നഞ്ചങ്കോട്ടയിലെ കുൽഫി.

മാസ് സീനുകൾ ഉണ്ടാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. പെർഫെക്ട് ആയി എല്ലാം നടന്നാൽ മാത്രമേ പ്രതീക്ഷിക്കുന്ന ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയൂ, ഇന്നും ബാഷയിലെ കെട്ടിയിട്ടു തല്ലുന്ന സീനും അതിനു ശേഷമുള്ള ആക്ഷനും കാണുമ്പോൾ മാസ് ഫീൽ തോന്നുന്നു എങ്കിൽ അത് സംവിധായകന്റെ വിജയമാണ്. സ്ഫടികം വെറും മാസ് എന്ന് പറഞ്ഞു ഒതുക്കാവുന്ന സിനിമയല്ല, ജോഷി എന്ന സംവിധായകൻ എന്നും ഓർത്തിരിക്കാൻ പറ്റുന്ന മാസ് സീനുകളുടെ സൃഷ്ടാവാണ്. മാസ് എന്ന് മാത്രം പറയാൻ പറ്റാതെ ക്ലാസ് എന്നും പറയാം ഇവയെ.

രാജമൗലിയും KS രവികുമാറും ബോയ്പാട്ടി സീനുവും ഒക്കെ ഒരുക്കുന്ന ഹൈ വോൾട്ടേജ് ആക്ഷൻ സീനുകൾക്ക് ഇമ്പാക്റ്റ് സൃഷ്ടിക്കാൻ കഴിയുന്നത് ആ സമയത്തുള്ള കോൺഫ്ലിക്റ്റ് കൃത്യമായി വർക്ക്‌ ഔട്ട് ആകുന്നത് കൊണ്ടാണ്. വിക്രമർകുടു, ഛത്രപതി എന്നിവയൊക്കെ കാണുമ്പോൾ അഡ്രിനാലിൻ പമ്പ് ചെയ്യുന്ന ഫീലോക്കെ തോന്നുന്നത് അതിനാലാണ്. അമാനുഷിക ആക്ഷൻ സീൻ ആണെങ്കിൽ പോലും കയ്യടിക്കാൻ തോന്നും. ലെജൻഡ് എന്ന ബാലയ്യ സിനിമയിൽ മാസ് എലെമെന്റ് വളരെ നന്നായി വർക്ഔട്ട് ആകുന്നുണ്ട്. മങ്കാത്തയുടെ പൊളിറ്റിക്കൽ സൈഡ് ഈവിൾ ആണെങ്കിലും അവിടെയും മാസ് വർക്ഔട്ട് ആകുന്നു, കത്തി എന്ന സിനിമ മാസും ക്ലാസും ഒരേപോലെ മിക്സ് ആയ അപൂർവ ഇനം സിനിമയാണ്. മുരുഗദാസിൽ നിന്നും അതുപോലെ ഒരെണ്ണം ഇനി സംഭവിക്കുമോ എന്നറിയില്ല.

