സിനിമയുടെ ഇന്റർവെൽ പോയിന്റ് കഥയുമായി സിങ്ക് ആകുന്ന ഒന്നാകണം. അന്യന്റെ ഇന്റർവെൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ്. എറണാകുളം ഷേണായിസ് തിയേറ്ററിൽ ആ ഇടവേള നേരത്ത് ഉണ്ടായ തരിപ്പും അത്ഭുതവും പറഞ്ഞറിയിക്കാൻ ആകില്ല. പിന്നെ ഓർമയുള്ള ഇടവേള മുദ്ദ്ഗൗ എന്ന സിനിമയുടെ ആണ്. അത്രമേൽ ചിരിച്ച ഒരു ഇടവേള പോയിന്റ് വേറെ ഉണ്ടായിട്ടില്ല. തിയേറ്ററിലെ എല്ലാവരും ചിരി നിർത്താൻ പാട് പെട്ടത് ഇടവേളയിലെ വെളിച്ചം മുഖത്ത് വീണപ്പോൾ ആയിരുന്നു.

കമലിനെ പോലൊരു സംവിധായകൻ ഒരുപാട് പ്രണയചിത്രങ്ങൾ സമ്മാനിച്ചതാണ്. ആ അനുഭവം അവിടെ നിൽക്കട്ടെ, ഈ സിനിമയുടെ ഇടവേള എന്നത് നായകൻ വെള്ളത്തിനടിയിൽ വെച്ചു നിർബന്ധപൂർവം നായികയെ ചുംബിക്കുന്നതാണ്.അക്ഷരാർത്ഥത്തിൽ ഈവ് ടീസിംഗ്! ആ ചുംബനത്തിന്റെ നടുക്ക് ഇന്റർവെൽ എന്നെഴുതി എന്ത് ആകാംക്ഷ ആണാവോ നൽകിയത്? പഴയ പുലികൾ ന്യൂ ജെൻ സിനിമ എന്നാ പേരിൽ കാണിക്കുന്നത് കാണുമ്പോൾ സങ്കടം വരും. പണ്ട് ഫാസിൽ ഇതുപോലെ ഒന്ന് ലിവിങ് ടുഗതർ എന്നാ പേരിൽ ഇറക്കിയപ്പോൾ എറണാകുളം സംഗീതയിൽ നിന്നും ഇടവേളയ്ക്ക് ഇറങ്ങി ഓടിയതാണ്.

⚡️The Good – ഒരു ഓഞ്ഞ ലവ് സ്റ്റോറി എന്ന നിലയിൽ നമ്മുടെ ക്ഷമ പരീക്ഷിച്ചു കൊണ്ട് പോകുമ്പോൾ രണ്ടാം പകുതിയിൽ ഒരു നല്ല വഴിത്തിരിവ് വരുന്നുണ്ട്. പ്രതീക്ഷിക്കാത്ത ഒന്ന്! അത് കൊള്ളാം.. അതുകൊണ്ട് പിന്നീടുള്ള കഥയുടെ പോക്കിന് ഗുണം ഒന്നും കണ്ടില്ല. പക്ഷെ കൊള്ളാം.. വിനായകൻ ഇടയ്ക്കിടെ ഓവറായ പോലെ നടിച്ചാലും പിന്നെ നന്നാകുന്നുണ്ട്. ഒരേ ഭാവം സിനിമയിൽ മുഴുവൻ ആണെങ്കിലും വലിയ പ്രശ്നം തോന്നിയില്ല. നായിക കൊള്ളാം… ഈ സിനിമയിൽ ആകെ ആത്മാർത്ഥത ഉള്ളതായി തോന്നിയത് നായികയ്ക്കാണ്.

