അടുത്തായി കത്തിയെരിയുന്ന ഒരു ജഡം, പൊതിഞ്ഞു വെച്ച ഭക്ഷണം കഴിച്ചു കൊണ്ട് മഹാ തന്റെ ഭൂതകാലത്തെ പറ്റി പറയുകയാണ്. ദുർഗുണപരിഹാരപാഠശാലയിൽ ചെറുപ്പത്തിൽ വളരുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ജഡം കത്തുന്ന ദുർഗന്ധം പരക്കും. ഛർദിക്കാതെ ഭക്ഷണം മുഴുവൻ കഴിക്കുന്നവനെ വീരൻ എന്ന് മറ്റുള്ളവർ വിളിക്കും. ആ കഥയിൽ മഹായുടെ ബാല്യമുണ്ട്, കഴിക്കാനുള്ള ഭക്ഷണമാണ് ഏറ്റവും വലുത് എന്ന തിരിച്ചറിവും.

ശാന്തകുമാറിന്റെ മൗനഗുരു പലരുടെയും ഓൾ ടൈം ഫേവറിറ്റ് സിനിമയാണ്. അതിനു ശേഷം 8 വർഷമെടുത്തു അടുത്ത സിനിമയായ മഹാമുനി റിലീസ് ചെയ്യാൻ. ആര്യ എന്ന നടന്റെ കരിയർ ബെസ്റ്റ് പ്രകടനം നമുക്ക് ഈ സിനിമയിലൂടെ കാണാം. മൗനഗുരു പോലെ മുഴുനീളെ എൻഗേജ് ചെയ്യുന്ന ഒരു സിനിമ ആയല്ല ശാന്തകുമാർ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സ്ലോ ബേൺ ആയി പടർന്നു ആളിക്കത്തുന്ന ഒരു കഥ. മാനുഷിക തലങ്ങൾ ഇത്രമേൽ സിംബോളിക് ആയി പറയുന്ന ഒരു സിനിമ ഈ വർഷം തമിഴിൽ നിന്നും ഉണ്ടായിട്ടില്ല. ഈ വർഷത്തെ ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസുകളിൽ ഒന്നാണ് മഹാമുനി.

🔥The Good – മഹാ,മുനി എന്നീ രണ്ടു കഥാപാത്രങ്ങൾ ആയുള്ള ആര്യയുടെ ഗംഭീരപ്രകടനം. മിതത്വത്തോടെ, തനിക്കു കിട്ടിയ വേഷം വളരെ നന്നായി അവതരിപ്പിച്ചിരിക്കുകയാണ് ആര്യ. മഹായുടെ വിധേയത്വം,ഭയം, സ്നേഹം,പ്രതികാരം തുടങ്ങി ആ കഥാപാത്രത്തെ എക്സ്പോസ് ചെയ്ത വിധം അതിഗംഭീരം ആയിരുന്നു. ഒരു അസാസിൻ ആയ നായകൻ എന്ന് പറയുമ്പോൾ ഇത്രനാൾ സിനിമയിൽ കണ്ട ടെംപ്ളേറ്റ് പൊളിച്ചെഴുതി പുതിയ ഒന്ന് കൊണ്ടുവരുന്നുണ്ട് ശാന്തകുമാർ. മകനുമായുള്ള ആത്മബന്ധം കാണിക്കുന്ന സീനുകൾ ഒക്കെ ഫ്രഷ് ആയിരുന്നു.

കത്തി കൊണ്ട് ഒരു കുത്തു കിട്ടുന്ന രംഗം ഒരുവിധം എല്ലാ സിനിമയിലും കാണും. ഈ സിനിമയിൽ ഒരു മുറിവ് ഉണ്ടാകുന്നതും അതിന്റെ പിറകിൽ ഉള്ള ഡീറ്റൈലിംഗും ഒക്കെ കാണിച്ചു കൊണ്ടുള്ള തുടക്കവും പതുക്കെ പതുക്കെ കഥയുടെ കോൺഫ്ലിക്റ്റ് പുറത്താകുന്നതും ജാതിവെറിയും അധികാരകൊതിയും ഒരേ മുഖഛായയുള്ള ഇരുവരുടെ ജീവിതത്തിൽ എങ്ങനെ മാറ്റം ഉണ്ടാക്കുന്നു എന്ന് രണ്ടേമുക്കാൽ മണിക്കൂറിൽ വളരെ മനോഹരമായി പറഞ്ഞിട്ടുണ്ട്.

