“A പടം ആണ് അതുകൊണ്ട് കാണരുത്” എന്ന് ജീവിതത്തിൽ ആദ്യമായി കേട്ടത് ഒരു അജിത്തിന്റെ സിനിമയ്ക്കാണ്. വാലി! അന്നേരം കൗതുകം ആയിരുന്നു.പിന്നീട് കൗമാരത്തിൽ എത്തിയപ്പോൾ ആണ് വാലി കണ്ടത്. സിനിമയെപ്പറ്റി കൂടുതൽ ഗാഢമായി ചിന്തിക്കുന്ന സമയം ഒന്നും ആയിരുന്നില്ല അന്ന്. പിന്നീട് ഞാൻ വാലി കണ്ടപ്പോൾ അജിത് എന്ന നടനോട്‌ ആരാധന തോന്നിപ്പോയി. ഇരട്ട കഥാപാത്രങ്ങളുടെ ഡയമെൻഷൻ ഇത്രത്തോളം കൃത്യമായി ചെയ്ത ആ സിനിമ അജിത്തിന്റെ കരിയർ ബെസ്റ്റ് ആയി ഞാൻ കണക്കാക്കുന്നു. ഇന്നേവരെ അതിനെ വെല്ലുന്ന ഒരു പെർഫോമൻസ് അജിത്തിൽ നിന്നും ഞാൻ കണ്ടിട്ടില്ല. നേർക്കൊണ്ട പാർവൈ അഭിനയപരമായി വാലിയുടെ പെർഫോമൻസിന്റെ അടുത്ത് എത്തുന്നില്ല എങ്കിലും ഒരു മനുഷ്യൻ എന്ന നിലയിൽ അജിത് എന്നയാളോട് ബഹുമാനം തോന്നാൻ ഈ സിനിമ ഒരു കാരണമാണ്.

അജിത് എന്ന നടന്റെ താരമൂല്യം എല്ലാവർക്കും അറിയാം. അദ്ദേഹത്തെ പോലൊരു നടൻ “അപ്പടിയെല്ലാം നടക്ക കൂടാത്” എന്ന് പറഞ്ഞാൽ അത് എത്തുന്ന റീച് വളരെ വലുതാണ്. തമിഴ് നടന്മാർ പണ്ട് മുതലേ, MGR ന്റെ കാലം മുതൽ തന്നെ തങ്ങളുടെ മസാല സിനിമയുടെ തുടക്കത്തിൽ പാട്ടിലൂടെ മോറൽ ക്ലാസ് എടുക്കാറുണ്ട്. അതൊക്കെ പാട്ടിൽ ഒതുങ്ങിപോവുകയും ചെയ്യും. ഇവിടെ ഒരു വലിയ നടൻ ഉപദേശിച്ചു നന്നാക്കാൻ ശ്രമിക്കാതെ വളരെ സബ്‌ടൈൽ ആയി പറയാൻ വന്ന കാര്യം പറഞ്ഞു പോയിട്ടുണ്ട്. അതും സ്ത്രീകൾക്ക് എതിരായ അക്രമങ്ങൾ കൂടുതലായി നടക്കുന്ന തമിഴ് നാട്ടിൽ ആവശ്യവുമാണ്. അജിത്തിനെ പോലൊരു നടന്റെ സിനിമയിലൂടെ ഈ വിഷയം എത്തുന്നു എന്ന് പറയുന്നത് അഭിനന്ദിക്കേണ്ട ഒന്നാണ്. പൊളിറ്റിക്സ് ലക്ഷ്യം വെച്ചുള്ള സ്ഥിരം പ്രെസ്സ് കോൺഫറൻസ് സീനുകളിലൂടെ കയ്യടി നേടാൻ ശ്രമിക്കാതെ, മറ്റുള്ള താരങ്ങൾ ആത്മാർത്ഥമായി ഇതുപോലുള്ള നല്ല വിഷയങ്ങൾ തിരഞ്ഞെടുത്തു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ഇതൊരു തുടക്കമാകട്ടെ!

