ലിജോയുടെ ജെല്ലിക്കെട്ട് തുടങ്ങുന്നത് തന്നെ കണ്ണിനും കാതിനും കുളിർമ നൽകുന്ന പ്രകൃതിയിൽ നിന്നാണ്. ഒരു ഘടികാരത്തിന്റെ സൂചിയുടെ ശബ്ദത്തിൽ നിന്നും ഗ്രാമത്തിലുള്ളവരുടെ കണ്ണുകൾ തുറക്കുന്നത് കാണിക്കുന്നതും അവരുടെ ദിനചര്യയും ഒരു ഡയരക്ടർ ടച് എന്ന് തന്നെ പറയാം.

മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം ആദ്യ ഒന്ന് രണ്ടു ഫ്രെയിലിൽ തന്നേ കാണിക്കുന്നത് രസകരമായാണ്. അറവുശാലയിൽ നിന്നുള്ള മാംസം എവിടെ വരെ എത്തുന്നു എന്നത് നമുക്ക് കാണാം. അതിൽ ദേവാലയം മുതൽ കള്ളുഷാപ്പ് വരെയുണ്ട്. പള്ളിലച്ചൻ മുതൽ മാംസം നിഷിദ്ധം എന്ന് പുറമെ ഭാവിക്കുന്നവർ വരെ! കാലൻ വർക്കിയുടെ അറവുശാലയാണ് ആ ഗ്രാമത്തിൽ മാംസം എത്തിക്കുന്നത്. അതിനായി കൊണ്ടുവന്ന ഒരു പോത്ത് ഓടി രക്ഷപെട്ടു ഗ്രാമത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുമ്പോൾ അതിനെ പിടിക്കാനായുള്ള യഥാർത്ഥ മൃഗങ്ങളുടെ പോരാട്ടമാണ് ജെല്ലിക്കെട്ട്.

🔺️The Good – സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ അതിഗംഭീരം ആണ്. ഓരോ ഷോട്ടും എടുത്തു പറയാം. തുടക്കത്തിൽ പുലർച്ചെയുള്ള ചീവീടുകളുടെ ശബ്ദവും നീലാകാശവും അതിലെ ചുവന്ന നിറമുള്ള മേഘങ്ങളും മറ്റും കാണിക്കുന്ന ഷോട്ട് മുതൽ സംവിധായകന്റെ സ്ഥിരം ഒറ്റ ലോങ്ങ്‌ ഷോട്ട് വരെ സിനിമയുടെ ടെക്നിക്കൽ സൈഡ് ഇമ്പ്രെസീവ് ആണ്. പോത്ത് ഓടുന്ന സീനുകളൊക്കെ ഗിരീഷ് ഗംഗാധർ എത്ര മാത്രം ഓടിനടന്നു ആയിരിക്കും ഷൂട്ട് ചെയ്തു കാണുക? He deserves an applause!

യഥാർത്ഥ മൃഗം മനുഷ്യൻ ആണെന്നുള്ള സത്യവും കീഴ്പ്പെടുത്തിയത് താൻ ആണെന്നുള്ള അവകാശത്തിനായി, അല്ലേൽ തന്നെക്കാൾ വലുതായി മറ്റൊന്നുമില്ല എന്നാ അഹം മനുഷ്യനിൽ വരുത്തുന്ന മാറ്റങ്ങൾ ഡീറ്റൈൽ ആയി കാണിക്കുന്നുണ്ട്. സാബുമോൻ അവതരിപ്പിച്ച കഥാപാത്രം അവസാന സീനുകളിൽ പെരുമാറുന്ന വിധം ഒക്കെ കൃത്യമായ എക്‌സ്‌പോസിഷൻ ആണ്.

അഭിനേതാക്കളിൽ ജാഫർ ഇടുക്കി തന്റെ ആദ്യസീനിൽ തന്നെ ഒരു വലിയ സിംഗിൾ ഷോട്ട് മനോഹരമാക്കുന്നതും ചെമ്പൻ വിനോദ് നാറി എന്ന വിളി മാത്രമായി ഇടയ്ക്കു വന്നുപോകുന്നതും ആന്റണി വർഗീസ് സമൂഹത്തിൽ അത്ര നാൾ അനുഭവിച്ച അവഗണനയ്ക്ക് ഈ പോത്തിനെ പിടിച്ചു കെട്ടി പരിഗണന നേടണം എന്ന ചിന്തയോടൊപ്പം ദുരൂഹമായ ഒരു മാനറിസവും കാഴ്ച വെയ്ക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് പ്രധാന ക്യാരക്ടറുകൾ എല്ലാം അവരുടെ സിഗ്നേച്ചർ നൽകുന്നുണ്ട്.

