പിഷാരടിയുടെ ആദ്യത്തെ സംവിധാനസംരംഭം എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ ആയിരുന്നു. അടുത്ത സിനിമ മമ്മൂക്കയുടെ കൂടെ ആകുമെന്ന് അറിഞ്ഞത് മുതൽ താല്പര്യം തോന്നിയത് ഇക്ക സിനിമയിൽ കോമഡി സീനുകൾ അവതരിപ്പിക്കുന്നത് കാണാമല്ലോ എന്നോർത്തിട്ടായിരുന്നു. പിഷാരടിയെപോലെ ഒരു കോമഡി നന്നായി കൈകാര്യം ചെയ്യുന്ന സംവിധായകന്റെ സിനിമയിൽ ഇക്കയെ കാണുന്നത് പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു.

🔥The Good – സ്റ്റേജ് പ്രോഗ്രാമുകളിലും ബോട്ടുകളിലും ഒക്കെ പാട്ട് പാടുന്ന ഒരു സാധാരണ പാട്ടുകാരന്റെ ജീവിതം കുറെയൊക്കെ നന്നായി സ്‌ക്രീനിൽ കൊണ്ടുവരാൻ പിഷാരടിക്ക് കഴിഞ്ഞിട്ടുണ്ട്. ക്ലബ് ഫങ്ക്ഷനും സെൽഫി നോട്ടുമാലയും ഒക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

🔥The Bad – ഒരു കഥാപാത്രമായി അഭിനയിക്കുന്ന നായകനെ കാണുമ്പോൾ പ്രേക്ഷകന് കൺവിൻസിംഗ് ആകുന്നില്ല എങ്കിൽ അതിനെ മിസ്‌കാസ്റ്റിംഗ് എന്ന് പറയാം. ഞാൻ കണ്ട ഏറ്റവും തോൽവി മിസ്‌കാസ്റ്റിംഗ് ഈ സിനിമയിൽ ആണ്.

ഇളമൈ ഇതോ ഇതോ എന്ന പാട്ട് എല്ലാ ഗാനമേളയിലും ഉണ്ടാകും, ഫുൾ സോങ് ആയ ചെയിൻ സോങ് ആയോ വരുന്ന ആ പാട്ടു ആവശ്യപ്പെടുന്ന ഒരു എനർജി ലെവൽ ഉണ്ട്. ഇവിടെ ഇക്കയുടെ ഓപ്പണിങ് സീൻ തന്നെ ആ പാട്ട് പാടുന്നതാണ്. ഇക്ക പാടുന്നത് കണ്ടപ്പോൾ സത്യത്തിൽ സങ്കടം വന്നു. ഈയൊരു റോൾ ഇദ്ദേഹത്തിന് പറഞ്ഞതല്ല എന്ന് ആദ്യത്തെ സീനിൽ തന്നെ മനസ്സിലാകുന്നുണ്ട്.

ഉല്ലാസിന്റെ ഭാര്യ ആയി അഭിനയിച്ച നായിക, ജോണി ആന്റണി തുടങ്ങി മിസ്‌കാസ്റ്റിംഗ് സിനിമയിൽ അവിടവിടെ കാണാം. സിനിമയുടെ യഥാർത്ഥ കോൺഫ്ലിക്റ്റ് വളരെ വീക്ക് ആയി കാണിക്കുന്നതാണ് യഥാർത്ഥ പ്രശ്നം.

കാലസദൻ ഉല്ലാസ് ആയുള്ള മമ്മൂട്ടിയുടെ പ്രകടനം ശരാശരിയിൽ താഴെ ആയിരുന്നു. ഇക്കയുടെ സിനിമകളിൽ തന്നെ ഒരു “നിർഗുണപരബ്രഹ്മം” യൂണിവേഴ്‌സ് ഉണ്ട്. പല്ലാവൂർ ദേവനാരായണനിലും കുട്ടനാടൻ ബ്ലോഗിലും ഒക്കെ ആരാണ്ടിന്റെ കോച്ചിന്റെ തന്ത ആകാൻ പോകുന്നതും പുള്ളിക്കാരൻ സ്റ്റാറായിലെ മനഃപൂർവം ഒന്നും ചെയ്യാതെ കുറ്റക്കാരൻ ആകുന്ന നായകൻ ഇവിടെയും വരുന്നു. ഈ സിനിമയിൽ ഒരു ഉപകാരം ചെയ്തു അത് കുരിശാകുന്ന അവസ്ഥയിലാണ് നായകൻ. ഒരു ഘട്ടത്തിൽ നെഗറ്റീവ് എന്ന് തോന്നിക്കുന്ന കഥാപാത്രങ്ങൾക്ക് യാതൊരു വിധ എക്‌സ്‌പോസിഷനും നൽകിയിട്ടില്ല.

