സിനിമ തീരെ ഇഷ്ടപ്പെട്ടില്ല. അതിനാൽ തന്നെ എഴുത്തിൽ സ്‌പോയ്‌ലറുകൾ ധാരാളം ഉണ്ടാകും. കാണാത്തവർ വായിക്കാതെ ഇരിക്കുക. ഇതൊരു റിവ്യൂ അല്ല. സിനിമ കണ്ടപ്പോൾ മനസ്സിൽ വന്ന തോന്നലുകൾ ആണ്.

സിനിമ തുടങ്ങുന്നത് തന്നെ നായകനായ ചൈതന്യ ആക ബോബി മൂത്രമൊഴിക്കുന്ന സീനിൽ നിന്നാണ്. ഉഗ്രൻ കയ്യടി ആയിരുന്നു തിയേറ്ററിൽ. ഇതുപോലൊരു ഓപ്പണിങ് സീൻ കിട്ടിയ വിജയ്‍യും കയ്യടിച്ചു വരവേറ്റ ആരാധകരും കിടു. ആ സീനിന്റെ തുടർച്ചയിൽ തന്നെ മുന്കോപക്കാരനായ നായകന്റെ സ്വഭാവം നമുക്ക് മനസ്സിലാകുന്നുണ്ട്. ഇതുപോലെ ഒരുത്തന്റെ പ്രണയകഥ ദുരന്തം ആയില്ലെങ്കിലേ അത്ഭുതം എന്ന് വൈകാതെ മനസ്സലാകുന്നുണ്ട്. SU എന്ന യൂണിയനിൽ അംഗമായ നായകൻ അനീതി കണ്ടാൽ ഇടപെടും. ചുവപ്പും കോമ്രേഡ് എന്ന വിളിയും ഒക്കെ കണ്ടു തിയേറ്ററിൽ എത്തിയവർക്ക് ആർമാദിക്കാൻ അധികം സീനുകൾ ഇല്ലാതെ പോയത് ഒരു നിരാശ തന്നെയാണ്.

പ്രണയം,വിരഹം,യാത്ര, കമ്യുണിസം എന്നീ കാര്യങ്ങൾ സമാസമം ചേർത്താൽ യൂത്തിനെ കയ്യിലെടുക്കാനുള്ള വകയായി. അത് നല്ല രീതിയിൽ ചൂഷണം ചെയ്യുന്ന സിനിമയാണിത്. പ്രണയനൈരാശ്യം മൂലം വീട് വിട്ടു ലക്ഷങ്ങളുടെ ബൈക്കിൽ ഹിമാലയത്തിന്റെ പരിസരത്തിൽ ഊര് ചുറ്റുന്ന നായകൻ, പിന്നീട് വീട്ടിലെത്തി വീണ്ടും വിരഹം വരുമ്പോൾ എഗൈൻ ഹിമാലയത്തിലേക്ക്… സീനുകളുടെ ക്രമം അനുസരിച്ചു നോക്കിയാൽ ഇതിനൊക്കെ വേണ്ടി കഥ എഴുതിയത് പോലെ തോന്നാം.

സിനിമയുടെ പ്രധാന തീം എന്താണെന്ന് മനസ്സിലാക്കാൻ സെക്കൻഡ് ആക്ടിൽ എത്തണം.അത്രയും നേരം മുന്കോപിയായ നായകന്റെ സാഹസം കണ്ടു തീർക്കണം. അർജുൻ റെഡ്ഢി മാനിയ ശരിക്കും ഉള്ളത് വിജയ്‌യ്ക്ക് തന്നെയാണ്. അതേ മാനറിസത്തിൽ ദേഷ്യപ്പെട്ടു കുറേ ഒച്ചയെടുത്തു അഭിനയിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ സങ്കടം തോന്നി. നായകനും നായികയും തമ്മിലുള്ള കോൺഫ്ലിക്റ്റിനു പ്രാധാന്യം നൽകുന്നത് നോക്കിയിരുന്നു ഉറക്കം വന്നാൽ അത്ഭുതമില്ല.

ചൂഷണത്തിനോ പീഡനത്തിനോ ഇരയായാൽ മിണ്ടാതെ ഇരിക്കരുത് എന്നതാണ് സിനിമ പറയാൻ ശ്രമിക്കുന്നത്. പ്രതികരണശേഷിയുള്ള ഒരു സ്ത്രീ ഉണ്ടാകണം എന്നല്ല സിനിമ പറയുന്നത്.മറിച്ചു, പ്രതികരണശേഷി സ്ത്രീയിൽ വരണം എങ്കിൽ പിറകിൽ ഒരു കോമ്രേഡ് ഉണ്ടാകണം എന്നാണ്. ഇവിടെ കോമ്രേടുകളെ പേടിച്ചു ഓടിയ സ്ത്രീകൾ ഉള്ള കാര്യം ഒന്നും അവർക്ക് അറിയില്ലല്ലോ… (ഞാൻ വീട്ടിൽ ഇല്ല, ഇന്നോവ പിന്നീടൊരു ദിവസം അയച്ചോളൂ)

പ്രതികരിക്കാൻ വേണ്ടി നായികയേ സഹായിക്കുന്ന നായകന്റെ വീരകൃത്യങ്ങൾ കണ്ടാൽ ചിരിവരും. സ്വന്തം കഴിവിൽ സ്റ്റേറ്റ് പ്ലേയർ ആയ നായികയ്ക്ക് ഒരു ലൈംഗിക ചൂഷണം നേരിടേണ്ടി വന്നപ്പോൾ അത് പുറത്തു പറയാൻ പറ്റുന്നില്ല. അതിനു നായകന്റെ ഹീറോയിസം വേണ്ടി വരുന്നു. ഇമ്മാതിരി ദുരന്തം നായികകഥാപാത്രങ്ങളെ വിജയ്‌യുടെ സിനിമകളിൽ എങ്ങനെ കൃത്യമായി വരുന്നോ ആവോ?

പറയാൻ വന്ന കാര്യം ഇതാണെങ്കിൽ അത് നാലാമത്തെ റീലിൽ പറയേണ്ടതിനു പകരം കോളേജിലെ അടിപിടി, ഹിമാലയത്തിൽ പോക്ക്, തുടങ്ങി അനാവശ്യ സീനുകളുടെ അയ്യരുകളി മൂലം 3 മണിക്കൂറിനു അടുത്താണ് സിനിമ. ഇടയ്ക്കിടെ ഹീറോയിസം സീനുകളിൽ വരുന്ന കയ്യടി ഇല്ലായിരുന്നു എങ്കിൽ ഉറങ്ങിപോയേനെ.

രാശ്മികയുടെ പ്രകടനം തരക്കേടില്ലായിരുന്നു. ആ കഥാപാത്രം എഴുതിയ വിധം ഇഷ്ടമായില്ല എങ്കിലും പ്രകടനം ഇഷ്ടപ്പെട്ടു.വിജയ് ഇനിയും ഈ ആംഗ്രി റൗഡി ബിഹേവിയർ റോൾ തുടരുന്നു എങ്കിൽ വലിയ ഇമ്പ്രോവെമെന്റ് ഒന്നും കാണില്ല അഭിനയത്തിൽ.

നല്ല ബോറടിയും ഒട്ടും ശക്തമല്ലാത്ത ഒരു മെസ്സേജും നൽകിയ സിനിമ ആയാണ് അനുഭവപ്പെട്ടത്. എന്റെ മാത്രം അഭിപ്രായം.