ഇത്രയും പുരാണം പറഞ്ഞത് എന്തിനാണ് എന്നാൽ കൽക്കി എന്ന സിനിമയിൽ കണ്ടതൊക്കെ മാസ് ആണ് എന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ മേല്പറഞ്ഞവയെ എന്ത് വിളിക്കും എന്നറിയാനാണ്. സിംപിൾ ആയി ആസ് എന്ന് വിളിക്കാം കൽക്കിയെ. ടോവിനോയെ പോലുള്ള താരത്തെ കൂടുതൽ ഫോളോ ചെയ്യുന്നത് കൗമാരക്കാരായ കുട്ടികൾ ആണ്. കൽക്കിയുടെ മാർക്കറ്റിംഗ് വളരെ നന്നായിരുന്നു. ക്ലീൻ ആയി A സർട്ടിഫിക്കറ്റു കിട്ടേണ്ട സിനിമയാണ് കൽക്കി. നമ്മുടെ നാട്ടിൽ സെൻസർ സർട്ടിഫിക്കറ്റു എന്തായാലും ആർക്കും കയറാം എന്നുള്ള വിധി ഒരു ശാപമാണ്. നായകന്റെ ഓരോ ബിൽഡപ്പിനും സിഗരറ്റ്,മദ്യം എന്നിവ അനിവാര്യമായ ഈ സിനിമ മണ്ടന്മാരായ കൗമാരക്കാർ അനുകരിക്കേണ്ടി വരുന്നത് പരിതാപകരം ആണ്. ഇതൊക്കെ സിനിമയുടെ പൊളിറ്റിക്കൽ സൈഡിനെ പറ്റി ആകുമ്പോൾ സിനിമയിലെ “വേണ്ട കുട്ടാ, ഉരുട്ടാം” എന്ന ഡയലോഗ് വളരെ പൈശാചികം ആയി തോന്നി. പോലീസ് എന്ന വിഭാഗത്തോട് തന്നെ വെറുപ്പുണ്ടാക്കുന്ന ഒരു രംഗം. നായകന്റെ ഇൻട്രോ സീൻ തന്നെ ഒരുവനെ പച്ചയ്ക്ക് തീയിടുന്ന സീനാണ്.അതും പോലീസ് സ്റ്റേഷനിൽ കയറി ഒന്ന് ഷോ ഓഫ് കാണിച്ചതിന്! ഇതെല്ലാം മാസ് സീനാണ് എന്ന് പറയുന്നവർ ഉണ്ടെങ്കിൽ അവർ ശ്രീറാം വെങ്കട്ടരാമന്റെ വണ്ടിയുടെ മുന്നിലേക്ക് പോകട്ടെ!

ഇനി സിനിമയിലേക്ക് വന്നാൽ ഈ കുൽഫി ഒരു മലങ്കൾട്ട് സിനിമ തന്നെയാണ്. ചെറുപ്പത്തിൽ ഞാൻ വായിച്ച ബോബനും മോളിയും ജീവനോടെ സ്‌ക്രീനിൽ വന്നത് കണ്ടത് ഈ സിനിമയിലാണ്. സംയുക്തയും വില്ലനും കൂടി നല്ല പെയർ ആയിരുന്നു. ഇജ്ജാതി കോമഡി! നല്ല ബാസുള്ള ശബ്ദത്തിൽ “കേരളാമുഖ്യൻ പോരെങ്കിലും ആഭ്യന്തര മന്ത്രി കിടുവാണ്” പോലുള്ള പരസ്പരബന്ധം ഇല്ലാത്ത ഡയലോഗുകളുടെ കമനീയ ശേഖരം ആണ് പുള്ളിയുടേത്.

സിനിമയുടെ പ്രധാന പ്രശ്നം തന്നെ കോൺഫ്ലിക്റ്റുകൾ വർക്ക്‌ ഔട്ട്‌ ആകുന്നില്ല എന്നതാണ്. സിനിമയിൽ കൊടൂര വില്ലൻ എന്ന് കാണിക്കുന്നയാൾ എന്ത് ക്രൂരത ആണ് കാണിക്കുന്നത് എന്നറിയാൻ നോക്കിയപ്പോൾ സംയുക്തയോടൊപ്പം ചേർന്ന് ടിയാൻ കോമഡി സീൻ ഉണ്ടാക്കുന്നു. പിന്നെ വില്ലൻ ചെയ്യുന്ന ക്രൂരത വില്ലനിൽ മോഹൻലാൽ ചെയ്ത പോലെ നരകിച്ചു മരിക്കേണ്ടവരെ കൊന്നു സഹായിച്ചു എന്നതാണ്. എഴുന്നേൽക്കാൻ പോലും പറ്റാത്തവരെ കൊല്ലുന്ന ഇവനെയൊക്കെ വില്ലൻ എന്ന് വിളിച്ച ഉണ്ണിക്കൃഷ്ണനെയും പിന്നെ ഈ സിനിമയുടെ സംവിധായകനെയും പറഞ്ഞാൽ മതിയല്ലോ…