സിനിമയിൽ ഏറ്റവും ബോർ ആയി തോന്നിയത് കോടതി മുറി വാദങ്ങൾ ആണ്. പ്രേക്ഷകനെ ഇത്രയും പൊട്ടന്മാർ ആക്കിയതിൽ പിഷാരടി മാപ്പർഹിക്കുന്നില്ല. കേസ് ജയിക്കുന്ന നായകൻ ആണ് സിനിമയുടെ പ്രധാന ഭാഗം. ഇവിടെ വാദവും വിസ്താരവും കണ്ടാൽ ഈ വർഷം ഇറങ്ങിയ ഏറ്റവും നല്ല ദുരന്തം ആണ് സിനിമ. ഈ സിനിമ കണ്ടവർ പിഷാരടിക്ക് എതിരെ വല്ല കേസും കൊടുത്തെങ്കിൽ യഥാർത്ഥ കോടതി പിഷാരടി കാണാൻ ഇട വന്നേനെ.

സിനിമയിൽ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ, അവർക്ക് നൽകിയ സംഭാഷങ്ങൾ എന്നിവയൊക്കെ ശോകം ആയിരുന്നു. നായകനു വേണ്ടി ശ്യാമപ്രസാദ് എന്നയാൾ ഫൈറ്റ് ചെയ്യുന്നത് വെച്ചു നോക്കുമ്പോൾ അതൊക്കെ നിസ്സാരം! നൂല് പൊട്ടിയ പട്ടം പോലെ പോകുന്ന കഥയ്ക്ക് ക്ലൈമാക്സ് നൽകുന്ന ക്ഷീണം ചില്ലറയല്ല. ഒരു ഓഞ്ഞ ട്വിസ്റ്റ്‌ നൽകി ഓട്ട അടക്കാൻ നോക്കുന്ന സംവിധായന്റെ ശ്രമം അവിടെ കാണാം.

സിനിമയുടെ പേസിങ് ആണ് മറ്റൊരു പോരായ്മ. എൻഗേജിങ് ആയി കഥ പറയാൻ പലയിടത്തും പരാജയപ്പെടുന്നതിനാൽ ചിലയിടങ്ങളിൽ കട്ട ലാഗ് തോന്നുന്നുണ്ട്. ആർക്കോ വേണ്ടി എന്നത് പോലെയുള്ള മമ്മുട്ടിയുടെ അഭിനയവും കൂടി ആകുമ്പോൾ അസഹനീയമാകുന്നുണ്ട് സിനിമ.

🔥Engaging Factor – കൃത്യമായ ഒരു പേസിങ് ഇല്ല സിനിമയിൽ. അതിനാൽ തന്നെ ലാഗിംഗ് ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്.

🔥Last Word – തീർത്തും അപക്വമായ ഒരു സംവിധാനം ആണ് സിനിമയുടേത്. പ്രേക്ഷകനെ ഇത്രയും വിലകുറച്ചു കാണുന്ന സിനിമകൾ തള്ളിക്കളയേണ്ടത് തന്നെയാണ്. സാധാരണ ബോറൻ സിനിമകളിൽ മമ്മുട്ടി നന്നായിരിക്കും. ഇവിടെ അതുമില്ല. മനസ്സറിഞ്ഞു ഒന്ന് ചിരിക്കാനുള്ള നര്മരംഗം പോലും ഇല്ലാത്ത എൺപതുകളിൽ വരേണ്ട കഥയുമായി വരുന്ന ഈ ഗന്ധർവ്വൻ ഈ വർഷത്തെ ഒരു ദുരന്തം ആയെ എനിക്ക് തോന്നിയുള്ളൂ…

🔥Verdict – Avoidable