തന്റെ സിനിമയിൽ ശക്തമായ രാഷ്ട്രീയം പറയണം എന്നുള്ളത് സംവിധായകന്റെ ആഗ്രഹം ആണെങ്കിൽ അതിനാൽ സ്ക്രീൻപ്ലേയ് എഴുതി അതിൽ രാഷ്ട്രീയം മുഴച്ചു നിൽക്കുന്നതായി തോന്നിപ്പിക്കുക പാ. രഞ്ജിത്തിന്റെ കഴിഞ്ഞ രണ്ടു സിനിമകളിൽ വ്യക്തമാണ്. അത്തരം സിനിമകളുടെ ഫാനല്ല ഞാൻ. സംവിധാകന്റെ രാഷ്ട്രീയം പ്രേക്ഷകനിൽ അടിച്ചേൽപ്പിക്കുന്നതായി തോന്നരുത്. സിനിമ കണ്ടു അതിൽ ശക്തമായ രാഷ്ട്രീയമുണ്ടെന്ന് പ്രേക്ഷകന് തോന്നണം. അതിൽ എല്ലായ്പോഴും വിജയിക്കുന്ന സംവിധായകൻ ആണ് വെട്രിമാരൻ. പറയാനുള്ളത് തന്റെ കഥയിലൂടെ, കഥാപാത്രങ്ങളിലൂടെ, യാതൊരു കൃത്രിമത്വവും ഇല്ലാതെ പറഞ്ഞു വിജയിക്കുന്നവൻ. അസുരൻ ഒരു കൾട്ട് ക്ലാസിക് ആയി വാഴ്ത്തപ്പെടും എന്നല്ല, കൾട്ട് ക്ലാസ്സിക്കുകളിൽ അസുരൻ എന്ന സിനിമയുടെ സ്വാധീനം ഇനി കാണാൻ കഴിയും. തേവർ മകൻ തുടങ്ങി വെച്ച ലെഗസി ഇനിയും തുടരും. ഒരുപക്ഷെ അതിലും ശക്തമായി….കഥയുടെ POV എത്രത്തോളം സാധാരണക്കാരിൽ നിന്നും ആകുന്നുവോ അത്രയും ശക്തമായി തന്നെ..

⚡️The Good – വെട്രിമാരന്റെ തിരക്കഥയുടെ രാഷ്ട്രീയം കാലികപ്രസക്തിയുള്ളതാണ്. മണ്ണും പൊന്നും നമ്മളിൽ നിന്ന് അപഹരിച്ചാലും വിദ്യാഭ്യാസം നമ്മളിൽ തന്നെ നിലനിൽക്കും എന്ന കാര്യം പറഞ്ഞവസാനിപ്പിക്കുന്ന സിനിമ അഭിനേതാക്കളുടേ മികച്ച പ്രകടനം കൊണ്ട് സമ്പന്നമാണ്.

വാർദ്ധക്യത്തിലേക്ക് നീങ്ങുന്ന ഒരു കഥാനായകൻ ആയി ധനുഷ് എത്തുമ്പോൾ തന്നെ ആദ്യത്തെ സീനുകളിൽ ഒരു അമ്പരപ്പ് തോന്നും. ഭൂമിയോളം ക്ഷമിക്കുന്ന ശിവ സാമി ഒരു പ്രതീകമാണ്. ജന്മികൾ ഈകാലത്തും ഭൂമിക്ക് വേണ്ടി അടിച്ചമർത്തുമ്പോൾ അതിനായി പ്രതികരിക്കുന്നവർക്ക് കൊടുക്കേണ്ടി വരുന്ന വില വലുതാണ്. കുടിപ്പക എന്നത് രണ്ടു കുടുംബങ്ങളിൽ തുടങ്ങി ഗ്രാമങ്ങളിലേക്ക് വളരുന്നത് എത്ര പെട്ടെന്ന് ആണെന്ന് കണ്ടറിയാം.

സൈലെൻസ് എന്നത് പോലും ഉച്ചത്തിൽ പറയേണ്ടി വരുന്ന ഈ ലോകത്ത് സമാധാനത്തിനായി വാളെടുക്കണം എന്ന ചിന്ത എത്രത്തോളം അപകടം ഉണ്ടാകുമെന്നത് ശിവസാമിയുടെ കുടുംബം നമുക്ക് പറഞ്ഞു തരുന്നു. രണ്ടു കാലഘട്ടങ്ങളിലായുള്ള ധനുഷുന്റെ പ്രകടനം അതിഗംഭീരം ആയിരുന്നു. ബോഡി ലാംഗ്വേജ് ഒക്കെ പക്കാ.. ധനുഷിന്റെ മക്കളായി അഭിനയിച്ച രണ്ടു പേരും നിറഞ്ഞ കയ്യടി അർഹിക്കുന്നുണ്ട്. ഇളയ പയ്യന്റെ പ്രകടനം ധനുഷിനോളപ്പം തന്നെ എടുത്തു പറയേണ്ടതാണ്.