⚡️The Bad – ഗസൽ ഒക്കെ ഇറക്കിയപ്പോൾ അന്ന് തന്നെ എഴുതിയ കഥ ആകണം. അത്രയ്ക്ക് പഴകിയ കഥയിൽ പഴയ അവതരണം കൂടി ആയപ്പോൾ അസഹനീയം ആയെന്നു പറയാതെ വയ്യ. മലയാളസിനിമയുടെ ചരിത്രത്തിൽ ഇത്രയും വെറുപ്പിച്ച ഒരു നായകൻ ഉണ്ടാകില്ല. നായകന്റെ മാനറിസം തന്നെ കണ്ടിരിക്കാൻ പ്രയാസം ആണ്. കൊക്കയിൽ വീഴാൻ പോകുന്ന ടിയാനെ ഫയർ ഫോഴ്‌സ് വന്നു രക്ഷപ്പെടുത്തിയ ഉടൻ ഉള്ള നായകന്റെ സെൽഫി നോക്കലും എല്ലായിടത്തും അനാവശ്യമായി ഉള്ള ലാലേട്ടൻ ഫാൻ റെഫറൻസും സഹിച്ചിരിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. ചിലപ്പോൾ ലാലേട്ടന്റെ ഹാർഡ്കോർ ഫാൻസ്‌ ഇങ്ങനെ ആകും എന്നുള്ള കമൽ ബ്രില്ലിയൻസും ആകാം.

പ്രധാന നടന്റെ അഭിനയം ദയനീയമായി തോന്നുന്നതിനാൽ തന്നെ പ്രധാന രംഗങ്ങൾക്കൊന്നും യാതൊരു ഫീലും നൽകുവാൻ കഴിയുന്നില്ല. നായിക ആയുള്ള കെമിസ്ട്രി പോലും വർക്ക്‌ ഔട്ട് ആകുന്നില്ല. അല്ല, ഈ സിനിമയിൽ നായികയ്ക്ക് എന്ത് കൊണ്ട് നായകനെ ഇഷ്ടമാകുന്നു എന്ന രഹസ്യം സേതുരാമയ്യർ അന്വേഷിക്കണം. നായകൻ മൊഞ്ചു കണ്ടിട്ടാണ് എന്ന് സത്യസന്ധമായി പറയുന്നതിനാൽ കണ്ടിരിക്കുന്നവർക്ക് ക്ലിക്ക് ആയി.

ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധീഷ് എന്നിവരെയൊക്കെ നന്നായി ഉപയോഗിക്കാൻ കമലിന് കഴിഞ്ഞിട്ടില്ല. സിനിമയുടെ ക്ലൈമാക്സിൽ സ്രാവ് വരുന്നതൊക്കെ എന്തിനാണെന്ന് കഥ എഴുതിയ ആൾക്ക് പോലും അറിവുണ്ടാകില്ല. അതുവരെ വലിച്ചു നീട്ടി ഒരു പരുവം ആക്കി ക്ലൈമാക്സ് ധൃതി പിടിച്ചു തട്ടിക്കൂട്ടിയ പോലെ തോന്നി. അതിനാൽ തന്നെ ഒരു വിധത്തിലും തൃപ്തി നൽകുന്നില്ല ഈ സിനിമ.

⚡️Engaging Factor – നായകൻ ഇല്ലാത്ത സീനുകൾ ഉണ്ടെങ്കിൽ അതെല്ലാം കൊള്ളാം. ഒരു ഫ്രെയിമിൽ പോലും ടിയാൻ ഉണ്ടെങ്കിൽ കുളമാക്കിയിരിക്കും. വിശ്വാസം ഇല്ലാത്തവർക്ക് സിനിമ കണ്ടു നേരിട്ട് അനുഭവിക്കാം.

⚡️Last Word – ലക്ഷദ്വീപിന്റെ മനോഹാരിത ഉണ്ടാകും എന്ന് കരുതുന്ന പ്രേക്ഷകരെ പോലും തൃപ്തിപ്പെടുത്താൻ ഈ സിനിമയ്ക്ക് കഴിയും എന്ന് തോന്നുന്നില്ല. ഡിജിറ്റൽ റിലീസ് ആയാൽ പോലും സമയനഷ്ടം എന്ന് പറയാവുന്ന ഒന്ന്.

⚡️Verdict – Avoidable