🔥The Good – ഡയലോഗുകൾ ആണ് ഹൈലൈറ്റ്. ഓരോ ഡയലോഗുകളും കുറിക്ക് കൊള്ളുന്ന വിധത്തിൽ ഒരുക്കിയ അണിയറപ്രവർത്തകർക്ക് സല്യൂട്ട്! അഭിനയിച്ച എല്ലാവരും തന്നെ തങ്ങളുടെ റോൾ മനോഹരമാക്കിയിട്ടുണ്ട്. ക്ലൈമാക്സ് സീനുകൾ ഒക്കെ വളരെ നന്നായിരുന്നു.അജിത്തിന്റെ സ്ഥിരമുള്ള ബോറൻ ഡയലോഗ് ഡെലിവറി ആയ വലിച്ചു നീട്ടിയുള്ള സംസാരം ഒഴിവാക്കി, ആ കഥാപാത്രത്തിനോട് നീതി പുലർത്തിയ ഡയലോഗ് മോഡുലേഷൻ വളരെ ഇഷ്ടപ്പെട്ടു. കോർട്ട് റൂം സീനുകളിൽ എതിർഭാഗം വക്കീലിന്റെ റോൾ ചെയ്ത ആളുടെ പ്രകടനം നന്നായിരുന്നു.

ഷാർപ് ആയ ഡയലോഗുകൾക്ക് ഇടയിൽ യുവാന്റെ BGM പെർഫെക്റ്റ് ബ്ലെൻഡ് ആയിരുന്നു. ചില സമയങ്ങളിലെ പശ്ചാത്തല സംഗീതം ഒക്കെ അതിഗംഭീരം ആയിരുന്നു. അജിത്ത് വലിയൊരു സ്ക്രീൻ പ്രെസൻസിനു ഉടമയായതിനാൽ ബാക്കി ഉള്ളവർ നിഷ്പ്രഭർ ആകും എന്ന് വിചാരിക്കുന്നിടത്ത് മൂന്ന് നായികമാരും സ്‌കോർ ചെയ്തത് പറയാതെ വയ്യ.വിദ്യ ബാലന്റെ ആദ്യത്തെ തമിഴ് സിനിമ. കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല.

🔥The Bad – ഈ സിനിമയിലെ ഏറ്റവും വലിയ നെഗറ്റീവ് ഡെല്ലി ഗണേഷിന്റെ കാസ്റ്റിംഗ് ആണ്. ഇമ്മാതിരി നിർവികാരത ഞാൻ മഹേഷ് ബാബുവിൽ പോലും കണ്ടിട്ടില്ല. ഒരു നടന്റെ താരമൂല്യം പല അഡ്ജസ്റ്മെന്റുകൾക്കും കാരണമായേക്കാം. ഇവിടെ ഒരു ഫൈറ്റ് സീൻ അതിൻമൂലം തിരുകി ചേർക്കുമ്പോൾ, അത് അനാവശ്യമല്ലേ എന്നൊരു ചോദ്യം ഉയരും. ഫൈറ്റ് സീനിനോട് ചേർന്നുള്ള ഒരു മാസ്സ് സീനും ഇന്റർവെൽ പോയിന്റും ഈ സിനിമയിൽ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല. പക്ഷെ ഒരു തല ഫാനിനു ഈ രംഗങ്ങൾ കിടു ആണ്. കണ്ടന്റ് ഓറിയന്റഡ് സിനിമകൾ ഇത് ആവശ്യപ്പെടുന്നില്ലല്ലോ…രണ്ടാം പകുതിയിൽ നായകന്റെ ഫ്ലാഷ്ബാക്ക് സബ്പ്ലോട്ട് ആയി വരുന്നത് സിനിമയുടെ മൂഡിനെ ബാധിക്കുന്നുണ്ട്. സിനിമ അത്രയും ദൈർഘ്യം ആവശ്യപ്പെടുന്നില്ല.

🔥Engaging Factor – സിനിമയിൽ പേസിങ് ഇഷ്യൂസ് ഇല്ല. നല്ല ഫ്ലോയിൽ നീങ്ങുന്ന കഥയിൽ എന്താണ് സംഭവിച്ചത് എന്ന ആകാംക്ഷ നിലനിർത്തുന്നതിനാൽ ഒട്ടും ബോറടി ഇല്ല.

🔥Last Word – ഒരു വലിയ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം കാലികപ്രസക്തിയുള്ള ഒരു വിഷയം നമ്മുടെ നാട്ടിലെ പ്രേക്ഷകർക്ക് കൂടി പറയണം എന്ന തീരുമാനത്തിൽ അജിത്ത് കുമാർ എന്ന നടൻ ചെയ്ത ഈ സിനിമ, അദ്ദേഹത്തിന് കൂടുതൽ ആരാധകരെയും ബഹുമാനവും നൽകുന്ന ഒന്നാണ്. ഒരു വലിയ വിജയം അനിവാര്യമായ തമിഴ് ഇന്ഡസ്ട്രിക്ക് ഈ സിനിമ ഒരു മുതൽക്കൂട്ടാകട്ടെ! നല്ല സിനിമ!

🔥Verdict – Good