ഒരു സ്പോർട്സ് ഡ്രാമ എന്ന ടാഗിൽ വരുന്ന സിനിമയിൽ നമ്മൾ പ്രതീക്ഷിക്കുന്ന ക്ലിഷേകൾ ചിലതുണ്ട്. അതെല്ലാം കാറ്റിൽ പറത്തി വളരെ ഇമോഷണൽ ആയി കഥ പറയുന്ന സിനിമയാണ് ഫൈനൽസ്. സിനിമയുടെ ആത്മാവിനെ മനസ്സിലാക്കി ഒന്ന് മനസ്സു പിടയുമ്പോൾ ആണ് ഇതൊരു നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണെന്ന് അറിയുന്നത്. ആ സമയം മനസ്സിൽ ഉയരുന്ന വികാരങ്ങൾക്ക് കണക്കുകളില്ല. എല്ലാവരും ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഷയത്തെ സിനിമയാക്കിയ സന്തോഷമാണോ, അതോ യഥാർത്ഥത്തിൽ നടന്ന സംഭവത്തിന്റെ വിഷമം ആണോ, സിനിമയുടെ ക്ലൈമാക്സ്‌ നൽകിയ പോസിറ്റീവ് എനർജിയാണോ, ഒന്നും പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

🔥The Good – വൈകാരികമായി പ്രേക്ഷകനെ കീഴ്പ്പെടുത്താൻ സിനിമയുടെ തിരക്കഥയ്ക്ക് കഴിയുന്നുണ്ട്. പറക്കാം എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഗാനത്തിലൂടെ തുടങ്ങി കഥാപാത്രങ്ങളെ പരിചയപ്പെടുത്തി, അതിൽ തന്നെ ചെറിയ ഒരു ഫോർഷാഡോവിങ് ഒളിപ്പിച്ചു, പിന്നീട് പ്രധാന പോയിന്റിൽ അത് നൽകി തൃപ്തികരമായ ഒരു അവസാനം നൽകിയിട്ടുണ്ട് സിനിമ.

സുരാജ് വെഞ്ഞാറമൂട് എന്നാ നടന്റെ മികച്ച പ്രകടനത്തിന് പുറമെ, രജിഷയുടെ ആലീസ് എന്ന കഥാപാത്രവും മനസ്സിൽ തങ്ങിനിൽക്കുന്നവ ആയിരുന്നു. ആലീസിന്റെ ജീവിതമാണ് സിനിമ എന്ന തോന്നൽ പൊളിച്ച രണ്ടാം പകുതിയിൽ സുരാജിന്റെ നിരവധി നല്ല അഭിനയമുഹൂര്തങ്ങൾ കാണാം. നിരഞ്ജ് എന്ന നടന്റെ ഏറ്റവും ഇഷ്ടപ്പെട്ട പെർഫോമൻസ് ആയിരുന്നു ഈ സിനിമയിൽ. തന്റെ കരിയറിൽ ഇതുപോലൊരു നല്ല സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ടിയാന് അഭിമാനിക്കാം.

കൈലാസ് മേനോൻ ചിട്ടപ്പെടുത്തിയ മനോഹരമായ ഗാനങ്ങൾ സിനിമയിൽ ആവശ്യപ്പെടുന്നിടത്ത് മാത്രം വന്നു കഥയോട് അനുയോജ്യമായി പോകുന്നത് നല്ലൊരു അനുഭവമായിരുന്നു. പറക്കാം എന്ന ഗാനം തിയേറ്റർ വിട്ടാലും മനസ്സിൽ പതിഞ്ഞു നിൽക്കും. രണ്ടു മണിക്കൂർ മാത്രമായി ഒതുക്കി ക്രിസ്പ് ആയി സിനിമ ചുരുക്കുകയും ചെയ്തുട്ടുണ്ട് എഡിറ്റർ.

സിനിമയിൽ പറഞ്ഞു പോകുന്ന വിഷയങ്ങൾ കാലിക പ്രസക്തി ഉള്ളവയാണ് എന്നിവയ്ക്ക് പുറമെ, അധികം ആരും ശ്രദ്ധ കൊടുക്കാത്ത ഒന്നാണ്. സ്പോർട്സ് മനസ്സിൽ കൊണ്ട് നടക്കുന്ന കായികതാരങ്ങളുടെ കഷ്ടപ്പാടുകൾ ന്യൂസ്‌ പേപ്പറിന്റെ ഏതെങ്കിലും ഒരു കോണിൽ ഒതുങ്ങുന്ന, രാജ്യം അഭിമാനിക്കാവുന്ന നേട്ടം കൊയ്ത കായികതാരത്തെക്കാൾ ജനസമ്മതി മറ്റുള്ളവർക്ക് കിട്ടുന്ന ഈ സമയം ഫൈനൻസ് പോലുള്ള സിനിമകൾ ഇറങ്ങേണ്ടത് അത്യാവശ്യമാണ്. അത് കണ്ടു വിജയിപ്പിക്കേണ്ടത് സിനിമയേ സ്നേഹിക്കുന്നവരുടെ കടമയും. കാരണം, ഇതുപോലുള്ള സിനിമകൾ വിജയിച്ചാൽ അതിന്റെ ചുവടു പിടിച്ചു ഇനിയും നല്ല സിനിമകൾ എത്തും. ഓണത്തിന് ഒരേയൊരു നല്ല മലയാളസിനിമ എന്ന അവസ്ഥയിലേക്ക് എത്തരുത് നമ്മുടെ ഇൻഡസ്ട്രി.

സിനിമയുടെ ആഖ്യാനം ഒട്ടും ബോറടി ഇല്ലാതെയാണ്.ആലീസിനെയും അവളുടെ കുടുംബത്തെയും മനസ്സിലാക്കിയാൽ സിനിമ തീരുന്നത് പോലും അറിയില്ല. ഇടയ്ക്കുള്ള കോൺഫ്ലിക്റ്റുകളെ അതിജീവിച്ചു ആലീസ് പറക്കുന്നത് നമുക്ക് കാണാം.

🔥The Bad – സ്പോർട്സ് സിനിമകളിൽ ആവേശകരമായ ത്രില്ലിംഗ് ആയുള്ള മത്സരയോട്ടവും മറ്റും നമുക്ക് കാണാം.പക്ഷെ ഫൈനൻസ് അതുപോലുള്ള കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്നില്ല എന്നൊരു ചെറിയ നിരാശ ഉണ്ടായേക്കാം. സിനിമ പറയാൻ ഉദ്ദേശിച്ച കാര്യവുമായി നോക്കുമ്പോൾ ഇതൊരു കുറവുമില്ല.

🔥Engaging Factor – ഒരു ഇമോഷണൽ ഡ്രാമ എന്ന നിലയിൽ കൃത്യമായ പേസിങ് സിനിമയ്ക്കുണ്ട്. രണ്ടു മണിക്കൂർ മാത്രം നീളമുള്ളതിനാൽ ബോറടിക്കു വകയില്ല.

🔥Last Word – വലിയ സംഭവം എന്നൊന്നും പറയുന്നില്ല. പക്ഷെ കണ്ടു കഴിയുമ്പോൾ നഷ്ടം തോന്നില്ല. സന്തോഷമാണോ കരച്ചിലാണോ എന്നൊന്നും പറഞ്ഞറിയിക്കാൻ പറ്റില്ല, ഫൈനൻസ് പോലുള്ള സിനിമകൾ ഇനിയും വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കും. ഓണം റിലീസിൽ ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ.

🔥Verdict – Good