സിനിമയിൽ പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന കഥ ആവശ്യപ്പെടുന്ന വേഗതയിൽ ഒരിക്കലും ബോറടിക്കാതെയാണ് നീങ്ങുന്നത്. ഓരോ സീനും പെർഫെക്റ്റ് ഡീറ്റൈലിംഗ് ആയി പറഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന പ്രേക്ഷകന്റെ ഹൃദയമിടിപ്പ് എടുത്തു പറയേണ്ട ഒന്നാണ്. ടെൻഷൻ ക്രിയേറ്റ് ചെയ്യേണ്ട സീനുകൾ എല്ലാം തന്നെ എഫക്ടീവ് ആയിരുന്നു.

സിനിമയിലെ ജാതി പ്രശ്നവും മുനി എന്ന കഥാപാത്രത്തിന്റെ ഫിലോസഫിയും കയ്യടി അർഹിക്കുന്നവ ആണ്. ആര്യയെക്കൂടാതെ മറ്റുള്ള അഭിനേതാക്കളും സിനിമയിൽ ഗംഭീരം ആയിരുന്നു. മഹിമ നമ്പിയാരുടെ ക്യാരക്ടർ എക്‌സ്‌പോസിഷൻ അധികം കാണിക്കാതെ ഇരുന്നത് നിരാശ ഉണ്ടാക്കുന്നുണ്ട്. ഇന്ദുജയുടെ പ്രകടനവും കഥാപാത്രവും ഇഷ്ടമായി.

ശാന്തകുമാറിന്റെ മുൻസിനിമ കണ്ടവർക്ക് അറിയാം കേന്ദ്രകഥാപാത്രത്തിന്റെ നഷ്ടങ്ങൾ/വേദന എത്രത്തോളം പ്രേക്ഷകനിൽ ഇമ്പാക്റ്റ് ചെയ്യാൻ കഴിവുള്ളയാൾ ആണെന്ന്. നമ്മൾ പ്രതീക്ഷിക്കുന്നിടത് ഒന്നും ഹീറോയിസം വരുന്നില്ല. ഈ സിനിമയിൽ ഹീറോയിസം എന്നതേയില്ല. ജീവിതത്തിന്റെ നാല് ഘട്ടങ്ങളായ ബ്രഹ്മചര്യം,ഗൃഹസ്ഥം,വാനപ്രസ്ഥം,സന്യാസം എന്നീ സ്റ്റേജുകൾ മഹാമുനിയിലൂടെ പറഞ്ഞു തരുന്നു.

🔥The Bad – വളരെയധികം ടെൻഷൻ ക്രിയേറ്റ് ചെയ്യുന്ന ആദ്യപകുതിയുടെ അത്രയും ഇമ്പാക്റ്റ് രണ്ടാം പകുതി നൽകുന്നില്ല എന്നൊരു ചെറിയ കുറവ് മാത്രമേ ഈ സിനിമയിൽ കണ്ടുള്ളൂ..

🔥Engaging Factor – കഥ ആവശ്യപ്പെടുന്ന വേഗത മാത്രമുള്ള എന്നാൽ ഒട്ടും ബോറിങ് അല്ലാത്ത നരേഷൻ ആണ് സിനിമയുടേത്. കഥയിൽ എൻഗേജ് ആയാൽ പിന്നെ കണ്ണെടുക്കില്ല.

🔥Last Word – വളരെ നല്ലൊരു സിനിമാറ്റിക് എക്സ്പീരിയൻസ്.മികച്ച അഭിനയം, ഛായാഗ്രഹണം,പശ്ചാത്തല സംഗീതം, തിരക്കഥ തുടങ്ങി സകല വിഭാഗത്തിലും വിജയിച്ച മികച്ചത് എന്ന് ഉറപ്പിച്ചു പറയാവുന്ന ഒരു സിനിമ. തിയേറ്ററിൽ മാത്രം കാണുക.

🔥Verdict – Very Good