതാണ് എന്ന്. അതേ ഇഷ്ടപ്പെട്ടതാണ്. ഞാൻ ട്രെയിലറുകൾ കാണാറില്ല, കാണാത്ത സിനിമ ആണെങ്കിൽ റിവ്യൂ വായിക്കില്ല, പാട്ടുകൾ റിലീസിന് മുൻപ് കാണാൻ ശ്രമിക്കാറില്ല, കാണുന്ന ട്രെയിലറുകൾ തിയേറ്ററിൽ സിനിമയ്ക്ക് മുൻപ് കാണിക്കുന്നവ ആയിരിക്കും. ഒരു ഫ്രഷ് ഫീലിൽ ഒന്നും അറിയാതെ സിനിമ കാണാൻ ആഗ്രഹിക്കുന്ന ആളാണ്‌ ഞാൻ. ഞാൻ രണ്ടു തവണ കാണുന്ന സിനിമകൾ കുറവാണ്. എന്തെന്നാൽ ഫ്രഷ്‌നെസ്സ് ഒരിക്കലേ പൂർണ്ണമായി ആസ്വദിക്കാൻ ആവൂ.. ഒരുപക്ഷെ ഒന്നൂടി കണ്ടാൽ ഇഷ്ടമാകുന്ന, ഇഷ്ടം പോകുന്ന സിനിമകൾ ഉണ്ടായേക്കാം..ഞാൻ അതിനെപ്പറ്റി ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.

ഇത്രയും പറഞ്ഞത് എന്തിനെന്നാൽ ലൂക്കാ നൽകുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു. സിനിമ തീർന്നു കഴിഞ്ഞും നീയില്ലാ നേരം കാറ്റെന്തെ വാതിൽ ചാരാതെ പോകുന്നുവോ എന്ന വരികൾ ആ ഗാനത്തിന്റെ ഈണം ഇവയൊക്കെ മനസ്സിൽ തങ്ങി നിൽക്കുക ആയിരുന്നു.ഒരുതരം വിഷമം, ലൂക്കയെ ഓർത്താണോ,അതോ നിഹാരികയെ ഓർത്താണോ എന്നറിയില്ല.. പ്രണയത്തിനു വേണ്ടി ഏതറ്റം വരെയും പോകുന്ന കമിതാക്കളുടെ കഥകൾ കേട്ടിട്ടുണ്ട്. ഈ ഫിക്ഷൻ എന്നിലെ പ്രേക്ഷകനെ ഫീൽ ചെയ്യിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതും ക്ലൈമാക്സിനോട് അടുക്കുമ്പോൾ മാത്രം ആണ് എന്നതാണ് കുറവാകുന്നത്.

ലൂക്കാ വളരെ പതുക്കെ കഥ പറഞ്ഞു പോകുന്ന സിനിമയാണ്. ലൂക്കയുടെയും നിഹാരികയുടേതും കൂടാതെ അക്ബർ, ഫാത്തിമ എന്നെ ദമ്പതികളുടെ വിള്ളൽ വീണ ബന്ധത്തെ കുറിച്ചും സിനിമ പറയുന്നുണ്ട്. സത്യത്തിൽ അക്ബർ-ഫാത്തിമ എന്നിവരുടെ കഥ ഇതിൽ പറയേണ്ട ആവശ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. അനാവശ്യമായി സിനിമയുടെ നീളം കൂടി എന്നല്ലാതെ വേറേ ഗുണമൊന്നും കാണുന്നില്ല. നമ്മെ ഒരു ഫീലിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം എങ്കിൽ അത് ലൂക്കയ്ക്ക് കഴിയുന്നുണ്ട്.

കഥാപാത്രങ്ങളുടെ എക്‌സ്‌പോസിഷന് വളരെയധികം പ്രാധാന്യം നൽകി ചെയ്ത ഈ സിനിമയിൽ ഓരോരുത്തരെയും കൃത്യമായി വരച്ചിടുന്നുണ്ട്. അതിനായി ധാരാളം സമയം കണ്ടെത്തുന്നുണ്ട്. ഇതൊക്കെ ഭൂരിഭാഗം ആളുകൾക്കും ഒരു ലാഗിംഗ് ഫീൽ ഉണ്ടാക്കും എന്ന കാര്യം സംവിധായകനെ ബാധിക്കുന്നില്ല. കാരണം ലൂക്കാ പൂർണ്ണമായും ഒരു സംവിധായകന്റെ സിനിമയാണ്. അയാളുടെ വിഷൻ…അതിനാൽ തന്നെ ലൂക്കായുടെയും നിഹാരികയുടെയും കൂടെ സഞ്ചരിച്ചില്ല എങ്കിൽ ഒരു ബോറൻ അനുഭവം തന്നെ ആയിത്തീരും.

തിരക്കഥയിലെ Foreshadowing വളരെ ഇന്ററസ്റ്റിംഗ് ആയി തോന്നി. ലൂക്കാ ഒരു അന്വേഷണസിനിമ ആയി തുടങ്ങി ഒരു പ്രണയം പറഞ്ഞു രണ്ടു മരണവും അതിലെ നിഗൂഢതയും രഹസ്യങ്ങളും ഒക്കെ പറഞ്ഞു അവസാനിക്കുന്നു. ഒരു വലിയ റിവീലേഷൻ ആണ് ക്ലൈമാക്സ് നൽകിയത്. ടിപ്പിക്കൽ ക്ലിഷേ ആയി ഒതുങ്ങാവുന്ന ഒരു സംഗതിയെ പാട്ടുകൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും മനോഹരമാക്കി എന്ന് വേണം പറയാൻ. അതിനാൽ തന്നെ ക്ലൈമാക്സ് ഒരുക്കിയ വിധം എനിക്ക് വല്ലാത്തൊരു ഫീൽ നൽകി.

ലൂക്കയുടെ സ്വഭാവവും മറ്റും ചാർളിയെ അനുകരിക്കും വിധം ആണെന്ന് തോന്നുന്നിടത് ടോവിനോ ചില മാറ്റങ്ങൾ ഒക്കെ നൽകുന്നുണ്ട്. ഏതു നായികയുടെ കൂടെ അഭിനയിച്ചാലും ടിയാൻ അപാര കെമിസ്ട്രി ആയിരിക്കുമല്ലോ..ഇവിടെയും അത് തന്നെ.. അഹാന കുറച്ചൂടി നന്നായാൽ കൊള്ളാമായിരുന്നു. ഡയലോഗുകൾ എല്ലാം പക്കാ നാച്ചുറൽ ആണെങ്കിലും കുറച്ചു കൂടി ഇമോഷൻ കൺവെ ചെയ്യണം എന്ന് തോന്നി.

മറ്റുള്ളവരുടെ അഭിപ്രായം കേട്ടു കാണേണ്ട സിനിമയല്ല ലൂക്കാ..സ്വയം കണ്ടു വിലയിരുത്തുക. ഈ എഴുത്തു പോലും നിങ്ങൾക്കുള്ള പുതുമ നഷ്ടപ്പെടുത്തുന്ന ഒന്നാണ്. എന്തായാലും ലൂക്കാ ഒരു നല്ല ഫീൽ നൽകിയ ഒരു സിനിമയാണ്..പാട്ടുകൾ എന്നന്നേക്കുമായി കൂടെയുണ്ടാകും..