കാലഘട്ടം പഴയത് ആണെങ്കിൽ പോലും പുതിയ ലെവൽ മേക്കിങ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമകളുണ്ട്. തമിഴിൽ ആണെങ്കിൽ വിരുമാണ്ടി, പരുത്തി വീരൻ, സുബ്രമണ്യപുരം പോലെ കിടിലൻ ഐറ്റങ്ങൾ ഉദാഹരമായി പറയാം. പൊറിഞ്ചു മറിയം ജോസിന്റെ എൺപതുകളിലെ കാലഘട്ടവും കുടിപ്പകയും ഒക്കെ തീം ആകുമ്പോൾ ഒരു റഫ് ആയുള്ള സിനിമയാണ് പ്രതീക്ഷിക്കുന്നത്. വലിയ താരങ്ങൾ ഇല്ലാത്ത സിനിമ ആകുമ്പോൾ തിരക്കഥ ആവശ്യപ്പെടുന്ന ഹീറോയിസം മാത്രമേ ഉണ്ടാകൂ എന്നൊരു ആശ്വാസവുമുണ്ട്. ജോഷിയെ പോലെ ഒരുപാട് പരിചയസമ്പത്തുള്ള സംവിധായകനിൽ നിന്നും ഈ കാലഘട്ടത്തിൽ വലിയ പുതുമയൊന്നും പ്രതീക്ഷിക്കണ്ട എന്നാണ് സിനിമ പറയുന്നത്.പക്ഷെ സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ മേക്കിങ് മികച്ചു നിൽക്കുന്നു. കാലഘട്ടം പോലെ തന്നെ പഴഞ്ചനാണ് കഥ എങ്കിലും കഥാപാത്രങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നവ ആയിരുന്നു.

⚡️The Good – ശക്തമായ കഥാപാത്രനിർമിതിയാണ് സിനിമയിൽ ഏറെ ഇഷ്ടപ്പെട്ട കാര്യം. പൊറിഞ്ചു, മറിയം, ജോസ്, ഐപ്പ്, പ്രിൻസ് തുടങ്ങി സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ എല്ലാം മനോഹരം. കഥയിൽ കോൺഫ്ലിക്റ്റ് വരുന്നത് നിസാര കാര്യമായതിനാലും, ഒരു പെരുന്നാളിന് തുടങ്ങുന്ന പക അടുത്ത പെരുന്നാളിന് തീർക്കുന്ന സിനിമാറ്റിക് സ്റ്റൈലും വിരസത തോന്നിപ്പിക്കാതെ ആദ്യപകുതിയിൽ ഒതുക്കാൻ ജോഷിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

റോ ആൻഡ് റഫ് ആയ ഒരു നായകനെ ഒരുപാട് നാളുകൾക്ക് ശേഷം കാണുകയായിരുന്നു, ജോജു തന്റെ ശരീരഭാഷ വളരെ നന്നായി ഉപയോഗിച്ച സിനിമയാണിത്. വലിയ അഭിനയമുഹൂർത്തങ്ങളോ മറ്റും ഇല്ല എങ്കിൽ കൂടിയും ജോജുവിന്റെ പ്രകടനം മനസ്സിൽ തങ്ങി നിൽക്കും. ചെമ്പൻ വിനോദിന്റെ കഥാപാത്രസൃഷ്ടി തന്നെ രസകരമാണ്, അതിനാൽ പടത്തിൽ സ്‌കോർ ചെയ്തത് ചെമ്പൻ ആണെന്ന് തോന്നും, പക്ഷെ ഐപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിജയരാഘവൻ കുറച്ചൊന്നുമല്ല തകർത്തു വാരിയത്. ഓരോ ഘട്ടങ്ങളിലും ആയുള്ള പ്രകടനം അത്രമേൽ മനോഹരം.

ജെയ്ക്സ് ബിജോയുടെ പശ്‌ചാത്തല സംഗീതം കിക്കിടു ആയിരുന്നു. നമ്മൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് അപകടം പറ്റുമോ എന്നുള്ള ഭീതി തിരക്കഥ നല്കുന്നതിനോടൊപ്പം BGM കൂടി ആകുമ്പോൾ നല്ലൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു. ഓരോ ഫ്രെയിമും ലൈറ്റിംഗും എല്ലാം നന്നായിരുന്നു.

ക്യാരക്ടർ എക്‌സ്‌പോസിഷൻ ശക്തമായി സ്വാധീനിക്കുന്നത് ക്ലൈമാക്സിലാണ്. ഊഹിക്കും വിധമാണ് അത് നടക്കുന്നത് എങ്കിലും അതായിരുന്നു അതിന്റെ ഭംഗി.

⚡️The Bad – മറിയം വളരെ ശക്തമായ ഒരു കഥാപാത്രമാണ്. നൈലയുടെ പ്രകടനം മറിയത്തിനു പൂർണ്ണത നൽകുന്നില്ല. മറിയത്തിന്റെ കോൺഫ്ലിക്റ്റുകൾ സിനിമാറ്റിക് ലിബർട്ടി ആണ്. കള്ളുഷാപ്പിലേ പാട്ടും മറ്റും ആസ്ഥാനത്തു വരുന്നത് കഥയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. നല്ല പേസിൽ പ്രോമിസിംഗ് ആയുള്ള ആദ്യപകുതിയ്ക്ക് മലയാളസിനിമ എന്പതിലും തൊണ്ണൂറിലും കണ്ട അതേ ക്ലിഷേ അവസാനം നൽകിയ വിധം ഒരു പോരായ്മയാണ്. ചില പ്രേക്ഷകർക്കു സിനിമ ഒരു ആവറേജ്‌ അനുഭവമായി ഒതുങ്ങിയാൽ അതിന്റെ കാരണം ക്ലൈമാക്സ് ആകാം,ഇന്നത്തെ കാലത്ത് ഇത്തരം ക്ലൈമാക്സുകൾക്ക് സ്വീകാര്യത ഇല്ലല്ലോ…

⚡️Engaging Factor – നല്ല രസമായിരുന്നു നല്ല ഫ്ലോയിൽ കണ്ടിരിക്കാവുന്ന ആദ്യപകുതിയും ആർക്കും ഊഹിക്കാൻ പറ്റുന്ന തരത്തിലുള്ള രണ്ടാം പകുതിയും ആണ് സിനിമ. സെക്കൻഡ് ആക്ടിൽ കുറച്ചു ലാഗ് ഫീൽ ചെയ്തേക്കാം.

⚡️Last Word – ജോഷി ചതിച്ചാശാനേ എന്ന് പറയാൻ പറ്റില്ല, ജോഷി കലക്കി എന്നും പറയാൻ പറ്റില്ല. ജോഷി കാശ് കളഞ്ഞു എന്നും പറയാൻ പറ്റില്ല.

⚡️Verdict – Mediocre