തന്റെ അരങ്ങേറ്റചിത്രം അതിമനോഹരമാക്കിയ ആളാണ്‌ മഞ്ജു വാര്യർ. സ്വന്തം ശബ്ദം പോലെ തോന്നി. ആണെങ്കിൽ അതിനു പ്രത്യേകം കയ്യടി. അനായാസമായി ഒരു തമിഴ് ഗ്രാമീണ സ്ത്രീയുടെ സങ്കടവും പ്രതികാരവും സ്‌ക്രീനിൽ അവതരിപ്പിക്കുന്നു. പശുപതിയുടെ കഥാപാത്രം സ്ഥിരം സിനിമകളിൽ കാണുന്നവ ആണെങ്കിലും അതിനു ഒരു ഡയമെൻഷൻ കൊണ്ടുവരാൻ പശുപതിയ്ക്ക് ആയിട്ടുണ്ട്.

സിനിമയുടെ സെക്കൻഡ് ആക്ടിൽ വരുന്ന കഥയിൽ അവഗണന നിറഞ്ഞ സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് ശക്തമായ രാഷ്ട്രീയം കൊണ്ട് മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഒരുകാലത്തു ചെരുപ്പ് ഇടാൻ പോലും സ്വാതന്ത്രം ഇല്ലാതിരുന്ന ജനതയെ പറ്റി സിനിമ എന്ന മീഡിയത്തിലൂടെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് വളരെ നല്ലതാണ്. തുല്യത ഒരു മിത്ത് ആണെന്ന് കരുതുന്ന ഈ ലോകത്ത് ഇതുപോലുള്ളവയെ അംഗീകരിക്കപ്പെടണം.

സിനിമയുടെ ഛായാഗ്രഹണം, പശ്ചാത്തല സംഗീതം എന്നിവ ഗംഭീരം! Blood Bath എന്ന പാട്ടിന്റെ പോർഷൻ സിനിമയിൽ വരുന്ന സീനുകൾ നിലയ്ക്കാത്ത കയ്യടി സമ്മാനിക്കും. GVP യുടെ ഇമ്മാതിരി വർക്കുകൾ മിസ്സ്‌ ചെയ്തവർക്കുള്ള ട്രീറ്റ്‌ ആണ് അസുരൻ.

ഓവർ വയലൻസ് പോലും ആസ്വാദ്യകരമാകുന്ന അനുഭവം ആണ് അസുരൻ. നായകന്റെ ചെയ്തികൾ ഒരിടത്തും ന്യായീകരിക്കപ്പെടുന്നില്ല. അവസാനം നടന്നു നീങ്ങുന്ന ശിവസാമിയുടെ മുഖത്ത് വിരിയുന്ന ചിരി കാണുമ്പോൾ തേവർ മകൻ ക്ലൈമാക്സ് ഓർമ വരുന്നത് സ്വാഭാവികം ആണ്. വളരെ തൃപ്തികരമായ ഒരു ക്ലൈമാക്സ്. ആ തരിപ്പ് മാറാൻ സമയമെടുത്തേക്കാം.

⚡️The Bad – പതുക്കെ പതുക്കെ എരിഞ്ഞു തുടങ്ങുന്ന ആദ്യപകുതിക്ക് എനർജറ്റിക് ആയ ഒരു ഇടവേള വരുന്നു. തുടർന്നുള്ള ഫ്‌ളാഷ്ബാക്ക് സീനുകൾ ഫസ്റ്റ് ഹാഫിന്റെ പേസ് കുറക്കുന്നതായി തോന്നാം. പക്ഷെ ആ കുറവ് പിന്നീട് നാം തന്നെ വിസ്മരിക്കും.

⚡️Engaging Factor – അസുരൻ ഒരിടത്തും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. അനാവശ്യമായി ഒരു സീൻ പോലും ഇല്ല.

⚡️Last Word – ക്ലാസ്സ്‌ ആയ, എന്നാൽ മാസ് സീനുകൾ നിറഞ്ഞ നല്ലൊരു സിനിമ. ലിപ് സിങ്കിങ് ഇടയ്ക്കിടെ പാളുന്നു എന്നതൊഴിച്ചാൽ സകല ഡിപ്പാർട്മെന്റും ഗംഭീരമായ ഒരു സിനിമ. കാലിക പ്രസക്തമായ ഒരുപാട് വിഷയങ്ങൾ മുഴച്ചു നിൽക്കാതെ പറയുന്ന ഈ സിനിമ ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നാണ്.

⚡️Verdict – Very Good