വളരെ തിൻ ആയ ഒരു കഥയിൽ പറഞ്ഞു പോകുന്ന ഡീറ്റൈലിംഗ് എല്ലാം സംവിധായകന്റെ മിടുക്കാണ്. പ്രകൃതിയിലെ എല്ലാ മനോഹരമായ ഫ്രെയിമുകളും ഇതിൽ ഉണ്ടോയെന്ന സംശയമാണ് സിനിമ നൽകുക. മനുഷ്യനിലേ പൈശാചികത ഉണർത്തുന്ന ഭീകരത അവസാനം ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ലിജോയെ പറ്റി ഓർത്തു അഭിമാനിക്കാം. അത്രമേൽ ഭംഗി ആക്കിയിട്ടുണ്ട് ക്ലൈമാക്സ്.

🔻The Bad – ഒരു ചുംബനത്തിൽ അടിയറവ് പറയുന്ന സ്ത്രീകഥാപാത്രം എത്ര കാലം കഴിഞ്ഞാലും മാറില്ല എന്ന് ലിജോ വരെ തെളിയിക്കുന്നു. ആ സീനിൽ ഉള്ള നായികയുടെ അഭിനയം ഇതൊരു ലിജോ സിനിമ തന്നെ ആണോ എന്ന് സംശയിപ്പിക്കും. സിനിമയുടെ പൊളിറ്റിക്കൽ സൈഡ് എന്തോ ആയിക്കോട്ടെ, ആ സീൻ പരമബോർ ആയിരുന്നു. അതേപോലെ അസഹനീയ അഭിനയം കാഴ്ച വെയ്ക്കുന്ന ഒരുപിടി താരങ്ങൾ വേറെയുമുണ്ട്. അങ്കമാലി എടുത്ത ലിജോയുടെ സിനിമയിൽ ഇങ്ങനെ വരുന്നത് ഒരു വലിയ ന്യൂനത ആണ്.

പ്ലോട്ട് ഡെവലൊപ്മെന്റ് അത്രമേൽ ഇമ്പാക്റ്റ് ഉണ്ടാക്കുന്നില്ല. ഒരു ഘട്ടത്തിൽ കഴിഞ്ഞു എന്ന് തോന്നിക്കുന്ന പ്ലോട്ട് വീണ്ടും കിണറ്റിൽ നിന്നും വലിച്ചു നീട്ടുകയാണ്. ഒന്നര മണിക്കൂറിൽ പോലും ഒതുക്കാനുള്ള വക സിനിമയിലില്ല. അത്രമേൽ ഭംഗിയായി ഒരുക്കിയ ക്ലൈമാക്സിനു ശേഷം എന്താണ് നടന്നത് എന്ന് ഒരു സാധാരണ പ്രേക്ഷകന് സംശയം തോന്നാം. അതിനായി ഒരു ഡീറ്റൈലിംഗ് സീൻ നൽകിയാണ് സിനിമ അവസാനിക്കുന്നത്. പക്ഷെ അതും തൃപ്തികരമല്ല, ഒന്നുകിൽ സ്പൂൺ ഫീഡ് ചെയ്യാതെ ഇരിക്കുക. അല്ലേൽ വ്യക്തമാക്കുക. ഈയൊരു കാരണം കൊണ്ട് തന്നെ ക്ലൈമാക്സിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് കഥ വായിക്കാത്ത പ്രേക്ഷകർക്ക് ഒരുപക്ഷെ പിടികിട്ടില്ല.

🔺️Engaging Factor – ഒന്നര മണിക്കൂറിൽ ഒതുങ്ങിയ സിനിമയിൽ ടെക്നിക്കൽ സൈഡ് നമ്മെ പിടിച്ചിരുത്തുന്ന സംഗതിയാണ്. അതിനാൽ ലാഗ് ഉണ്ടാകില്ല.

🔻Last Word – നല്ല ടെക്നിക്കൽ ക്വാളിറ്റി ഉള്ള സിനിമ. കുറെയധികം സിംബോളിസവും മറ്റുമായി നല്ല തിയേറ്റർ എക്സ്പീരിയൻസ് നൽകും എന്നത് തീർച്ച. ഒരു നോവൽ ഫീൽ നൽകുന്നു എന്നതാണ് പോസിറ്റീവും നെഗറ്റീവും. റഹ്മാൻ ഗാനങ്ങൾ പോലെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടെണ്ട ഒന്നാണോ ലിജോ സിനിമകൾ എന്ന് സ്വയം ചോദിക്കുക. മലയാള സിനിമ ജെല്ലിക്കെട്ടിനു ശേഷം എന്നൊക്കെ അറിയപ്പെടും എന്ന് ശരിക്കും തോന്നുമോ എന്നും വിലയിരുത്തുക.

🔺️Verdict – Above Average