ഈ സിനിമയുടെ എഡിറ്റിംഗ് രീതി മ്യാരകം ആണ്. അവിടെ ഇവിടെയായി കുറച്ചു ഹീറോയിസം സീനുകൾ കുത്തിതിരുകിയ കൽക്കിയിൽ മനസ്സറിഞ്ഞു കയ്യടിക്കാൻ പറ്റിയ ഒരൊറ്റ ആക്ഷൻ സീൻ ഇല്ല എന്നതാണ് സത്യം. നായകനോടൊപ്പമുള്ളവർ ഓരോന്നായി തീരുമ്പോൾ ആണ് ലവന് വില്ലനെ കീഴടക്കാൻ തോന്നുന്നത് പോലുള്ള പതിവ് അലങ്കാര ക്ലിഷേകൾ പിന്നെയും സഹിക്കാം, നായകന്റെ 12ആം വയസ്സിലുള്ള ഒരു ഓഞ്ഞ ഫ്ലാഷ്ബാക്ക്..എന്റമ്മോ…

കൾട്ട് സീനുകളുടെ കാര്യം പറയുക ആണെങ്കിൽ ഒരു കൂട്ടം തമിഴന്മാരെ നാടുകടത്തിയതിനു എതിരെ ഉള്ള സമരത്തിന് മലയാളത്തിൽ ബാനർ കെട്ടുക തുടങ്ങി ഒരുപാട് സീനുകൾ വന്നുപോകുന്നുണ്ട്. നായകൻ ഒരു പോലീസ് തന്നെയാണോ എന്ന് ഉറപ്പില്ലാത്ത കഥയിൽ ഇത്രയും ലോജിക് ഒക്കെ നോക്കുന്നത് മണ്ടത്തരമായി തോന്നിയതിനാൽ കൂടുതൽ അതിലേക്ക് ചിന്തിക്കുന്നില്ല.

കൽക്കിയിലെ ബ്രില്ലിയൻസുകൾ നമ്മൾ മറക്കാൻ പാടില്ല. ടോവിനോയും സിലിണ്ടറും എത്രത്തോളം പരസ്പരപൂരകങ്ങൾ ആണെന്ന് നമുക്ക് അറിയാം. സാറിന്റെ വീട്ടിൽ ഒരു സിലിണ്ടർ ഇല്ലേ എന്ന ഡയലോഗും തുടർന്നുള്ള സിലിണ്ടർ പൊട്ടിത്തെറി സീനും നമ്മൾ ശരിക്കും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ജെയ്ക്സ് ബിജോയ്‌ ഈണമിട്ട കിടിലൻ പാട്ടുകൾ ആദ്യം എടുത്ത് അതിനു വേണ്ടി സീനുകൾ ഉണ്ടാക്കിയ ഈ സിനിമയിൽ നായകന്റെ പേര് വെറും K എന്നാണ്. സിനിമ തീരുമ്പോൾ K കൊണ്ടുള്ള എന്തും നമുക്ക് വിളിക്കാൻ എളുപ്പത്തിൽ ഇത്തരം ഒരു കഥാപാത്രത്തെ തന്നെ സംവിധായകന് നന്ദി. രണ്ടാമത്തെ റീലിൽ വില്ലനെ ഈസിയായി തീർക്കേണ്ടതിന് വലിച്ചു നീട്ടി ഒരാവശ്യവുമില്ലാത്ത കുറേ പുകയില മദ്യ സീനുകളുടെ പരസ്യം നൽകി ഓഞ്ഞ ഒരു ക്ലൈമാക്‌സും നൽകി അവസാനം കീറിയ സോക്സ്‌ മുഖത്തു ഒട്ടിച്ച പോലുള്ള ഗെറ്റപ്പുമായി ടോവി വരുമ്പോൾ…. @%@%&#&#%#

മഴ കനക്കുന്നു, പ്രളയം വരുമോയെന്ന പേടിയും വരുന്നു.. കൂടെ ടോവിനോയും..ആഹാ..അന്തസ്സ്!