സ്വന്തം അമ്മയുടെ ഓപ്പറേഷന് വരെ ആശുപത്രിക്കാരുമായി കമ്മീഷൻ വാങ്ങുന്ന ഇട്ടിമാണിയാണ് ആദ്യ ചില ഫ്രെയിമിൽ നാം കാണുന്നത്. കാശിനു വേണ്ടി എന്തും എന്ന ലൈൻ ഉള്ള നായകനെ കണ്ടപ്പോൾ, അതൊരു സൂപ്പർതാരം കൂടി ആകുമ്പോൾ അവസാനം ഒരു വെളുപ്പിക്കൽ ഉണ്ടാകുമെന്ന് തോന്നിയിരുന്നു. പക്ഷെ അതിനേക്കാൾ അസഹനീയമായ ചില സംഗതികൾ കൊണ്ട് സമ്പുഷ്ടമാണ് ഇട്ടിമാണി.

🔥The Good – സിനിമയിൽ കൂടുതൽ ഇഷ്ടപ്പെട്ട ചില രംഗങ്ങൾ സിദ്ധിക്ക് ഉള്ളവ ആയിരുന്നു. ലാലേട്ടൻ ആയുള്ള കോംബോ സീനുകൾ നന്നായിരുന്നു. ഒരു കലണ്ടർ സീനൊക്കെ നന്നായി ചിരിപ്പിച്ചു. ചാനലിലെ കോമഡി സീനുകളിൽ ഈ രംഗങ്ങൾ വന്നാൽ പിന്നെ ആ പുതുമയും നഷ്ടപ്പെടും. പിന്നെ അങ്ങോട്ട് ബഹുരസം ആയിരിക്കും. ബാക്കി സീനുകൾക്കായി സീറ്റ്‌ ബെൽറ്റ്‌ കരുതുക.

🔥The Bad – സിനിമയിൽ പറയുന്ന ഡബിൾ മീനിങ് കോമഡികൾ ആ സിനിമയിലെ അമ്മ കഥാപാത്രത്തെ ഉൾപ്പെടുത്തിയാണ്. ഒരിക്കലും അക്സപ്റ്റ് ചെയ്യാൻ പറ്റാത്ത രീതിയിൽ ഉള്ള ആ കോമഡി (?) ലാലേട്ടനെ പോലൊരു താരം ചെയ്യുന്നത് വളരെ മോശമായി തോന്നി. അശ്ലീലം കലർന്ന കോമഡികൾ മലയാളസിനിമയ്ക്ക് പുതിയ സംഗതി അല്ല എങ്കിലും ഈ സിനിമയൊക്കെ സകല അതിർത്തിയും ലംഘിക്കുന്ന ഒന്നാണ്.

ഇട്ടിമാണി ഇടയ്ക്ക് സ്വിച്ച് ഇട്ടാൽ മാത്രം തൃശൂർ സ്ളാങ് പറയുന്ന ഒരാളാണ്. സീരിയസ് സീനുകൾ വന്നാൽ ടിയാൻ ദൂരദർശനിൽ വാർത്ത വായിക്കുന്നത് പോലെയും അല്ലാത്ത പക്ഷം കഷ്ടപ്പെട്ട് ചിരിപ്പിക്കാൻ തൃശൂർ സ്ളാങ് പറയുന്നവനും ആകുന്നു. സിനിമയിലെ മാനറിസങ്ങൾ കാണുമ്പോൾ ലാലേട്ടൻ നല്ല ബോറനായും അഭിനയിക്കുമല്ലേ എന്ന് ആരും ചോദിച്ചു പോകും. സത്യത്തിൽ നല്ല ബോറായി അദ്ദേഹം ജീവിക്കുക ആയിരുന്നു.

ഇടവേളയിൽ വരുന്ന ഒരു ട്വിസ്റ്റ്‌ കാണുമ്പോൾ തന്നെ ബാക്കി കഥ ഊഹിക്കാൻ സാധിക്കും. പക്ഷെ പിന്നീട് അങ്ങോട്ട് ഒരു അന്തിപരമ്പരയുടെ നിലവാരത്തിൽ ആണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. കുറച്ചു നാളായുള്ള ഉപദേശം ഫാക്ടർ തിരിച്ചു കിട്ടിയ ലാലേട്ടൻ പിന്നീട് അങ്ങോട്ട് ഉപദേശിച്ചു തകർക്കുക ആയിരുന്നു. അത് കേട്ടതോടെ ബാക്കിയുള്ളവർ നല്ലവരായ ഉണ്ണികൾ ആയി ഒരു ആദ്യരാത്രി പരസ്യവും നൽകി ഏട്ടൻ പോവുകയാണ്.

🔥Engaging Factor – കുടുംബപ്രേക്ഷകർ ഏറ്റെടുക്കും എന്ന് പറയാൻ ഒരു കാരണമുണ്ട്. ചവറു സീരിയലുകൾ ഇന്നും ഹിറ്റായി ഓടുന്ന നമ്മുടെ നാട്ടിൽ വയസായ അമ്മമാരുടെ സെന്റിമെന്റ്സ് ഇനിയും ഏൽക്കും. ലാലേട്ടൻ അതിലെ നായകൻ ആകുമ്പോൾ അവർക്ക് രസകരമായും തോന്നിയേക്കാം. പക്ഷെ പക്ഷെ സിനിമ എന്ന് പറയാൻ പറ്റില്ല. ഇത് രണ്ടേമുക്കാൽ മണിക്കൂറുള്ള ഒരു സീരിയൽ തന്നെയാണ്.

🔥Last Word – കഴിഞ്ഞ ഓണത്തിന് ഒരു പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ ഇത്തവണ ലാലേട്ടനും രാജുവേട്ടനും നിവിനും കൂടി ഒരു മനുഷ്യ നിർമിത ദുരന്തങ്ങൾ നൽകുന്നു. ഇത്രയും ഫാൻസ്‌ ഷോ കിട്ടിയ ഒരു സീരിയൽ വേറേ ഉണ്ടാകില്ല. ഓണചിത്രങ്ങളിൽ ഏറ്റവും മോശം എന്ന് നിസംശയം പറയാം.

🔥Verdict – മുട്ട പൊതിഞ്ഞ പേപ്പർ